മസ്‌ക്കറ്റ്: വിദേശ വനിതകൾക്ക് ഒമാനിൽ ജോലി ചെയ്യുന്നതിനുള്ള വർക്ക് വിസയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രാലയം. രാജ്യത്ത് വിദേശ വനിതകൾക്കുള്ള വർക്ക് വിസയിൽ നിയന്ത്രണങ്ങൾ മാത്രമാണ് ഉള്ളതെന്നും ഇവർക്കുള്ള വർക്ക് വിസകൾ നിരോധിച്ചിട്ടില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.

സുൽത്താനേറ്റിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വനിതകളുടെ അപേക്ഷകൾ സൂക്ഷ്മമായി പരിശോധിക്കുമെന്നും ഉചിതമെന്ന് തോന്നുന്നവയ്ക്കു മാത്രമേ വർക്ക് വിസ അനുവദിക്കുകയുള്ളൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചില പ്രൊഫഷനുകളിൽ ഉള്ളവർക്ക് പേപ്പർ വർക്കുകൾ ശരിയായി കിട്ടാൻ ചിലപ്പോൾ ഒരു വർഷം വരെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അതേസമയം ചില പ്രൊഫഷനുകളിലുള്ളവരുടെ എംപ്ലോയ്‌മെന്റ് വിസ തിരസ്‌ക്കരിച്ച സംഭവങ്ങളുമുണ്ട്. പ്രത്യേകിച്ച്, കൺസ്ട്രക്ഷൻ, ചെറുകിട ബിസിനസ് തുടങ്ങിയ മേഖലകളിലുള്ളവരുടെ വിസാ അപേക്ഷകളാണ് നിരസിച്ചിട്ടുള്ളതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

രാജ്യത്ത് ജോലി ചെയ്യുന്ന വിദേശ വനിതകളുടെ സുരക്ഷയെ കരുതിയാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്നും വക്താവ് വെളിപ്പെടുത്തുന്നു. വനിതകൾക്കുള്ള എംപ്ലോയ്‌മെന്റ് വിസയ്ക്കായി അപേക്ഷ ലഭിക്കുമ്പോൾ സ്ത്രീകൾ ആ കമ്പനിയിലേക്ക് ആവശ്യമാണോ അവർ ഈ കമ്പനിയിൽ സുരക്ഷിതരാണോ എന്നുള്ള കാര്യങ്ങൾ പരിഗണനയ്‌ക്കെടുക്കുമെന്നും ഉചിതമെന്നു തോന്നിയാൽ മാത്രമേ വിസ അനുവദിക്കുയുള്ളൂവെന്നും മന്ത്രാലയം വെളിപ്പെടുത്തുന്നു.

രണ്ടായിരത്തോളം പുരുഷന്മാർ ജോലി ചെയ്യുന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ മറ്റൊരു സ്ത്രീയുടെ ആവശ്യമെന്താണെന്നാണ് അധികൃതർ ചോദിക്കുന്നത്. വിദേശങ്ങളിൽ നിന്നെത്തി ഇവിടെ ജോലി ചെയ്യുന്ന ഒട്ടേറെ വനിതകൾക്ക് വർക്ക് വിസാ ലഭിക്കുന്നതിനായി ഒട്ടേറെ കടമ്പകളാണ് നേരിടേണ്ടി വരുന്നത്.