കേപ്ടൗൺ: സോഷ്യൽ മീഡിയ വളരെയെറെ ആവേശത്തോടെ ആഘോഷിച്ച വിവാഹമായിരുന്നു അനുഷ്‌ക-വിരാട് ജോഡികളുടെത്. അവരുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്ന ആരാധകരെ ഒട്ടും നിരാശരാക്കാറുമില്ല താരങ്ങൾ. ആഘോഷങ്ങൾക്കെല്ലാം വിരാമമിട്ടു കൊണ്ട് വിരുഷ്‌ക ജോടികൾ യാത്രയിലാണ്. സൗത്താഫ്രിക്കയിലെ കേപ്പ് ടൗണിൽ ന്യു ഇയർ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ആരാധകർക്കായി സോഷ്യൽ മീഡിയയിലുടെ ഷെയർ ചെയ്തിരിക്കുന്നത്. ആരാധകരെ ന്യു ഇയർ വിഷ് ചെയ്തുകൊണ്ടുള്ള ചിത്രങ്ങൾ രണ്ടു പേരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.

അനുഷ്‌കയോടൊപ്പമുള്ള പുതിയൊരു സെൽഫി വിരാട് ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. ഫോട്ടോയൊടൊപ്പമുള്ള വിരാടിന്റെ വാക്കുകളാണ് കേപ്പ് ടൗണിന്റെ സൗന്ദര്യത്തെക്കാളും ആരാധകരുടെ കണ്ണിലുടക്കിയത്, ' കേപ്പ് ടൗൺ മനോഹരം തന്നെയാണ്, എന്നാൽ എന്റെ എല്ലാമായവളോടൊപ്പം അതിമനോഹരമാണ്..' എന്നായിരുന്നു വിരാടിന്റെ വാക്കുകൾ.

ഡിസംബർ 11 നു ഇറ്റലിയിലെ റ്റിയുസ്‌കാനിയിൽ ആഡംബരപ്പൂർണമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. യൂറോപ്പിലെ ഹണിമൂണിനു ശേഷം ഇന്ത്യയിലെത്തിയ അവർ ഡൽഹിയിലും മുംബൈയിലും വിവാഹസത്കാരങ്ങൾ നടത്തിയിരുന്നു. വിവാഹാഘോഷങ്ങൾക്കു ശേഷം 2018 നെ വരവേൽക്കാനായാണ് വിരുഷ്‌ക സൗത്താഫ്രിക്കയിലെത്തിയത്.