- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ടീമിലെ നേതാവാകാൻ ക്യാപ്റ്റനായിരിക്കണമെന്ന് ഒരു നിർബന്ധവുമില്ല; എല്ലാ പദവികൾക്കും ഒരു കാലാവധിയുണ്ട്; ശരിയായ സമയത്ത് സ്ഥാനം ഒഴിയുക എന്നതും നേതൃഗുണത്തിന്റെ ഭാഗം'; ക്യാപ്റ്റൻസി വിവാദത്തിൽ പ്രതികരിച്ച് വിരാട് കോലി

മുംബൈ: ടീമിലെ നേതാവാകാൻ ക്യാപ്റ്റനായിരിക്കണമെന്ന് നിർബന്ധമില്ലെന്നും ശരിയായ സമയത്ത് സ്ഥാനം ഒഴിയുക എന്നതും നേതൃഗുണമാണെന്നും മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. ഏകദിന നായക സ്ഥാനത്ത് നിന്നും പടിയിറങ്ങിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതോടെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും കോലി ഒഴിഞ്ഞിരുന്നു. നായക സ്ഥാനം ഒഴിഞ്ഞത് സംബന്ധിച്ച വിവാദങ്ങൾ തുടരുന്നതിനിടെയാണ് വിരാട് കോലി വിഷയത്തിൽ ആദ്യമായി പ്രതികരിച്ചത്.
ബിസിനസ് ഫോറത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഫയർസൈഡ് ചാറ്റ് വിത്ത് വികെ' എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കോലി. ടീമിന്റെ ജയം ആണ് ഏറ്റവും പ്രധാനം. ഞാൻ എന്റെ മാത്രം നേതാവാണ്. ഞാൻ ക്യാപ്റ്റനായപ്പോൾ ടീമിലെ അന്തരീക്ഷം മാറ്റാനാണ് ശ്രമിച്ചത്. കഴിവിന്റെ കാര്യത്തിൽ നമ്മൾ ഒട്ടും പിന്നിലല്ല. പ്രതിഭകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. ഏത് സാഹചര്യത്തിലും ജയിക്കാനുള്ള മനോഭാവം ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനമെന്നും കോലി പറഞ്ഞു.
കരിയറിൽ നിങ്ങൾ എന്താണോ ലക്ഷ്യമിടുന്നത്, അത് നേടാൻ നിങ്ങൾ ഒരുക്കമാണോ എന്നതാണ് പ്രധാനമെന്നും എല്ലാ പദവികൾക്കും ഒരു കാലാവധിയുണ്ടെന്നും ക്യാപ്റ്റൻസിക്കും അത് ബാധകമാണെന്നും വിരാട് കോലി പറഞ്ഞു. ശരിയായ സമയത്ത് സ്ഥാനം ഒഴിയുക എന്നതും നേതൃഗുണമാണ്. മറ്റ് ക്യാപ്റ്റന്മാർക്ക് കീഴിൽ കളിക്കുമ്പോഴും സ്വയം ക്യാപ്റ്റനെന്ന് കരുതിയാണ് ഞാൻ കളിച്ചിരുന്നത്. ഇപ്പോൾ ബാറ്ററെന്ന നിലയിൽ എനിക്ക് ടീമിനായി കൂടുതൽ സംഭാവനകൾ നൽകാൻ കഴിയും. അതിൽ ഞാൻ അഭിമാനിക്കുകയാണ് വേണ്ടത്.
ടീമിലെ നേതാവാകാൻ എല്ലായ്‌പ്പോഴും ക്യാപ്റ്റനായിരിക്കണമെന്ന് ഒരു നിർബന്ധവുമില്ല. ധോണി ടീമിലുണ്ടായിരുന്നപ്പോൾ അദ്ദേഹം നേതാവായിരുന്നില്ല എന്നാർക്കെങ്കിലും പറയാനാകുമോ. ഞങ്ങളെല്ലായ്‌പ്പോഴും ഉപദേശങ്ങൾക്കായി അദ്ദേഹത്തെ സമീപിക്കാറുണ്ട്. ജയവും തോൽവിയുമൊന്നും നിങ്ങളുടെ കൈകളിലല്ല. ഓരോ ദിവസവും സ്വയം മെച്ചപ്പെടാനും മികവിന്റെ പരമ്യത്തിലേക്ക് എത്താനും ശ്രമിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ പദവികൾ കൈമാറുക എന്നതും നേതൃഗുണത്തിന്റെ ഭാഗമായി കണ്ടാൽ മതി. അതും ശരിയായ സമയത്ത് ചെയ്യുക എന്നതാണ് പ്രധാനം.
ഒരാൾക്ക് എല്ലാതരത്തിലുള്ള റോളുകളും അവസരങ്ങളും ലഭിക്കേണ്ടതുണ്ട്. ഞാൻ ധോണിക്ക് കീഴിൽ കളിച്ചിട്ടുണ്ട്. പിന്നീട് നായകനായി. നായകനല്ലാത്തപ്പോഴും നായകനായപ്പോഴും ഇത്രയും കാലം എന്റെ മനോഭാവത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ല. എല്ലായ്‌പ്പോഴും ഞാനാണ് നായകൻ എന്ന് കരുതി തന്നെയാണ് ഞാൻ കളിക്കുന്നത്. അത് ടീമിൽ വെറുമൊരു കളിക്കാരനായിരിക്കുമ്പോഴും അങ്ങനെ തന്നെയാണ്.


