ബംഗളൂരു: സിംഗപ്പൂരിൽ നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് വൻ വീസ തട്ടിപ്പിൽ നാൽപതിലേറെ മലയാളികൾക്കും പണം നഷ്ടമായി. റിക്രൂട്‌മെന്റ് ഏജൻസിയായ എലൈറ്റ് പ്രഫഷനലിനെതിരെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് പരാതി ലഭിച്ചിരിക്കുന്നത്.

സിംഗപ്പൂരിലെ അമിഡ്ഗാല നഴ്‌സിങ് ഹോമിൽ ജോലി നൽകാമെന്ന വാഗ്ദാനവുമായി 60,000 രൂപയാണ് കമ്പനി ഈടാക്കിയത്. ലഭിച്ച വീസ വ്യാജമായിരുന്നു. ഇതോടെയാണ് പൊലീസിൽ പരാതി എത്തിയത്. പൊലീസ് സൈബർ ക്രൈം വിഭാഗത്തിനും എറണാകുളം എസ്‌പിക്കും നായരമ്പലം സ്വദേശി ടിറ്റോ ആന്റണിയാണ് പരാതി നൽകിയത്. വിസ നൽകിയ അമിഡ്ഗാല എന്നൊരു ആശുപത്രി തന്നെ നിലവിലില്ലെന്ന് കണ്ടെത്തിയതോടെയാണ് പരാതി നൽകിയത്.

ഛത്തീസ്‌ഗഡിലെ ബിലാസ്പുരിൽനിന്നുള്ള സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു. 'സിംഗപ്പൂരിലേക്ക് സൗജന്യ റിക്രൂട്‌മെന്റ്' എന്ന് പ്രമുഖ തൊഴിൽ പോർട്ടലായ നൗക്കരി ഡോട്ട് കോമിലൂടെയാണു പരസ്യം നൽകിയത്. വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തവരെ നേരിട്ടു വിളിച്ച് പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഡിജിറ്റൽ ഒപ്പും വാങ്ങി.

വീസയുടെ ആധികാരികത ബോധ്യപ്പെടുത്താൻ സർക്കാരിന്റേതെന്ന പേരിൽ ചെക്ക് ദ് വീസ ഡോട്ട് കോം എന്ന പേരിൽ വ്യാജ വെബ്‌സൈറ്റ് വരെ ഒരുക്കിയിരുന്നു. ഇതിൽ പരിശോധിച്ചപ്പോൾ വീസ ആധികാരികമെന്നു കാണിച്ചു. സിംഗപ്പൂരിലേക്കു പോകാൻ കൊച്ചി വിമാനത്താവളത്തിൽ എത്തി രേഖകൾ പരിശോധിച്ചപ്പോഴാണു വീസ വ്യാജമാണെന്നു തെളിഞ്ഞത്. ഇതോടെയാണ് ടിറ്റോ പരാതിയുമായെത്തിയത്.