ബ്രിട്ടനിലേക്ക് വിസ തേടുന്നവർക്ക് ഇനി അപേക്ഷകൾ പൂർണമായും ഓൺലൈനിൽ നൽകാം. 2014-ൽ ചൈനക്കാർക്കുവേണ്ടി തുടങ്ങിയ പരിഷ്‌കാരം എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ച് ഹോം ഓഫീസ് പുതിയ തുടക്കം കുറിച്ചു. ചൈനക്കാർക്കുവേണ്ടി തുടങ്ങിയ പരിഷ്‌കാരം വിജമായതിനെത്തുടർന്നാണ് 180-ലേറെ രാജ്യങ്ങൾക്ക് ഓൺലൈൻ വിസ ഏർപ്പടുത്താൻ ഹോം ഓഫീസ് തീരുമാനിച്ചത്.

വിസ അപേക്ഷകൾ എളുപ്പത്തിലാക്കാൻ ഓൺലൈൻ സംവിധാനത്തിലൂടെ സാധിക്കും. വിസ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുന്നതിനും മൊബൈൽ ഫോണിൽനിന്നുപോലും കാര്യങ്ങൾ പൂർത്തിയാക്കുന്നതിനും ഇത് വഴിയൊരുക്കും. വിസ അപേക്ഷകൾക്കായുള്ള
ആക്‌സസ് യുകെ എന്ന വെബ്‌സൈറ്റ് ലഭിക്കാത്ത രാജ്യങ്ങളിലും അടുത്തുതന്നെ ഇതെത്തുമെന്ന് അധികൃതർ അറിയിച്ചു.

വിസ4യുകെ എന്ന വെബ്‌സൈറ്റിന് പകരമായിരിക്കും ആക്‌സസ് യുകെ വെബ്‌സൈറ്റ് നിലവിൽ വരിക. ബ്രിട്ടനിൽ ജോലി ചെയ്യുന്നതിനോ പഠിക്കുന്നതിനോ പങ്കാളിക്കോ കുടുംബാംഗങ്ങൾക്കോ ഒപ്പം ചേരുന്നതിനോ ഉള്ള വിസകൾ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ബ്രിട്ടനിൽ ജീവിക്കാനുള്ള അവകാശം തെളിയിക്കുന്ന രേഖയാണ് ഇതിന് ആധാരമായി വേണ്ടത്.

വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഏതുതരം വിസയാണ് വേണ്ടതെന്നും അതിനുള്ള രേഖകൾ എന്തെന്നും കൃത്യമായി അറിഞ്ഞിരിക്കണം. അപേക്ഷ ഇംഗ്ലീഷിലാണ് പൂരിപ്പിക്കേണ്ടത്. വിസയ്ക്കുള്ള ഫീസ് ഓൺലൈനായി അടയ്ക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തശേഷം വിസ ആപ്ലിക്കേഷൻ സെന്ററിൽ അപ്പോയ്ന്റ്‌മെന്റ് ബുക്ക് ചെയ്യാം.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടുമായി വേണം വിസ ആപ്ലിക്കേഷൻ സെന്ററിലെത്തേണ്ടത്. സ്റ്റാൻഡേർഡ് വിസിറ്റര് വിസ, മാര്യേജ് വിസിറ്റർ വിസ, പെർമിറ്റഡ് പെയ്ഡ് എൻഗേജ്‌മെന്റ് വിസ എന്നിവയ്ക്ക് ഇതിലൂടെ അപേക്ഷിക്കാം. പഠനാവശ്യത്തിനും വർക്ക് വിസയ്ക്കും വിസ4യുകെ എന്ന വെബ്‌സൈറ്റ് തന്നെയാണ് ഉപയോഗിക്കേണ്ടത്. ആദ്യമായി അപേക്ഷിക്കുന്നവർ ഈ വെബ്‌സൈറ്റിൽ ഒരു അക്കൗണ്ടുണ്ടാക്കിയശേഷം അപേക്ഷിക്കുക.