പയ്യന്നൂർ: ഓസ്‌ട്രേലിയയിൽ ജോലിക്കുള്ള വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടറിൽനിന്ന് 13 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. ഹരിയാണ ഫരീദാബാദിലെ ദാബുവ കോളനിവാസിയായ ആൻഡ്രിയാസ് കെ. മസിയാണ് ഒളിവിൽ കഴിയുന്നതിനിടയിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.

പയ്യന്നൂർ ഡിവൈ.എസ്‌പി. കെ.ഇ. പ്രേമചന്ദ്രന്റെ നിർദേശപ്രകാരം പയ്യന്നൂർ പൊലീസ് ഇൻസ്‌പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മുംബൈയിലെ രഹസ്യകേന്ദ്രത്തിൽനിന്ന് പിടിച്ചത്.
2018 നവംബർ 12 മുതൽ 2019 നവംബർ 20 വരെയുള്ള ദിവസങ്ങളിലായാണ് പയ്യന്നൂർ കുണ്ടയംകൊവ്വലിലെ ഡോക്ടർ നിതിൻ കണ്ണനിൽനിന്ന് വിസയ്ക്കായി 13 ലക്ഷം രൂപ ഇയാൾ വാങ്ങിയത്. ഒന്നിച്ച് ഓസ്‌ട്രേലിയയിലേക്ക് പോകാമെന്ന് വാഗ്ദാനം നൽകിയാണ് പണം വാങ്ങിയത്.

ആൻഡമാനിൽ താമസിക്കുകയായിരുന്ന ആൻഡ്രിയാസുമായി കോച്ചിങ് ക്ലാസിനിടയിലാണ് ഡോക്ടർ പരിചയപ്പെട്ടത്. വിസയ്ക്കായി പണം വാങ്ങിയശേഷം വിസയോ പണമോ നൽകാതെ വഞ്ചിച്ചതായാണ് ഡോക്ടർ നൽകിയ പരാതി. പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഉപയോഗിച്ചിരുന്ന ഫോൺനമ്പറുകൾ മാറ്റിയതിനാൽ സൈബർ സെല്ലിന്റെ അന്വേഷണവും വിഫലമായി.

മുംബൈ പൊലീസിന്റെ അഗ്രപാട പൊലീസ് സ്റ്റേഷനിലെ ഡിറ്റക്ടീവ് അംഗങ്ങളും പയ്യന്നൂർ എഎസ്ഐ. എ.ജി. അബ്ദുൾ റൗഫ്, സി.പി.ഒ. പി.കെ. വിജിത്ത് എന്നിവരും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ആറോളം തൊഴിലാളികൾ താമസിക്കുന്ന ഹാളിൽനിന്ന് പ്രതിയെ കണ്ടെത്തിയത്. പ്രതിയുടെ പക്കൽനിന്ന് ലാപ്‌ടോപ്, ടാബ്, നിരവധി സ്റ്റാമ്പുകൾ, മറ്റു രേഖകൾ എന്നിവ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞദിവസമാണ് ഇയാളെ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.