മുംബൈ: അനുഷ്‌ക ശർമ്മയും വിരാട് കോലിയും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചു എന്ന വാർത്ത പുറത്തുവന്നത് അടുത്തിടയ്ക്കാണ്. ഒരു പ്രമുഖ പത്രം തന്നെയാണ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇക്കാര്യം ശരിവച്ച് രംഗത്തെത്തിയിരിക്കയാണ് ഇപ്പോൾ കോലിയുടെ അടുത്ത സുഹൃത്തുക്കൾ. ബന്ധം പിരിയാനുള്ള കാരണം അനുഷ്‌ക ഒരു കൺട്രോളിങ് ഗേൾഫ്രണ്ട് ആയതു കൊണ്ടാണെന്നും ഇവരുടെ സുഹൃത്തുക്കൾ പറയുന്നു.

അനുഷ്‌ക തന്നെ ആവശ്യമില്ലാതെ നിയന്ത്രിക്കാൻ വരുന്നു എന്നും വിരാട് പരാതി പറഞ്ഞിരുന്നു. ശ്രീലങ്കക്കെതിരെയുള്ള ട്വന്റി20 മത്സരത്തിൽ നിന്ന് താരം വിട്ട് നിൽക്കുകയാണ്. അനുഷ്‌കയ്‌ക്കൊപ്പം വാലന്റൈൻസ് ഡേ ആഘോഷിക്കാനായിരുന്നു പദ്ധതി. എന്നാൽ സൽമാൻ ഖാൻ നായകനാകുന്ന സുൽത്താന്റെ ചിത്രീകരണത്തിനായി ആ ദിവസം എത്തുമെന്ന് അനുഷ്‌ക ഉറപ്പും നൽകി. ഇക്കാര്യങ്ങളൊന്നും വിരാട് അറിഞ്ഞിരുന്നില്ല.

അനുഷ്‌കയെ വിവാഹം ചെയ്യാൻ വിരാടിന് താൽപര്യമായിരുന്നു. ഇക്കാര്യം അനുഷ്‌കയുടെ പിതാവിനോട് സംസാരിക്കുകയും ചെയ്തതാണ്. എന്നാൽ 2017 വരെ കാത്തിരിക്കാൻ അനുഷ്‌ക കോഹ്‌ലിയോട് ആവശ്യപ്പെട്ടതായും പറയുന്നുണ്ട്. ഒരു നടി എന്നതിലുപരി ഒരു സംവിധായിക എന്ന നിലയിലേക്ക് എത്തണം എന്നാണ് അനുഷ്‌കയുടെ ആഗ്രഹം. എന്നാൽ കോലി ഇതിന് അനുകൂലമായ മറുപടി അല്ല നൽകിയതെന്നും അതുകൊണ്ടാണ് ഇരുവരും പിരിയാൻ തീരുമാനിച്ചതെന്നുമാണ് വാർത്തകൾ.

ഇരുവരും പിരിഞ്ഞുവെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെ വിരാട് കോഹ്ലിയുടെ ആദ്യ പ്രതികരണം ഹേർട്ട് ബ്രോക്കൺ എന്നായിരുന്നു എന്ന വിധത്തിലും വാർത്തകൾ പുറത്തുവരുന്നുണ്ട്. ഫോട്ടോ ഷെയറിങ് ആപ്പായ ഇൻസ്റ്റഗ്രാമിൽ ഒരു സെൽഫി പോസ്റ്റ് ചെയ്താണ് വിരാട് ഇങ്ങനെ കുറിച്ചത്. എന്നാൽ ഉടൻ തന്നെ താരം അത് ഡിലീറ്റ് ചെയ്ത് ആ സെൽഫി വീണ്ടും പോസറ്റ് ചെയ്തു. അതിനടിയിൽ ഇങ്ങനെ കുറിക്കുകയും ചെയ്തു.

ക്ഷമിക്കണം സുഹൃത്തുക്കളെ ആ ഫോട്ടോ ഡിലീറ്റ് ചെയ്തപ്പോൾ എന്തോ തെറ്റ് ചെയ്തതായി എനിക്ക് അനുഭവപ്പെട്ടു. ഞാൻ റീപോസ്റ്റ് ചെയ്യുന്നു. വിരാട് കോഹ്ലിയും അനുഷ്‌ക ശർമ്മയും പിരിഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ ഇന്നാണ് സ്ഥിരീകരിച്ചത്. നേരത്തെ കോഹ്‌ലി തന്നെ അനുഷ്‌കയുടെ ട്വിറ്റർ അക്കൗണ്ടും ഇൻസ്റ്റഗ്രാം അക്കൗണ്ടും അൺഫോളോ ചെയ്തിരുന്നു.

കോഹ്ലി് ആദ്യം ഇക്കാര്യത്തിൽ വളരെ നിരാശനായിരുന്നെന്നും തിങ്കളാഴ്‌ച്ച നടന്ന പാർട്ടിയിൽ താരം അതെല്ലാം മറന്ന് സന്തോഷവനായാണ് കാണപ്പെട്ടതെന്നും അടുത്തവൃത്തങ്ങൾ പറയുന്നു. മാത്രമല്ല പാർട്ടിക്കിടയിൽ 'താൻ സിംഗിൾ ആണ്, വരൂ നൃത്തം ചെയ്യൂ' എന്നു വിരാട് പറയുന്നുണ്ടായിരുന്നത്രേ. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇവരുടേത്. കോഹ്ലിയുൾപ്പെട്ട ക്രിക്കറ്റ് മൽസരങ്ങൾക്ക് നിറം പകർന്നിരുന്നത് അനുഷ്‌കയുടെ സാന്നിധ്യമായിരുന്നു. കഴിഞ്ഞ ദിവസം ബോളിവുഡിലെ സൂപ്പർജോഡികളായ രൺബീറും കത്രീനയും പിരിഞ്ഞതും വലിയ വാർത്തയായിരുന്നു.