വെള്ളിയാഴ്ച എൻഎച്ച്എസിലെ കമ്പ്യൂട്ടർ സിസ്റ്റത്തിന് നേരെ നടന്ന കടുത്ത സൈബർ ആക്രമണത്തിൽ സിസ്റ്റം സമ്പൂർണമായി തകർന്ന് എൻഎച്ച്എസ് വീണ് പോകാതിരുന്നത് ഇംഗ്ലീഷ് സീസൈഡ് ടൗണിൽ താമസിക്കുന്ന 22 കാരൻ സമർത്ഥമായി ഇടപെട്ടതുകൊണ്ടാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. വീട്ടിൽ ഇരുന്ന് കമ്പ്യൂട്ടർ പഠിച്ച ഈ യുവാവ് റാൻസം വൈറസിനെ തന്ത്രപരമായി തകർത്തെറിയുകയായിരുന്നു. എന്നാൽ ഈ സൈബർ ആക്രമണത്തിന്റെ തുടർ ആക്രമണം ഉണ്ടാവുമോയെന്നാണ് ഇപ്പോൾ സൈബർ വിദഗ്ദ്ധർ ഭയപ്പെടുന്നത്. 

ഇംഗ്ലണ്ടിലെയും സ്‌കോട്ട്ലൻഡിലെയും നിരവധി എൻഎച്ച്എസ് ഓർഗനൈസേഷനുകളെയും ജിപി സർജറികളെയും ബാധിച്ച ഈ കടുത്ത സൈബർ ആക്രമണത്തെ ഫലപ്രദമായി തകർത്തതോടെ ഒറ്റ രാത്രി കൊണ്ട് ഈ യുവാവ് ഹീറോയായി മാറുകയായിരുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഈ യുവാവ് സൈബർ ആക്രമണം നടക്കുമ്പോൾ ഒരാഴ്ചത്തെ ഹോളിഡേയിലായിരുന്നു. സോഫ്റ്റ് വെയറിലെ ഗുരുതരമായ ഒരു ദൗർബല്യം പതിനായിരക്കണക്കിന് പിസികളെ ബാധിക്കാൻ തുടങ്ങിയെന്നായിരുന്നു യുവാവ് കണ്ടെത്തിയത്. കമ്പ്യൂട്ടർ സംബന്ധമായ കാര്യങ്ങൾ സ്വയം പഠിച്ചെടുത്ത ഈ യുവാവ് തന്റെ സാമർത്ഥ്യത്താൽ ഈ വൈറസ് കൂടുതൽ ഇടങ്ങളിലേക്ക് പടരാതിരിക്കാൻ വേണ്ടത് ചെയ്യുകയായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. 

ഈ യുവാവ് മാതൃകാപരമായ പ്രവൃത്തി ചെയ്ത് നിരവധി കമ്പ്യൂട്ടറുകളെ ആക്രമണത്തിൽ നിന്നും രക്ഷിച്ചുവെന്ന വാർത്തയറിഞ്ഞ് നിരവധി പേരാണ് ഓൺലൈനിലൂടെയും അല്ലാതെയും ഇദ്ദേഹത്തെ പ്രശംസിച്ചിരിക്കുന്നത്. എന്നാൽ താൻ തീർത്തും യാദൃശ്ചികമായിട്ടാണ് ഈ സൈബർ ആക്രമണമില്ലാതാക്കിയതെന്നാണ് കഴിഞ്ഞ രാത്രി യുവാവ് പ്രതികരിച്ചിരിക്കുന്നത്. ഈ യുവാവ് പൊതുവെ മാൽവെയർ ടെക് എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ട്വിറ്ററിൽ ഇദ്ദേഹമിട്ട പബ്ലിക്ക് മെസേജിലൂടെ യുവാവിന്റെ പശ്ചാത്തലത്തെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുകൾ പുറത്ത് വന്നിട്ടുണ്ട്. പകുതി സ്‌കോട്ടിഷ് പാരമ്പര്യമുള്ള യുവാവാണിച്. 1994ൽ ജനിച്ച യുവാവിന്റെ രക്ഷിതാക്കളിലൊരാൾ നഴ്സാണ്. 

നിലവിൽ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഒരു വിക്ടോറിയൻ ഹൗസിലാണ് യുവാവ് ജീവിക്കുന്നത്. നിരവധി കമ്പ്യൂട്ടറുകളും സെർവറുകളും ഇവിടെയുണ്ട്. തന്റെ ജോലി ചെയ്യാനും ഗെയിം കളിക്കാനുമാണിവ ഉപയോഗിക്കുന്നത്. താനൊരു ഗ്രാജ്വേറ്റല്ലെന്നും യൂണിവേഴസിറ്റിയിൽ പോകാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും ജോലി കിട്ടിയതിനെ തുടർന്ന് ആ ശ്രമം ഉപേക്ഷിക്കുയായിരുന്നുവെന്നും യുവാവ് വെളിപ്പെടുത്തുന്നു. ഒരു വർഷം മുമ്പ് ലോസ് ഏയ്ജൽസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു പ്രൈവറ്റ് ഇന്റർ ത്രെട്ട് സ്ഥാപനത്തിലാണ് യുവാവ് ജോലിയാരംഭിച്ചിരിക്കുന്നത്. എന്നാൽ നിലവിൽ ഇംഗ്ലണ്ടിലിരുന്നാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. കടലിനെ വളരെയധികം സ്നേഹിക്കുന്നതിനാലാണ് കടലോരപട്ടണത്തിൽ കഴിയുന്നത്. 

വെള്ളിയാഴ്ചയുണ്ടായ സൈബർ ആക്രമണം ബ്രിട്ടന് പുറമെ നൂറോളം രാജ്യങ്ങളിലെ നിരവധി സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകൾക്ക് നേരെയുണ്ടായിട്ടുണ്ട്. മലീഷ്യസ് പ്രോഗ്രാമിനാൽ ലോക്ക് ചെയ്യപ്പെട്ടതിനെ തുടർന്ന് ചില ബ്രി്ട്ടീഷ് ഹോസ്പിറ്റലുകൾ, ജിപികൾ എന്നിവയ്ക്ക് രോഗികളുടെ ഡാറ്റ ആക്സസ് ചെയ്യാൻ സാധിച്ചിരുന്നില്ല. ഫയലുകൾ ഓപ്പൺ ചെയ്യണമെങ്കിൽ പണം നൽകണമെന്നായിരുന്നു ഹാക്കർമാർ ആവശ്യപ്പെട്ടിരുന്നത്. ആക്രമണം നിയന്ത്രണാധീനമായിരുന്നുവെന്നും സർവീസുകൾ എത്രയും വേഗം പുനഃസ്ഥാപിക്കാൻ സാധിച്ചുവെന്നുമാണ് യുകെയിലെ സൈബർ സുരക്ഷ ഏജൻസിയുടെ തലവനായ സിയാറൻ മാർട്ടിൻ പ്രതികരിച്ചിരുന്നത്.