ന്യൂഡൽഹി: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഡിവില്ലിയേഴ്സിന് ഹൃദയം തൊടുന്ന കുറിപ്പുമായി വിരാട് കോഹ്ലി. ഇത് തന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു എന്നാണ് കോഹ് ലി ട്വിറ്ററിൽ കുറിച്ചത്.ഇത് എന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു. എന്നാൽ നിനക്കും നിന്റെ കുടുംബത്തിനും ഉചിതമായ തീരുമാനമാണ് നിങ്ങൾ എന്നും സ്വീകരിക്കുന്നത്. ഇപ്പോഴും അങ്ങനെ തന്നെ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, കോഹ് ലി പറഞ്ഞു.

നമ്മുടെ കാലത്തെ ഏറ്റവും മികച്ച കളിക്കാരനും ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും പ്രചോദനം നൽകുന്ന മനുഷ്യനുമായ ഡിവില്ലിയേഴ്സിന്, നിങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞതെല്ലാം ഓർത്ത് നിങ്ങൾക്ക് ഏറെ അഭിമാനിക്കാം. കളിക്കും അപ്പുറത്താണ് നമ്മുടെ ബന്ധം. അതെപ്പോഴും അങ്ങനെ തന്നെ ആയിരിക്കും, കോഹ്ലി ട്വിറ്റിൽ കുറിച്ചു.


10 സീസണുകളാണ് ഡിവില്ലിയേഴ്സ് ബാംഗ്ലൂരിന് ഒപ്പം കളിച്ചത്. കോഹ് ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ഡിവില്ലിയേഴ്സ് ടീമിനോട് വിടപറഞ്ഞത് എന്ന പ്രത്യേകതയുമുണ്ട്. നേരത്തെ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ച ഡി വില്ലിയേഴ്സ് ലോകത്തിന്റെ പല ഭാഗങ്ങളിൽ ലീഗ് മത്സരങ്ങൾ കളിച്ചിരുന്നു. എന്നാൽ വരുന്ന ഐപിഎൽ സീസണിൽ ഉൾപ്പെടെ ഇനി ഡിവില്ലിയേഴ്സിന്റെ 360 ഡിഗ്രി ബാറ്റിങ് കാണാനാവില്ല.

ഇതൊരു അതിശയിപ്പിക്കുന്ന യാത്രയായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിക്കുകയാണ്. വീട്ടുമുറ്റത്ത് സഹോദരങ്ങൾക്കൊപ്പം തുടങ്ങിയത് മുതൽ ആസ്വദിച്ചാണ അനിയന്ത്രിതമായ ആവേശത്തോടെ ഞാൻ ക്രിക്കറ്റ് കളിച്ചത്. ഇപ്പോൾ 37ാമത്തെ വയസിൽ എന്റെ ഉള്ളിലെ ആ തീയ്ക്ക് അത്ര ശോഭയില്ല, വിരമിക്കൽ പ്രഖ്യാപനം അറിയിച്ച് ഡിവില്ലിയേഴ്സ് പറഞ്ഞു.