പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലേക്ക് വരുകയെന്നത് ഇഷ്ടമുള്ള കാര്യമാണ്. ചുരുങ്ങിയ ചെലവിൽ ഭകക്ഷണവും താമസവും ലഭിക്കുന്നതിന് പുറമെ വൈവിധ്യമാർന്നതും ചരിത്രപരമായി പ്രാധാന്യമേറിയതുമായ സ്ഥലങ്ങൾ അനായാസം കാണാനും അവർക്ക് സാധിക്കുന്നുണ്ട്. എന്നാൽ ഇനി ഇന്ത്യയിലേക്ക് വരുന്ന ബ്രിട്ടീഷുകാർക്ക് ചെലവേറുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇന്ത്യയിലേക്കുള്ള വിസ ഫീസ് ഇരട്ടിയാക്കിയിരിക്കുന്നത് ബ്രിട്ടീഷുകാരടക്കമുള്ള പാശ്ചാത്യ സഞ്ചാരികൾക്ക് കനത്ത തിരിച്ചടിയാണേകിയിരിക്കുന്നത്. പുതിയ നിരക്കനുസരിച്ച് ഒരു വർഷത്തെ ടൂറിസ്റ്റ് വിസയ്ക്ക് നൽകേണ്ടത് 248 ഡോളറാണ്. വിസ ഫീസിന്റെ പേരിൽ വർഷം തോറും ഇന്ത്യക്കാരെ പിഴിയുന്ന ബ്രിട്ടനും അമേരിക്കയ്ക്കും ഇതിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യ.

പുതിയ നിരക്കനുസരിച്ച് ബ്രിട്ടീഷുകാർക്ക് പുറമെ യുഎസ്എ, കാനഡ, യുഎഇ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യ കാണാനെത്തുന്നവരും വർധിപ്പിച്ച വിസ ഫീസ് നൽകേണ്ടി വരുമെന്നുറപ്പാണ്. നിലവിൽ ഒരു വർഷത്തേക്കുള്ള ടൂറിസ്റ്റ് വിസക്കായി ബ്രിട്ടീഷുകാർ നൽകേണ്ടിയിരുന്നത് 162 ഡോളർ അഥവാ 127 പൗണ്ടായിരുന്നു. അതാണിപ്പോൾ 248 ഡോളർ അഥവാ 194 പൗണ്ടായി വർധിപ്പിച്ചിരിക്കുന്നത്. ഒന്ന് മുതൽ അഞ്ച് വർഷം വരെയയുള്ള വിസക്ക് മുമ്പ് 1484 ഡോളറായിരുന്നുവെങ്കിൽ ഇപ്പോൾ അതിൽ 65 ശതമാനം വർധനവാണ് വരുത്തിയിരിക്കുന്നത്.

മറ്റ് രാജ്യങ്ങളിലെ വിസ ഫീസുമായി പൊരുത്തപ്പെടുന്ന രീതിയിൽ മൊത്തം ഫീ ചാർജുകളിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായിട്ടാണീ ഫീസ് വർധവെന്ന് ഹി്ന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വിസ ഫീസ് വർധനവിന്റെ ഏറ്റവും വലിയ ആഘാതമുണ്ടാകുക ഇസ്രയേലികളുടെ മേലാണ്. നിലവിൽ ഇന്ത്യയിലേക്കുള്ള ഹ്രസ്വകാല വിസക്കായി അവർ നൽകേണ്ടുന്നത് 1120 ഡോളറാണ്. എന്നാൽ നിരക്ക് വർധിച്ചാൽ അവർ 1714 ഡോളർ നൽകേണ്ടി വരും. യുഎസ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവ വർക്ക് വിസ വെട്ടിക്കുറച്ചതിനുള്ള ഇന്ത്യയുടെ പ്രതികരണമാണീ നീക്കമെന്നാണ് ചില വിദഗ്ദ്ധർ പറയുന്നത്.

വിദേശങ്ങളിലുള്ള ലേബർ മാർക്കറ്റ് പ്രതിസന്ധിയിലായിരിക്കുന്നുവെന്നും ഇത് തൊഴിലാളികളെ ധാരാളമായി വിദേശങ്ങളിലേക്ക് അയക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങൾക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അതിനോടുള്ള പ്രതികരണമാണീ വിസ ഫീസ് വർധനവെന്നും മൈഗ്രേഷൻ സ്റ്റഡീസ് വിദഗ്ധനായ എസ് ഇരുദയരാജൻ പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ കാണാനായി വിസ ലഭിക്കാൻ ബ്രിട്ടീഷുകാർ വർഷം തോറും മില്യൺ കണക്കിന് പൗണ്ടുകൾ ചെലവഴിക്കുന്നുണ്ടെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തിലൂടെ വെളിപ്പെട്ടിരുന്നു. വിദേശവിസകൾ ലഭിക്കാനായി ബ്രിട്ടീഷുകാർ വർഷം തോറും 60 മില്യൺ പൗണ്ടാണ് ചെലവഴിക്കുന്നത്. ഇന്ത്യയുടെ വർധിപ്പിച്ച വിസ ഫീസ് ബാധിക്കുന്ന രാജ്യങ്ങളിൽ ചൈനയും തുർക്കിയും ഉൾപ്പെടുന്നു.