ഡൽഹി: അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടത്തിന്റെ മർദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധം അറിയിച്ച് ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ്. മധുവിന്റെ ചിത്രത്തോടുകൂടിയുള്ള കുറിപ്പോടെ ട്വിറ്ററിലാണ് സേവാഗ് പ്രതിഷേധം അറിയിച്ചത്.

ഒരു കിലോ അരിയാണ് മോഷ്ടിച്ചത്. അതിനാണ് ഉബൈദ്, ഹുസൈൻ, അബ്ദുൾ കരീം എന്നിവരുടെ നേതൃത്വത്തിൽ ഒരു പാവം ആദിവാസി യുവാവിനെ അടിച്ചുകൊല്ലുകയായിരുന്നു. സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തിന് ഇത് യോജിച്ചതല്ലെന്നും സംഭവം അപമാനകരമാണെന്നും വീരേന്ദർ സേവാഗ് ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് മോഷണം നടത്തിയെന്ന് ആരോപിച്ച് മധുവിനെ ആൾക്കൂട്ടം മർദനത്തിനിരയാക്കുന്നത്. തുടർന്ന് ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെയായിരുന്നു മധു മരണപ്പെടുന്നത്. സംഭവത്തിനെതിരെ സിനിമാ- സാംസ്‌കാരിക രംഗത്തുനിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.