ഒട്ടാവ: മനുഷ്യരിൽ തികച്ചും അപൂർവമായ എച്ച്1എൻ2 വൈറസ് ബാധ കാനഡയിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കാനഡയിലെ ആൽബർട്ടോയിലാണ് പന്നികളിൽ മാത്രം കണ്ടുവരുന്ന അപൂർവയിനം എച്ച്1എൻ2 വൈറസ് ബാധ മനുഷ്യനിൽ റിപ്പോർട്ട് ചെയ്തത്.

കോവിഡ്-19 ന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെയാണ് എച്ച്1എൻ2 വൈറസ് ബാധ കണ്ടെത്തിയതെന്നു ആൽബർട്ടോ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ദീന ഹിൻഷോയും ചീഫ് വെറ്റേറിനേറിയൻ ഡോക്ടർ കൈത്ത് ലീമാനും സംയുക്തമായി പുറത്തിറക്കിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

2005 മുതൽ ലോകത്താകമാനം ആകെ 27 വ്യക്തികളിൽ മാത്രമാണ് എച്ച്1എൻ2 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പന്നികളിൽ നിന്നാണ് സാധാരണയായി രോഗം പകരുന്നതെന്നും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് എളുപ്പം പകരുന്ന തരത്തിലെ വൈറസല്ലെന്നാണ് ഇതുവരെയുള്ള പഠനം.