ബംഗലൂരു: വിരാട് കോഹ്ലി- അനുഷ്‌ക ശർമ്മ പ്രണയബന്ധത്തെ കുറിച്ച് നിരവധി വാർത്തകൾ പ്രചരിച്ച വർഷമാണ് കടന്നു പോകുന്നത്. ഇരുവരുടേയും പ്രണയബന്ധത്തിലെ വിള്ളലുകളും തിരിച്ചുവരവുകളും വാർത്താ തലക്കെട്ടുകളായി. ഈ പുതുവർഷ ദിനത്തിൽ ഒന്നിക്കാനാണ് പ്രണയജോഡികൾ ഒരുങ്ങുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

പുതുവത്സരദിനത്തിൽ ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങ് ഉണ്ടാകുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തരാഖണ്ഡിലെ നരേന്ദ്ര നഗറിലുള്ള ഹോട്ടൽ ആനന്ദയിൽ വച്ചാകും ചടങ്ങ് എന്നും വിവരമുണ്ട്. വിവാഹ വാർത്ത ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടില്ലെങ്കിലും അവരുടെ ഇൻസ്റ്റഗ്രാം പോസറ്റുകളിൽ അക്കാര്യം വെളിപ്പെടുന്നുണ്ട്. സമീപകാലത്ത് അവധി ആഘോഷിച്ചതിന്റെ പോസ്റ്റുകൾ ഇരുവരും പങ്കുവച്ചു.

അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അനുഷ്‌കയുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇതിനകം വിവാഹവേദിക്ക് സമീപത്തേക്ക് താമസം മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ കല്യാണം സംബന്ധിച്ച് താരങ്ങളുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ ഇതുവരെയുണ്ടായിട്ടില്ല.