വിർജീനിയ: അമേരിക്കയിലെ വിർജീനിയയിൽ ബേസ് ബാൾ പരിശീലനത്തിനിടെയുണ്ടായ വെടിവെപ്പിൽ യു.എസ് ജനപ്രതിനിധി സഭാ വിപ്പ് സ്റ്റീവ് സ്‌കാലൈസ് അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. യൂജിൻ സിംസൺ സ്റ്റേഡിയം പാർക്കിൽ പിരിശീലനത്തിൽ ഏർപ്പെട്ടിരുന്നവർക്ക് നേരെ പ്രകോപനം കൂടാതെയാണ് അക്രമി നിറയൊഴിച്ചത്.

ഇല്ലിനോയ്ഡ് സ്വദേശിയും 66കാരനുമായ ജയിംസ് ടി. ഹോങ്കിങ്‌സനാണ് തുരുതുരാ നിറയൊഴിച്ചത്. പൊലീസുമായുള്ള ഏറ്റുമുട്ടിൽ പിന്നീട് അക്രമി കൊല്ലപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടിയോടും പ്രസിഡന്റ് ഡോണാൾഡ് ട്രംപിനോടും എതിർപ്പ് പുലർത്തുന്ന വ്യക്തിയാണ് ജയിംസ് എന്ന് ഇയാളുടെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത സന്ദേശങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

വെടിവെപ്പിൽ പരിക്കേറ്റ അഞ്ചു പേരിൽ സ്റ്റീവ് സ്‌കാലൈസിന്റെ പരിക്ക് ഗുരുതരമാണ്. ഇടുപ്പിന് പരിക്കേറ്റ സ്റ്റീവിനെ മെഡ്സ്റ്റാർ വാഷിങ്ടൺ ഹോസ്പിറ്റൽ സെന്ററിൽ രണ്ട് അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയമാക്കി. കോൺഗ്രസിലെ ഉദ്യോഗസ്ഥനായ സാച് ബർത്ത്, ടൈസൺ ഫുഡിന്റെ ഇടനിലക്കാരി മാറ്റ് മിക്ക, തിരിച്ചറിയാത്ത ഒരാളുമാണ് പരിക്കേറ്റ മറ്റുള്ളവർ.

സന്നദ്ധ സേവനത്തിനു വേണ്ടി വ്യാഴാഴ്ച സംഘടിപ്പിക്കുന്ന ബേസ് ബാൾ മത്സരത്തിനായുള്ള പരിശീലനത്തിലായിരുന്നു സ്റ്റീവ് സ്‌കാലൈസും മറ്റുള്ളവരും. യൂജിൻ സിംസൺ സ്റ്റേഡിയം പാർക്കിൽ ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 11 മണിക്കായിരുന്നു സംഭവം. അലക്‌സാണ്ട്രിയ പൊലീസ് അന്വേഷണം ആരംഭിച്ചു.