- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വന്റി 20 ക്രിക്കറ്റിൽ 10000 റൺസ് പൂർത്തിയാക്കി വിരാട് കോലി; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം; 298 ഇന്നിങ്സുകളിൽ അഞ്ച് സെഞ്ചുറികളും 73 അർധസെഞ്ചുറികളും; ബുംറയുടെ പന്ത് സിക്സടിച്ച് 'ആഘോഷം'
ദുബായ്: ട്വന്റി 20 ക്രിക്കറ്റിൽ വീണ്ടുമൊരു റെക്കോഡ് കൂടി പേരിൽ ചേർത്ത് വിരാട് കോലി. ട്വന്റി 20 മത്സരങ്ങളിൽ 10000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോഡ് കോലി സ്വന്തമാക്കി. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലൂടെയാണ് ഇന്ത്യയുടെയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും നായകനായ കോലി ഈ നേട്ടം സ്വന്തമാക്കിയത്.
ലോകത്തിൽ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മാത്രം താരമാണ് കോലി. ക്രിസ് ഗെയ്ൽ, കീറോൺ പൊള്ളാർഡ്, ഷൊഹൈബ് മാലിക്ക്, ഡേവിഡ് വാർണർ എന്നിവരാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ആദ്യമായി ഈ നേട്ടത്തിലെത്തിയ താരം വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ലാണ്.
അന്താരാഷ്ട്ര മത്സരങ്ങളും ഐ.പി.എൽ മത്സരങ്ങളും ഉൾപ്പെടെയാണിത്. 314 മത്സരങ്ങളിൽ നിന്നാണ് താരം 10000 റൺസ് നേടിയത്. മുംബൈയ്ക്കെതിരായ മത്സരത്തിലെ നാലാം ഓവറിൽ ജസ്പ്രീത് ബുംറയുടെ പന്ത് സിക്സടിച്ചുകൊണ്ട് രാജകീയമായാണ് കോലി ഈ നേട്ടത്തിലെത്തിയത്.
314 മത്സരങ്ങൾ കളിച്ചെങ്കിലും 298 ഇന്നിങ്സുകൾ മാത്രമാണ് കോലി 10000 റൺസ് തികയ്ക്കാൻ വേണ്ടി എടുത്തത്. അതിൽ അഞ്ച് സെഞ്ചുറികളും 73 അർധസെഞ്ചുറികളും ഉൾപ്പെടും. 41.61 ആണ് കോലിയുടെ ശരാശരി.
നിലവിൽ ട്വന്റി 20 യിൽ ലോകത്തിലേറ്റവുമധികം റൺസ് നേടിയ താരം ഗെയ്ലാണ്. 447 മത്സരങ്ങളിൽ നിന്ന് 14275 റൺസാണ് താരം സ്വന്തം പേരിൽ കുറിച്ചത്. പൊള്ളാർഡ് 11195 റൺസും മാലിക്ക് 10808 റൺസും വാർണർ 10019 റൺസും സ്വന്തമാക്കി.
ഈ പട്ടികയിൽ കോലിക്ക് പിന്നിലുള്ള രണ്ടാമത്തെ ഇന്ത്യൻ താരം മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയാണ്. 351 മത്സരങ്ങളിൽ നിന്ന് 9348 റൺസാണ് താരം സ്വന്തമാക്കിയത്.
സ്പോർട്സ് ഡെസ്ക്