- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇൻട്ര കമ്പനി ട്രാൻസ്ഫർ വിസയുടെ പേരിൽ കമ്പനികൾ വൻ തട്ടിപ്പ് നടത്തുന്നു; കഴിവില്ലാത്ത സാദാജോലിക്കാരെ കൃത്യമായി കയറ്റിവിടുന്നു; അന്വേഷണം പ്രഖ്യാപിച്ച് ഹോം ഓഫീസ്
ലണ്ടൻ: ബ്രിട്ടനിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾ, ബ്രിട്ടനിലേക്ക് വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള പദ്ധതി ദുരുപയോഗം ചെയ്യുന്നതായി ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നു. ഉയർന്ന നൈപുണ്യം ആവശ്യമായ ജോലികളിലേക്ക് വിദേശത്തുനിന്നും ആളുകളെ കൊണ്ടുവരാനുള്ള പദ്ധതിയാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. ഇത് ഉപയോഗിച്ച്, പ്രത്യേക നൈപുണ്യം ഒന്നും ആവശ്യമില്ലാത്ത ജോലികളിലേക്കും ഇവർ ആളെ എത്തിക്കുകയാണ്.
ഹോം ഓഫീസ് നടപ്പിലാക്കിയ ഇൻട്രാ കമ്പനി ട്രാൻസ്ഫർ അഥവ ഐ സി ടി പദ്ധതിയുടെ മറവിലാണ് ഇവർ ഇങ്ങനെ ആളുകളെ എത്തിക്കുന്നത്. ഇതിനായി, കൊണ്ടുവരുന്നവരുടെ തസ്തിക, അപേക്ഷയിൽ വ്യക്തമായി പ്രതിപാദിക്കുകയില്ല. അതുപോലെ ജീവനക്കാർക്ക് നൽകുന്ന ഹൗസിങ് സൗകര്യങ്ങളുടെ മൂല്യത്തിലും കൃത്രിമമായി വർദ്ധനവ് രേഖപ്പെടുത്തി അവരുടെ മൊത്തം വരുമാനം കൂട്ടിക്കാണിക്കാനും കമ്പനികൾ തയ്യാറാകുന്നുണ്ട്. ഈ പദ്ധതിയിലൂടെ ജോലിക്കെത്തുന്നവർക്ക് ഏറ്റവും ചുരുങ്ങിയത് ഒരു നിശ്ചിത തുക ശമ്പളമായി വേണമെന്നുണ്ട്. ഈ ശമ്പളത്തുകയോട് തുല്യമാകുവാനാണ് കൃത്രിമ രേഖകളിലൂടെ ശമ്പളം കൂട്ടിക്കാണിക്കുന്നത്.
മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി (എം എ സി) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നിരുന്നാലും ഇങ്ങനെ ഐ സി ടി വഴി എത്തുന്ന ജീവനക്കാർക്ക് പിന്നീട് ബ്രിട്ടനിൽ സ്ഥിരതാമസം ആക്കുവാനും ബ്രിട്ടീഷ് പൗരന്മാർ ആകുവാനും ഉള്ള സൗകര്യം നൽകേണ്ടതുണ്ട് എന്നും എം എ സി പറയുന്നു. ബഹുരാഷ്ട്ര കമ്പനികൾക്ക് അവരുടേ ജീവനക്കാരെ ബ്രിട്ടനിലെ ഓഫീസുകളിൽ ജോലി ചെയ്യുന്നതിനായി അയയ്ക്കുവാൻ സൗകര്യം ഒരുക്കുന്ന ഒന്നാണ് ഐ സി ടി. കോവിഡ് കാലത്തിനു മുൻപ് ഏകദേശം 40,000 പേരോളം ഇത്തരത്തിൽ എല്ലാവർഷവും ബ്രിട്ടനിലെത്താറുണ്ടായിരുന്നു.
ഇത്തരത്തിൽ ഇവിടെ എത്തുവാൻ ഒരു വ്യക്തി ചുരുങ്ങിയത് 12 മാസമെങ്കിലുംകമ്പനിയുടെ മറ്റേതെങ്കിലും വിദേശ ബ്രാഞ്ചുകളിൽ ജോലി ചെയ്തിരിക്കണം. മാത്രമല്ല, ഏറ്റവും ചുരുങ്ങിയത് 41,500 പൗണ്ട് ശമ്പളം ലഭിക്കുകയും വേണം. താമസം ഉൾപ്പടെയുള്ളതാണ് ഈ തുക. സ്‌കിൽഡ് വർക്കർ വിസ പോലുള്ള മറ്റു വിസകളിൽ നിന്നും വിഭിന്നമായി ഐ സി ടിയിൽ ഇവിടെ എത്തുന്നവർക്ക് ഇംഗ്ലീഷ് അറിഞ്ഞിരിക്കണം എന്ന് നിർബന്ധമില്ല.
ഈ സൗകര്യം ദുരുപയോഗം ചെയ്യപ്പെട്ടതായി ശ്രദ്ധയിൽ പെട്ടയുടനെ ഇക്കാര്യത്തിൽ ഹോം ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, ഭാവിയിൽ ഇതാവർത്തിക്കാതിരിക്കാൻ, കർശനമായ പരിശോധനകൾ നടത്തണമെന്ന് എം എ സി നിർദ്ദേശിച്ചിട്ടുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ