ലണ്ടൻ: മോശം ഫോമിലുള്ള വിരാട് കോലിയെ പിന്തുണച്ച് പാക് ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിട്ട ട്വീറ്റിന് മറുപടി നൽകി വിരാട് കോലി.ബാബറിന്റെ പിന്തുണക്ക് നന്ദി പറഞ്ഞ കോലി, ഉദിച്ചുയർന്നു ഇനിയും വെട്ടിത്തിളങ്ങൂവെന്നും എല്ലാവിധ ആശംസകളും നേരുന്നുവെന്നും മറുപടി നൽകി.

'ഈ കാലവും കടന്നുപോകും, കരുത്തോടെയായിരിക്കുക' എന്നായിരുന്നു കോലിക്ക് പിന്തുണ അറിയിച്ച് ബാബർ ഇന്നലെയിട്ട ട്വീറ്റ്. പിന്നീട് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലും ബാബർ കോലിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കളിക്കാരനെന്ന നിലയിൽ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുമെന്നും അപ്പോഴുള്ള മാനസികാവസ്ഥ എന്തായിരിക്കുമെന്നും നല്ലപോലെ മനസിലാവുന്ന ആളാണ് താനെന്ന് ബാബർ പറഞ്ഞു. അത്തരം സമയങ്ങളിൽ പിന്തുണയാണ് നമുക്ക് വേണ്ടത്. അതുകൊണ്ടാണ് കോലിയെ പിന്തുണച്ച് ട്വീറ്റ് ചെയ്തതെന്ന് ബാബർ വിശദീകരിച്ചിരുന്നു.

എന്നാൽ ബാബറിന്റെ ട്വീറ്റിന് കോലി മറുപടി നൽകാതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. ഈ ട്വീറ്റിനോട് കോലി പ്രതികരിച്ചിരുന്നേൽ കൂടുതൽ മനോഹരമായിരുന്നേനേ എന്ന് പാക് മുൻതാരം ഷാഹിദ് അഫ്രീദി പ്രതികരിക്കുകയും ചെയ്തിരുന്നു.

'ക്രിക്കറ്റും മറ്റെല്ലാ കായികയിനങ്ങളും രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തും. രാഷ്ട്രീയക്കാരേക്കാൾ കൂടുതൽ കാര്യങ്ങൾ അത്ലറ്റുകൾക്ക് ചെയ്യാനാകും. ബാബർ ഗംഭീര സന്ദേശമാണ് കോലിക്ക് നൽകിയത്. കോലിയുടെ ഭാഗത്തുനിന്ന് ഇതിനോട് എന്തെങ്കിലും പ്രതികരണം ഉണ്ടായോ എന്നറിയില്ല. വിരാട് കോലി ട്വീറ്റിനോട് പ്രതികരിക്കണമായിരുന്നു എന്നാണ് കരുതുന്നത്. ബാബറിന്റെ ട്വീറ്റിന് കോലി മറുപടി നൽകിയാൽ അത് വലിയൊരു കാര്യമായിരിക്കും' എന്നുമായിരുന്നു സമാ ടിവിയോട് അഫ്രീദിയുടെ വാക്കുകൾ.