മസ്‌ക്കറ്റ്: വിദേശികൾക്കുള്ള തൊഴിൽ വിസാ ഫീസ് വർധിപ്പിച്ച സാഹചര്യത്തിൽ വർധിപ്പിച്ച ഫീസ് വഹിക്കേണ്ടത് തൊഴിൽ ഉടമയാണെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് അംഗം വെളിപ്പെടുത്തി. വിസാ ഫീസ് അടയ്ക്കാൻ തൊഴിലാളിയെ നിർബന്ധിക്കുന്ന എംപ്ലോയർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ചേംബർ ഓഫ് കൊമേഴ്‌സ് അംഗം അഹമ്മദ് അൽ ഹൂതി ചൂണ്ടിക്കാട്ടി.

വിദേശികൾക്കുള്ള വിസാ ഫീസ് 201 റിയാലിൽ നിന്ന് 301 റിയാലായി വർധിപ്പിച്ചത് കഴിഞ്ഞാഴ്ചയാണ്. അതേസമയം തൊഴിലാളികൾക്ക് പ്രത്യേകിച്ച് ബ്ലൂ കോളർ ജോലിക്കാർക്ക് ഇത് താങ്ങാവുന്നതിലധികമാണെന്ന് ചില സോഷ്യൽ വർക്കർമാരും ട്രേഡ് യൂണിയനുകളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ തൊഴിലാളിയെ ജോലിക്കെടുക്കുന്ന സമയത്ത് വിസാ ഫീസ് തൊഴിൽ ഉടമ വഹിക്കണമെന്നും തൊഴിലാളിയെ ഇതിന് നിർബന്ധിക്കരുതെന്നുമാണ് അൽ ഹൂതി പറയുന്നത്.

വിസാ ഫീസ് അടയ്ക്കാൻ തൊഴിലാളിയെ നിർബന്ധിക്കുന്ന കമ്പനി നിയമലംഘനമാണ് നടത്തുന്നത്. ഇക്കാര്യം ശ്രദ്ധയിൽ പെട്ടാൽ കമ്പനിക്കെതിരേ നടപടിയെക്കുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. തൊഴിലാളിയെ ആവശ്യമുള്ള തൊഴിൽ ഉടമ വിസാ ഫീസ് നൽകി തൊഴിലാളിയെ നിയമിക്കുകയാണ് വേണ്ടതെന്നും ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടു.