തിവുപോലെ ക്ലാസിലെത്തിയതാണ് 14-കാരിയായ ബിവ്‌സി റാണ. ഒരു മുന്നറിയിപ്പുമില്ലാതെ തന്നെത്തേടി പൊലീസെത്തിയപ്പോൾ അവളൊന്നമ്പരന്നു. പിന്നീടത് കരച്ചിലായി. കൂട്ടുകാർ പലരും പൊട്ടിക്കരഞ്ഞു. ചിലർ മോഹാലസ്യപ്പെട്ടുവീണു. ജർമനിയിൽനിന്ന് പ്രിയപ്പെട്ട കൂട്ടുകാരെ നാടുകടത്തുകയാണെന്നറിഞ്ഞപ്പോൾ അവർക്കത് സഹിക്കാവുന്നതിലും അപ്പുറമായി. പൊലീസ് കസ്റ്റഡിയിൽ വിമാനത്താവളത്തിലെത്തിയ ബിവ്‌സിയെ നേരെ നേപ്പാളിലേക്ക് പറഞ്ഞയച്ചു. അവളിന്നോളം കണ്ടിട്ടില്ലാത്ത മാതൃരാജ്യത്തേക്ക്.

നോർത്ത് റിനെ-വെസ്റ്റ്ഫാലിയയിൽ ഹൈസ്‌കൂൾ വിദ്യാർത്ഥിയാണ് ബിവ്‌സി. രാവിലെ വീട്ടിൽനിന്നിറങ്ങുമ്പോഴും അസ്വാഭാവികമായൊന്നും സംഭവിക്കുന്നതിന്റെ സൂചനയുണ്ടായിരുന്നില്ല. സ്‌കൂളിൽനിന്ന് പൊലീസ് പിടിച്ച് നേരെ വിമാനത്താവളത്തിലെത്തിച്ചപ്പോഴാണ് കൈയിലുള്ളതെല്ലാം വാരിപ്പെറുക്കി അച്ഛനുമമ്മയും അവിടെ നിൽക്കുന്നത് കണ്ടത്. ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽനിന്ന് അവർ നേപ്പാളിലേക്ക് തിരിച്ചയക്കപ്പെട്ടു.

ജർമനിയിൽ തുടരാനുള്ള ബിവ്‌സിയുടെ കുടുംബത്തിന്റെ പെർമിറ്റ് 2013-ൽ അവസാനിച്ചിരുന്നു. അപ്പീലുകളിലൂടെ അവിടെ തുടരാൻ ശ്രമിച്ചെങ്കിലും 2016 മാർച്ചിൽ അതും തള്ളി.. ജർമനിയിൽ അഭയം തേടി 15 വർഷം മുമ്പാണ് കുടുംബം നേപ്പാളിൽനിന്നെത്തിയത്. അഭയം തേടാനുള്ള ശ്രമങ്ങൾ അന്നുതന്നെ പരാജയപ്പെട്ടിരുന്നു. ബിവ്‌സി ജർമനിയിലാണ് ജനിച്ചതെങ്കിലും അതിന്റെ പരിരക്ഷയും അവൾക്ക് കിട്ടിയില്ല. എല്ലാ അപ്പീലുകളും തള്ളിയതിനാൽ, കുടുംബത്തെ തിരിച്ചയക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് ഫ്രാങ്ക്ഫർട്ടിലെ ലീഗൽ വകുപ്പ് അധ്യക്ഷ ഡാനിയേല ലെസ്‌മെയ്റ്റർ പറഞ്ഞു.

ബിവ്‌സിയെയും മാതാപിതാക്കളെയും നാട്ടിലേക്ക് നാടുകടത്തിയെങ്കിലും ഇവരുടെ മൂത്തമകനെ തിരിച്ചയച്ചിട്ടില്ല. 18-കാരനായ കുട്ടിയെ ജർമനിയിൽ തുടരാൻ തീരുമാനിച്ചതിന്റെ കാരണം വ്യക്തമല്ല. ജർമനിയിൽ ജനിച്ച ബിവ്‌സിയുടെ പൗരത്വം സംബന്ധിച്ചും ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. നാടുകടതത്തുന്നുവെന്ന വിവരം സ്‌കൂളധികൃതരെപ്പോലും പൊലീസെത്തുന്നതിന് തൊട്ടുമുമ്പാണ് അറിയിച്ചതെന്ന് ബവ്‌സി പഠിച്ചിരുന്ന സ്റ്റെയ്ൻബർട്ട് സ്‌കൂളിലെ പ്രധാനാധ്യാപകൻ റാൽഫ് ബുഷ്താൽ പറഞ്ഞു.

ബിവ്‌സിയെ നാടുകടത്തുന്നുവെന്ന വാർത്ത സ്‌കൂളിലെ മറ്റുകുട്ടികളിൽ വലിയ ആശയക്കുഴപ്പമുണ്ടായി. ചിലർ കടുത്ത വിഷാദത്തിന് അടിപ്പെട്ടു. കുട്ടികൾ പരിഭ്രാന്തരായതോടെ, സ്‌കൂളധികൃതർക്ക് ഡോക്ടർമാരുടെയും കൗൺസർമാരുടെയും സഹായം തേടേണ്ടിവന്നു. നേപ്പാളിലെത്തിയ ബിവ്‌സി താൻ സുഖമായിരിക്കുന്നുവെന്ന് കാണിച്ച് കൂട്ടുകാർക്ക് സന്ദേശമയച്ചതായും അതോടെയാണ് പലർക്കും സമാധാനമായതെന്നും റിപ്പോർട്ടുകളുണ്ട്.