- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
14 വർഷത്തിന് ഇടയിൽ ആകെ മൂന്ന് ഗോൾഡൻ ഡക്ക്; 2022ൽ മാത്രം രണ്ട് എണ്ണവും; അതും ഐപിഎല്ലിൽ; കോലിയുടെ മോശം ഫോമിന് പഴി അനുഷ്കയ്ക്ക്; വീണ്ടും ട്രോളുകൾക്ക് ഇരയായി താരം

മുംബൈ: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൺറൈസേഴ്‌സ് ഹൈദരാബാദിന് മുന്നിൽ 68 റൺസിന് തകർന്നടിഞ്ഞതിന്റെ ഞെട്ടലിനേക്കാൾ വിരാട് കോഹ്ലി തുടരെ രണ്ടാം വട്ടവും ഗോൾഡൻ ഡക്കായതാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്.
ഐപിഎല്ലിൽ ഇത് അഞ്ചാം തവണയാണ് കോഹ്ലി ഗോൾഡൻ ഡക്കിന് പുറത്താവുന്നത്. 2008-2021 കാലയളവിൽ മൂന്ന് തവണയായിരുന്നു കോഹ് ലി ഗോൾഡൻ ഡക്കായത്. എന്നാൽ 2022ൽ ഇതിനോടകം രണ്ട് തവണ കോഹ് ലി ഗോൾഡൻ ഡക്കായി കഴിഞ്ഞു.
2008ൽ ആശിഷ് നെഹ്റയാണ് കോഹ് ലിയെ ഗോൾഡൻ ഡക്കാക്കിയത്. 2014ൽ പഞ്ചാബിന്റെ സന്ദീപ് ശർമയും 2017ൽ നഥാൻ കോൾട്ടർ നൈലും കോഹ് ലിയെ ഗോൾഡൻ ഡക്കാക്കി മടക്കി. 2022 സീസണിൽ ദുഷ്മന്ത ചമീരയാണ് കോഹ് ലിയെ ഗോൾഡൻ ഡക്കാക്കിയത്. സീസണിൽ രണ്ടാം വട്ടം കോഹ് ലി ഗോൾഡൻ ഡക്കായത് ഹൈദരാബാദിന്റെ മാർകോ ജൻസെന്റെ ഡെലിവറിയിലും.
Faf du Plessis ☝️
- Beast (@cskvijay007) April 23, 2022
Virat Kohli ☝️
Anuj Rawat ☝️
A dream start with the ball for Marco Jansen who picks three wickets in an over ????????#TATAIPL | #RCBvSRH #RCBvSRH pic.twitter.com/oOGoEgPD86
ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് കോഹ്ലി ഒരു സീസണിൽ രണ്ട് തവണ ഗോൾഡൻ ഡക്കാവുന്നത്. തന്റെ രണ്ടാം ഓവറിൽ ഡുപ്ലെസിസിനെ വീഴ്‌ത്തിയാണ് ജാൻസെൻ തുടങ്ങിയത്. പിന്നാലെ കോഹ് ലിയേയും മടക്കി. ഓവറിലെ അവസാന പന്തിൽ ഓപ്പണർ അനുജ് റാവത്തിനേയും മടക്കി ബാംഗ്ലൂരിനെ ജാൻസെൻ തകർക്കുകയായിരുന്നു. പിന്നീട് ബാറ്റിങ് തകർച്ചയിൽ നിന്നും ആർസിബിക്ക് കരകയറാൻ കഴിഞ്ഞിരുന്നില്ല.
ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ മുൻനിരയിൽ ഉണ്ടായിരുന്ന വിരാട് കോലിയുടെ കരിയർ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പ്രതികരണങ്ങൾ വരുന്നത്. അണ്ടർ-19 ലോകകപ്പ് ജയത്തിനു ശേഷം 2008-ൽ ഇന്ത്യയ്ക്കായി കളിക്കാനാരംഭിച്ച താരം 2010-ന് ശേഷം ബാറ്റിങ് റെക്കോഡുകൾ ഓരോന്നായി സ്വന്തം പേരിലാക്കാൻ തുടങ്ങിയിരുന്നു.

പക്ഷേ ക്രിക്കറ്റിലെ ബാറ്റിങ് റെക്കോഡുകൾ ഓരോന്നായി വാശിയോടെ വെട്ടിപ്പിടിച്ചിരുന്ന കോലിയുടെ ഇപ്പോഴത്തെ അവസ്ഥ അദ്ദേഹത്തിന്റെ കടുത്ത വിമർശകർക്ക് പോലും വിഷമമുണ്ടാക്കുന്ന തരത്തിലാണ്. കോലിയുടെ ബാറ്റിൽ നിന്ന് ഒരു സെഞ്ചുറി പിറന്നിട്ട് മൂന്ന് വർഷത്തിലേറെയായി. സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറുടെ റൺസ്, സെഞ്ചുറി റെക്കോഡുകൾ സ്വന്തമാക്കുമെന്ന് കരുതിയിരുന്ന താരം റൺസ് കണ്ടെത്താൻ വിഷമിക്കുന്നത് അത്ര സുന്ദരമല്ലാത്ത കാഴ്ചകളിലൊന്നായി മാറുകയാണ്.
ഐപിഎല്ലിൽ തുടർച്ചയായ രണ്ടു മത്സരങ്ങളിലാണ് കോലി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായതാണ് വിമർശകരുടെ കടന്നാക്രമങ്ങൾ കടുപ്പിക്കുന്നത്. ലഖ്നൗ സൂപ്പർ ജയന്റ്സിനും ലൺറൈസേഴ്സ് ഹൈദരാബാദിനുമെതിരായ മത്സരങ്ങളിലാണ് കോലി ഗോൾഡൻ ഡക്കായത്.

ഇതോടെ കോലിയെ കളിയാക്കി സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നുണ്ടെങ്കിലും അതിപ്പോൾ ഒരുപടി കൂടി കടന്ന് ബോളിവുഡ് നടിയും കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശർമയെക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. ജീവിതത്തിലെ ഒരു തെറ്റായ തീരുമാനം മതി നിങ്ങളെ മോശം നിലയിലാക്കാൻ എന്ന തരത്തിലാണ് അനുഷ്‌ക ട്രോളുകൾക്കിരയാകുന്നത്.
കോലിയുടെ മോശം ഫോമിന് കാരണമെന്തെന്ന ഒരു മീഡിയ ഗ്രൂപ്പിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ ചോദ്യത്തിന് അനുഷ്‌ക ശർമ എന്ന് ഉത്തരമായി ട്വീറ്റ് ചെയ്തവർ നിരവധിയാണ്.
ഇതിനു മുമ്പും ഇത്തരത്തിൽ കോലിയുടെ മോശം ഫോമിന്റെ പേരിൽ അനുഷ്‌ക പഴി കേട്ടിട്ടുണ്ട്. 2014-ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ കോലി തന്റെ കരിയറിലെ തന്നെ ഏറ്റവും മോശം ഫോമിലൂടെയായിരുന്നു കടന്നുപോയിരുന്നത്. അന്ന് ഇംഗ്ലണ്ടിൽ കളിച്ച 10 ടെസ്റ്റ് ഇന്നിങ്സുകളിൽ 13.40 ശരാശരിയിൽ 134 റൺസ് മാത്രമാണ് കോലിക്ക് നേടാനായിരുന്നത്. അന്നത്തെ കോലിയുടെ മോശം ഫോമിനും പഴി കേട്ടത് കാമുകിയായിരുന്ന അനുഷ്‌കയായിരുന്നു.
അനുഷ്‌കയ്ക്കെതിരേ നടക്കുന്ന ഇത്തരത്തിലുള്ള ട്രോൾ ആക്രമണം ഒരിക്കലും നീതീകരിക്കാനാകാത്തതാണ്. മുമ്പ് ഇത്തരത്തിൽ ട്രോളുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ അതിനെതിരേ കോലി തന്നെ രംഗത്തെത്തിയിരുന്നു.


