റോം: ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് വിർജീനിയ റഗ്ഗി റോമിന്റെ ആദ്യത്തെ വനിതാ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ഇരുപതു വർഷത്തെ മോശമായ ഭരണത്തിൽ നിന്ന് നഗരത്തെ മോചിപ്പിക്കുമെന്നും തങ്ങളിലൂടെ ഒരു പുതുയുഗപ്പിറവി ആയിരിക്കുമെന്നും തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം നടത്തിയ പ്രസംഗത്തിൽ മുപ്പത്തൊമ്പതുകാരിയായ വിർജീനിയ എടുത്തുപറഞ്ഞു.

ഇറ്റലിയിൽ അഴിമതിക്കെതിരേ രൂപംകൊണ്ട രാഷ്ട്രീയ സംഘടനയായ ദ ഫൈവ് സ്റ്റാർ മൂവ്‌മെന്റിന്റെ ബാനറിലാണ് വിർജീനിയ റോം മേയർ സ്ഥാനത്തേക്ക് മത്സരിച്ചത്. ദ ഫൈവ് സ്റ്റാർ മൂവ്‌മെന്റിന്റെ തന്നെ മറ്റൊരു വനിതാസ്ഥാനാർത്ഥിയായ ഷിയാര അപ്പെൻഡിനോ (31)യും വിജയം നേടി.

ഇറ്റാലിയൻ പ്രധാമന്ത്രി മറ്റോ റെൻസി നേതാവായ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥി റോബർട്ടോ ഗിയാച്ചെറ്റിയെയാണ് വിർജിനിയ പരാജയപ്പെടുത്തിയത്. എക്‌സിറ്റ് പോൾ ഫലങ്ങളിൽ ദ ഫൈവ് സ്റ്റാർ മൂവ്‌മെന്റ വിജയം നേടുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു.

അഭിഭാഷകയായ റഗ്ഗി ലോക്കൽ കൗൺസിലറായും ദ ഫൈവ് സ്റ്റാർ മൂവ്‌മെന്റിന്റെ വക്താവായും പ്രവർത്തിച്ചിട്ടുണ്ട്. അഴിമതിക്കെതിരെയുള്ള പോരാട്ടമെന്ന പേരിൽ 2009 ലാണ് ദ ഫൈവ് സ്റ്റാർ പാർട്ടി രൂപം കൊള്ളുന്നത്. പ്രശസ്ത ഇറ്റാലിയൻ കോമേഡിയൻ ബെപ്പെ ഗ്രില്ലോയാണ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ