യുകെയിൽ ജോലി ചെയ്യുന്ന അനേകം മലയാളി നഴ്‌സുമാരാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓസ്‌ട്രേലിയയിലേക്ക് പോയത്. കഴിഞ്ഞ ഒന്നു രണ്ടു വർഷങ്ങളിലായി അതിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ഓസ്‌ട്രേലിയ വേണോ യുകെ വേണോ എന്നു തീരുമാനിക്കാൻ സാധിക്കാത്ത അനേകം മലയാളി നഴ്‌സുമാരുണ്ട്. രണ്ടിടത്തെയും അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഏറെയാണ്. ബ്രെക്‌സിറ്റിന് ശേഷം യുകെയും ഓസ്‌ട്രേലിയയും തമ്മിലുള്ള വിസ ബന്ധം പൊളിച്ചെഴുതിയാൽ പിന്നെ ആ ആശങ്കയ്ക്ക് വിരാമം ആകും. ഇങ്ങനെ സംഭവിച്ചാൽ ആർക്ക് വേണമെങ്കിലും ഓസ്ട്രലിയയിൽ പോയി ജോലി ചെയ്യാം. ഇനി അതു വേണ്ടെന്ന് തോന്നിയാൽ തിരിച്ചു യുകെയിൽ എത്തി ജോലി ചെയ്യാനും തടസ്സമില്ല. ഇപ്പോഴത്തെ നീണ്ട പിആർ നടപടിക്രമങ്ങൾ ഒക്കെ ഇല്ലാതായേക്കുമെന്നാണ് സൂചന. ഇത്തരമൊരു സൗകര്യം ലഭ്യമായാൽ യുകെയിലെ മലയാളി നഴ്‌സുമാർക്ക് ലോട്ടറി അടിച്ചതിന് സമാനമായ അവസ്ഥയായിരിക്കും.

ഇത് സംബന്ധിച്ച് യുകെയുമായുള്ള ചർച്ചകൾ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ അലക്‌സാണ്ടർ ഡൗണർ ആരംഭിച്ചിട്ടുണ്ട്. രണ്ട് രാജ്യങ്ങൾക്കുമിടയിലുള്ള യാത്രാ നിയന്ത്രണങ്ങൾ ഇല്ലാതാക്കാനുള്ള ചർച്ചയാണിത്. ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയൻ ടൂറിസ്റ്റുകൾക്ക് ബ്രിട്ടീഷ് എയർപോർട്ടുകളിൽ ഇവിസ ഗേറ്റുകൾ ഉപയോഗിക്കാൻ സഹായിക്കാനും നീക്കം നടക്കുന്നുണ്ട്. യുകെ യൂറോപ്യൻ യൂണിയൻ വിടുന്നതോടെ ഇവ പ്രാബല്യത്തിൽ വരുത്താനാണ് ഉദ്ദേശിക്കുന്നത്. ബ്രെക്‌സിറ്റിന് ശേഷം ഒരു ഗ്ലോബൽ ബ്രിട്ടനെ കെട്ടിപ്പടുക്കുമെന്നാണ് തെരേസ മെയ്‌ പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് യൂണിയന് പുറത്തുള്ള പരമാവധി രാജ്യങ്ങളുമായി അടുത്ത ബന്ധം ഉണ്ടാക്കാനുള്ള നീക്കത്തിന് ബ്രിട്ടൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

യുകെയുമായി നല്ലൊരു വ്യാപാരയാത്രാബന്ധം കെട്ടിപ്പടുക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ യുകെയിലെ മിനിസ്റ്റർമാരുമായി ചേർന്ന് കൊണ്ട് ആരംഭിച്ചിരിക്കുന്നുവെന്നാണ് ഓസ്‌ട്രേലിയയിലെ മന്ത്രിമാർ ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയ എന്ന കോമൺവെൽത്ത് രാജ്യം യുകെയിൽ നിന്നും 9443 മൈലുകൾക്കപ്പുറത്താണ് സ്ഥിതി ചെയ്യുന്നത്. യാത്രാ നിയന്ത്രണങ്ങൾ ഇല്ലാതാക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ യുകെയുമായി നടത്തിയെന്നാണ് ഓസ്‌ട്രേലിയ പറയുന്നത്. ഇതിലൂടെ തങ്ങളുടെ പൗരന്മാർക്ക് യുകെയിലേക്ക് അനായാസം കടന്ന് വരുന്നതിനുള്ള മാർഗങ്ങൾ തേടുമെന്നും ഓസ്‌ട്രേലിയ പറയുന്നു. ഇതിനൊപ്പം ഭാവിയിലെ ഫ്രീട്രേഡ് ഡീലും ത്വരിതപ്പെടുത്തും.

നിലവിൽ യുകെയ്ക്കും യൂറോപ്യൻ യൂണിയനും ഇടയിലുള്ളത് പോലുള്ള പൂർണമായുള്ള ഒരു ഫ്രീമൂവ്‌മെന്റ് അല്ല താൻ ലക്ഷ്യമിടുന്നതെന്ന് ലണ്ടനിലെ ഓസ്‌ട്രേലിയ ഹൈക്കമ്മീഷണറായ അലക്‌സാണ്ടർ ഡൗണർ വ്യക്തമാക്കുന്നു. ബിസിനസുകൾ, പ്രഫഷണലുകൾ, അക്കാദമിക്‌സുകൾ, എന്നിവ ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ എളുപ്പത്തിൽ അങ്ങോട്ടുമിങ്ങോട്ടും പോകുന്നതിനുള്ള മാർഗമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് ഡൗണർ വിശദീകരിക്കുന്നത്. നിലവിൽ ഓസ്‌ട്രേലിയ സന്ദർശിക്കാൻ പോകാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് പൗരന്മാർ നിർബന്ധമായും ഒരു ഇലക്ട്രോണിക് വിസിറ്റർ വിസക്കായി അപേക്ഷിക്കണം.

അവിടെയെത്തുന്നവരോട് അവിടെ താമസിക്കുന്നതിനുള്ള ഫണ്ട്, മടക്ക ടിക്കറ്റ് എന്നിവയ്ക്കുള്ള തെളിവുകൾ ചോദിച്ചെന്നും വരാം. സാധാരണയായി ഓസ്‌ട്രേലിയക്കാർക്ക് ഹോലിഡേക്ക് ഒരു ടൂറിസ്‌റ്റെന്ന നിലയിൽ യുകെ സന്ദർശിക്കാൻ വിസ ആശ്യമില്ല. എന്നാൽ സന്ദർശനം നീട്ടുന്നതിന് വിസ നിർബന്ധമാണ്. പുതിയ നീക്കത്തിലൂടെ ഓസ്‌ട്രേലിയൻ ടൂറിസ്റ്റുകൾക്ക് ബ്രിട്ടീഷ് എയർപോർട്ടുകളിൽ ഇ ഗേറ്റ് സിസ്റ്റം ലഭ്യമാകും. യുകെ യൂണിയനിൽ നിന്നും വിട്ട് പോന്നതിന് ശേഷമേ ഇതെല്ലാം സംഭവിക്കൂ എന്ന് ഡൗണർ വ്യക്തമാക്കുന്നു.