യൂണിവേഴ്‌സിറ്റി ഓഫ് ബാൻഗോറിലെ ഇലക്ട്രോണിക് എൻജിനീയറിങ് വിദ്യാർത്ഥിനിയും ശ്രീലങ്കക്കാരിയുമായ ശിരോമിണി സത്കുണരാജായ്ക്ക് ഇനി തന്റെ ഫസ്റ്റ് ക്ലാസ് ഡിഗ്രി കോഴ്‌സ് സമാധാനപരമായി പൂർത്തിയാക്കാം. സ്റ്റുഡന്റ് വിസയിൽ എത്തിയിരുന്ന തന്റെ പിതാവ് കാൻസർ വന്ന് മരിച്ചിട്ടും ശിരോമിണിയും അമ്മയും യുകെയിൽ തുടർന്നതിന്റെ പേരിൽ ഇവരെ അറസ്റ്റ് ചെയ്ത് സെല്ലിൽ അടച്ചിരുന്നു. എന്നാൽ ഇതിനെതിരെ വെള്ളക്കാർ തന്നെ രംഗത്തിറങ്ങിയതോടെ ഇവരെ മോചിപ്പിക്കുകയും ശിരോമിണിയുടെ വിദ്യാഭ്യാസം തുടരാൻ അനുമതി നൽകാൻ അധികൃതർ നിർബന്ധിതരാവുകയുമായിരുന്നു.

അനധികൃതമായി യുകെയിൽ തുടർന്നുവെന്ന പേരിൽ ഇവരെ അറസ്റ്റ് ചെയ്ത് ശ്രീലങ്കയിലേക്ക് നാടു കടത്താൻ ഒരുങ്ങിയിരുന്നുവെങ്കിലും ഇതിനെതിരെ ലോഞ്ച് ചെയ്ത പെറ്റീഷനിൽ 30,000 പേരായിരുന്നു ഒപ്പ് വച്ച് പിന്തുണയറിയിച്ചിരുന്നത്. ലോക്കൽ പ്ലെയിഡ് കിംമ്‌റു എംപി ഹൈവെൽ വില്യംസ് ശിരോമിണിയുടെയും അമ്മയുടെയും പ്രശ്‌നം പാർലിമെന്റിന്റെയും ഹോം സെക്രട്ടറി ആംബർ റുഡിന്റെയും ശ്രദ്ധയിൽ പെടുത്തിയതും ഇവർക്ക് അനുകൂലമായ തീരുമാനമെടുക്കുന്നതിന് സഹായകമായിരുന്നു. ഇത്തരത്തിൽ ഈ അമ്മയ്ക്കും മകൾക്കും അനുകൂലമായുള്ള വൈകാരിക പിന്തുണ ശക്തിപ്പെട്ടതിനെ തുടർന്ന് നാടു കടത്തപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇവരെ പുറത്ത് വിടാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു.

ഇതിന് പുറമെ കാംപയിൻ ഓർഗനൈസേഷനായ യുണൈസ് റെസിസ്റ്റ് ബോർഡർ കൺട്രോൾ ഒരു മുതിർന്ന ഇമിഗ്രേഷൻ ലോയറുടെ സേവനവും ഇവർക്ക് ലഭ്യമാക്കിയിരുന്നു. പതിവുപോലെ ഒപ്പിടാൻ വേണ്ടി പോയപ്പോഴായിരുന്നു ശിരോമിണിയെയും അമ്മയെയും അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്തിരുന്നത്. തുടർന്ന് രണ്ട് പേരെയും രണ്ട് രാത്രികൾ വ്യത്യസ്തമായ സെല്ലുകളിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് അവരെ ബെഡ്‌ഫോർഡ്‌ഷെയറിലെ യാൾസ് വുഡ് ഇമിഗ്രേഷൻ ഡിറ്റെൻഷൻ സെന്ററിലേക്ക് അയക്കുകയും ചെയ്തിരുന്നു.തുടർന്ന് ജനസമ്മർദം രൂക്ഷമായതിനെ തുടർന്ന് ഇവിടെ നിന്നും ഇവരെ മോചിപ്പിക്കാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി കടുത്ത പ്രതിസന്ധി ഘട്ടത്തിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ശിരോമിണി രംഗത്തെത്തിയിട്ടുണ്ട്. ഇതിലൂടെ തനിക്ക് പഠനം പൂർത്തിയാക്കാൻ അവസരം ലഭിച്ചതിലും ഈ പെൺകുട്ടി നന്ദി അറിയിക്കുന്നുണ്ട്. അടുത്ത ആഴ്ച നടക്കുന്ന തന്റെ ഗ്രാജ്വേഷൻ സെറിമണി ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മിടുക്കിയിപ്പോൾ. തുടർന്ന് എത്രയും വേഗം ജോലി നേടാനാണ് ശിരോമിണി ഒരുങ്ങുന്നത്. 2009ലായിരുന്നു ഈ പെൺകുട്ടിയും അമ്മയും തന്റെ പിതാവായ സത്കുണരാജാ അയ്യംപിള്ളൈയ്‌ക്കൊപ്പം യുകെയിൽ എത്തിയിരുന്നത്. തുടർന്ന് 2011ൽ അദ്ദേഹം കുടൽ കാൻസർ വന്ന് മരിക്കുകയായിരുന്നു. അതിന് മുമ്പ് വിസ നീട്ടുന്നതിനായി അദ്ദേഹംഅപേക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് അത് റദ്ദാവുകയായിരുന്നു.തുടർന്ന് തന്റെ പഠനം കഴിയും വരെ ഇവിടെ തുടരാൻ അനുവാദംതേടി ശിരോമിണി നിരവധി അപേക്ഷകൾ സമർപ്പിച്ചിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല.