കുവൈറ്റ് സിറ്റി: പ്രവാസികൾക്കുള്ള വിസാ ഫീസ് നിരക്ക് വർധന, വർക്ക് പെർമിറ്റ് പുതുക്കൽ, ട്രാൻസ്ഫർ തുടങ്ങിയ സംബന്ധിച്ചുള്ള തീരുമാനം അടുത്താഴ്ച മുതൽ നടപ്പിലാക്കിയേക്കും. വിദേശത്തു നിന്ന് രാജ്യത്തേക്ക് വിവിധ മേഖലകളിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള മാർഗനിർദേശങ്ങളും ഇതിനൊടൊപ്പം ലേബർ മിനിസ്റ്റർ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

വിസ് ഫീസ് നിരക്കു വർധന ജൂൺ ഒന്നു മുതൽ പ്രാബല്യത്തിലായേക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അതേസമയം വിവിധ സേവനങ്ങൾക്ക് കുവൈറ്റ് പ്രഖ്യാപിച്ചിരിക്കുന്ന ഫീസ് ജിസിസിയിലെ മറ്റു രാജ്യങ്ങളുമായി താദാത്മ്യപ്പെടുത്തുമ്പോൾ വളരെ കുറവാണെന്നും അധികൃതർ വ്യക്തമാക്കി. വർധിപ്പിച്ച നിരക്ക് പോലും മറ്റു രാജ്യങ്ങളിലേതിനു തുല്യമാകുന്നില്ലെന്നും അധികൃതർ വെളിപ്പെടുത്തുന്നു. സേവന നിരക്ക് വർധിപ്പിക്കുന്നതിനൊപ്പം തന്നെ ഓൺലൈൻ സേവനവും വിപുലപ്പെടുത്താനുള്ള ആലോചനയിലാണ് അധികൃതർ.

ഓൺലൈൻ സേവനം ആരംഭിക്കുന്നതു വഴി എംപ്ലോയർക്കും മറ്റും സമയലാഭവും ഉണ്ടാകുന്നു. നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തുന്നതെന്ന് മന്ത്രാലയം വക്താവ് ചൂണ്ടിക്കാട്ടി. പെർമിറ്റ് അനുവദിക്കൽ, ഇഖാമ പുതുക്കൽ തുടങ്ങിയവയ്ക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നുണ്ട്.