- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരു ടീമിൽ ഉൾക്കൊള്ളിക്കാൻ കഴിയാത്തത്ര താരങ്ങൾ ഞങ്ങൾക്കുണ്ട്'; രണതുംഗെക്ക് മറുപടിയുമായി വീരേന്ദർ സെവാഗ്; താരത്തിന്റെ പ്രതികരണം ഒന്നാം ഏകദിനത്തിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ
കൊളംബോ: ഇന്ത്യയുടെ രണ്ടാംനിര ടീമാണ് ശ്രീലങ്കൻ പര്യടനം നടത്തുന്നത് എന്ന അർജുന രണതുംഗെയുടെ വിമർശനത്തിന് മറുപടിയുമായി വീരേന്ദർ സെവാഗ്. ആദ്യ ഏകദിനത്തിലെ ഇന്ത്യയുടെ മിന്നുന്ന പ്രകടനത്തിന് പിന്നാലെയാണ് പ്രതികരണവുമായി വീരേന്ദര് സെവാഗ് രംഗത്തെത്തിയത്.
'പരുഷമായിപ്പോയി രണതുംഗെയുടെ വാക്കുകൾ. ഇതൊരു ബി ടീമാണെന്ന് രണതുംഗെ ചിലപ്പോൾ ചിന്തിച്ചുകാണും. എന്നാൽ എത്ര ടീമിനെ വേണമെങ്കിലും അയക്കാൻ മാത്രം കരുത്തുറ്റതാണ് ഇന്ത്യൻ ടീം. എന്നാലിത് ബി ടീമല്ല. ഐപിഎൽ കൊണ്ടുണ്ടായ മെച്ചമാണിത്. ഒരു ടീമിൽ ഉൾക്കൊള്ളിക്കാൻ കഴിയാത്തത്ര പ്രതിഭകൾ ഇന്ത്യക്കുണ്ട്. ലങ്കൻ പര്യടനം നടത്തുന്ന ടീമും പ്രതിഭാശാലികളുടെ കൂട്ടമാണ്. ബി ടീം എന്ന വിളി ഞങ്ങൾ അംഗീകരിക്കില്ല. ഇപ്പോൾ ഇംഗ്ലണ്ടിലുള്ള ടീമുമായി കളിച്ചാൽ കുറച്ച് മത്സരങ്ങളിലെങ്കിലും അവരെ തോൽപിക്കുമെന്നും' വീരു പറഞ്ഞു.
'ഇന്ത്യ അയച്ചത് ബി ടീമിനെയല്ല. ടീമിനെ അയച്ചതിന് ബിസിസിഐയോട് ലങ്കൻ ബോർഡ് നന്ദിപറയുകയാണ് വേണ്ടത്. ഞങ്ങൾ ലഭ്യമല്ല, മറ്റെപ്പോഴെങ്കിലും പരമ്പര നടത്താം എന്ന് ബിസിസിഐക്ക് വേണമെങ്കിൽ പറയാമായിരുന്നു. സാമ്പത്തികമായി ബോർഡിനും താരങ്ങൾക്കും ഗുണകരമായ നീക്കത്തിന് ടീമിനോട് നന്ദി പറയുകയാണ് വേണ്ടത്. ഇന്ത്യൻ ടീം ലങ്കൻ പര്യടനത്തിന് എത്തിയില്ലായിരുന്നെങ്കിൽ ആറ് മത്സരങ്ങളുടേയും പണവും സ്പോൺസർഷിപ്പും ലങ്കൻ ബോർഡിന് നഷ്ടമാകുമായിരുന്നു' എന്നും സെവാഗ് കൂട്ടിച്ചേർത്തു.
ഇങ്ങനൊരു ടീമിനെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വിളിച്ചുവരുത്തിയത് പരസ്യ വരുമാനം മാത്രം ലക്ഷ്യമിട്ടാണ്. ഇത് ശ്രീലങ്കയിലെ ക്രിക്കറ്റ് ആരാധകരെ അപമാനിക്കുന്നതിന് തുല്യമാണെന്നുമായിരുന്നു ലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകൻ കൂടിയായ അർജുന രണതുംഗെയുടെ വിമർശനം.
മറുനാടന് മലയാളി ബ്യൂറോ