ഷാർജ: ജീവിതമെന്ന കടലിൽ ദുരിത്തിന്റെ അലകൾ ശക്തമാകവേയാണ് മുന്നിലെത്തിയ വഴി സത്യമെന്ന് വിശ്വസിച്ച് അവർ ഷാർജയിലേക്ക് വിമാനം കയറിയത്. ഒടുവിൽ തങ്ങൾ പെട്ടത് വീസാ ഏജന്റിന്റെ കെണിയിലാണെന്ന് അറിഞ്ഞതോടെ കണ്ണീരും പ്രാർത്ഥനയും മാത്രമായിരുന്നു ഇവർക്ക് ശരണം. മറ്റാർക്കും ഈ ഗതി വരരുതേ എന്ന് കണ്ണീരോടെ പറയുന്ന യുവതിയുടെ വാക്കുകളാണ് ഇപ്പോൾ ഏവരുടേയും ഉള്ളിൽ തിളയ്ക്കുന്നത്. ഷാർജയിൽ തട്ടിപ്പിനിരയായ മൂന്ന് കോട്ടയം സ്വദേശികൾക്ക് ഷാർജ മലയാളി കൂട്ടായ്മ ദൈവ കരങ്ങൾ പോലെ സംരക്ഷണമായി മാറുകയായിരുന്നു.

ഇക്കഴിഞ്ഞ നവംബർ 26നാണ് 31കാരിയായ യുവതിയും രണ്ട് യുവാക്കളും ഷാർജയിൽ എത്തിയത്. 22,25 വയസ് പ്രായമുള്ള യുവാക്കൾ തന്റെ അകന്ന ബന്ധുക്കളാണെന്നും യുവതി പറയുന്നു. വിമാനത്താവളത്തിലെത്തിയ ഏജന്റ് ഇവരെ റോള മാളിനടുത്തേക്കാണ് ആദ്യം കൂട്ടിക്കൊണ്ട് പോയത്. താമസിക്കാനായി രണ്ട് മുറികളും ഏർപ്പാട് ചെയ്ത ശേഷം ഇയാൾ പാസ്‌പോർട്ടുകൾ വാങ്ങി. ഈ ഏജന്റ് കോഴിക്കോട് സ്വദേശിയാണെന്നാണ് വിവരം.

ജോലിയുടെ കാര്യത്തിൽ കൃത്യമായി മറുപടി പറയാതിരുന്ന ഇയാൾ നിങ്ങളെ താമസ സ്ഥലത്ത് എത്തിക്കുക മാത്രമാണ് എന്റെ ജോലിയെന്ന് പറഞ്ഞ് മലക്കം മറിയുകയായിരുന്നു. പിറ്റേന്ന് രാവിലെ താമസ സ്ഥലത്തിന്റെ വാടക ചോദിച്ച് ആളെത്തിയപ്പോൾ തങ്ങൾ ചതിക്കപ്പെട്ടിരിക്കുകയാണെന്നും തിരിച്ചറിഞ്ഞു. കൈയിൽ ഒന്നുമില്ലെന്ന് പറഞ്ഞപ്പോൾ ബാഗുകളും മറ്റും എടുത്ത് പുറത്തേക്കിട്ട് ഇവരെ ഇറക്കിവിട്ടു.

തിരുവനന്തപുരത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ സുഹൃത്ത് പരിചയപ്പെടുത്തിയ ഏജന്റ് തൊഴിൽ വീസ എന്നു പറഞ്ഞ് ഒരാളിൽ നിന്ന് 65,000 രൂപ വീതം വാങ്ങിയാണ് യുഎഇ സന്ദർശക വീസ നൽകിയത്. ഈ വിസ വഴി ഡൽഹിയിലെത്താൻ ഡൽഹി യാത്രയും നടത്തേണ്ടി വന്നു. നവംബർ 15നായിരുന്നു ഏജന്റിന്റെ നിർദ്ദേശപ്രകാരം മൂവരും ഡൽഹിയിലെത്തിയത്. 18ന് വിമാന ടിക്കറ്റ് ശരിയാകുമെന്ന് പറഞ്ഞു തലസ്ഥാന നഗരിയിലെ കുടുസ്സുമുറികളിൽ താമസ സൗകര്യം നൽകി.

ആദ്യം 40,000 രൂപയാണ് ഓരോരുത്തരും നൽകിയത്. ബാക്കി യുഎഇയിലെത്തി ജോലിയിൽ പ്രവേശിച്ചാൽ നൽകിയാൽ മതിയെന്നായിരുന്നു കരാർ. എന്നാൽ, ഡൽഹിയിലെത്തിയപ്പോൾ നാട്ടിലെ ഏജന്റിന്റെ കണ്ണിയായ ഡൽഹിക്കാരൻ തനി സ്വഭാവം പുറത്തെടുത്തു. മുഴുവൻ തുക ലഭിക്കാതെ വീസയും വിമാന ടിക്കറ്റും നൽകില്ലെന്നായിരുന്നു നിലപാട്. പാസ്‌പോർട്ടുകളും ഇയാൾ പിടിച്ചുവച്ചു.

ഇതോടെ യാത്ര പാതിവഴിയിലാവുകയും വീണ്ടും നാട്ടിലേയ്ക്ക് തിരിച്ചുപോക്ക് ഓർക്കാൻ പോലും വയ്യാത്തതിനാൽ ബാക്കി പണം ഒപ്പിച്ച് നൽകുകയും ചെയ്തു. ദുബായിലെ മറീന മാളിൽ ആയിരുന്നു മൂവർക്കും മികച്ച ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തിരുന്നത്! അങ്ങനെ ഒൻപത് ദിവസത്തെ ദുരിതത്തിന് ശേഷം 25ന് മൂവരും ഷാർജയിലേയ്ക്ക് വിമാനം കയറി.

യുവതി നേരത്തെ മൂന്ന് വർഷം യുഎഇയിൽ ജോലി ചെയ്തിരുന്നയാളാണ്. ഇതിനിടെയാണ് ഒരു യുവാവുമായി പ്രണയത്തിലായത്. രണ്ടുപേരുടെയും ജാതിയും സാമ്പത്തിക നിലയും വ്യത്യസ്തമായതിനാൽ ബന്ധുക്കളിൽ നിന്ന് എതിർപ്പുകളുണ്ടായി. തീവ്ര പ്രണയത്തിന് മുൻപിൽ അതെല്ലാം അലിഞ്ഞില്ലാതായി. എങ്കിലും യുവതിയെ സ്വീകരിക്കാൻ ഭർത്താവിന്റെ കുടുംബം തയ്യാറായില്ല. യുവതി തിരിച്ച് യുഎഇയിലേയ്ക്ക് വന്നില്ല.

എന്നാൽ, ഭർത്താവ് പിന്നീട് ജോലി തേടി സൗദിയിലേയ്ക്ക് പോയി. അടുത്തിടെയാണ് ഇയാൾക്ക് അർബുദം ബാധിച്ചതായി മനസിലായത്. എന്നാൽ, നാട്ടിലെത്തിയാൽ ചികിത്സയ്ക്ക് വഴി കണ്ടെത്താനാവില്ലെന്ന് തിരിച്ചറിഞ്ഞ് സൗദിയിൽ തന്നെ ജോലിയിൽ തുടരുന്നു. ഭർത്താവിന്റെയോ തന്റെയോ ബന്ധുക്കളിൽ നിന്ന് യാതൊരു സഹായവും ലഭിക്കാൻ ഇടയില്ലെന്ന് മനസിലാക്കിയാണ് താൻ വീണ്ടും ജോലി അന്വേഷിച്ച് യുഎഇയിലേയ്ക്ക് വരാൻ തീരുമാനിച്ചതെന്ന് യുവതി കണ്ണീരോടെ പറയുന്നു.

നാട്ടിൽ ഡ്രൈവർമാരായിരുന്നു ചതിയിൽപ്പെട്ട രണ്ട് യുവാക്കളും. 25 വയസുള്ള യുവാവ് ഫോർവീലർ ഓടിച്ച് ജീവിക്കുകയായിരുന്നു. അച്ഛൻ, അമ്മ, വല്യച്ഛൻ, വല്യമ്മ, സഹോദരി എന്നിവരുടെ ആശ്രയമായിരുന്നു ഇയാൾ. 22 വയസുകാരൻ പാചക വാതക സിലിണ്ടറുകളുടെ വിതരണ കമ്പനിയിലെ ഡ്രൈവറായിരുന്നു. അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. ഹൈസ്‌കൂൾ വിദ്യാഭ്യാസം മാത്രമുള്ള രണ്ടുപേരും മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ചാണ് ഗൾഫ് യാത്രയ്‌ക്കൊരുങ്ങിയത്. എന്നാൽ അതു ഇങ്ങനെ ദുരിതക്കടലിൽ മുങ്ങിയതോർത്ത് ദുഃഖിക്കാൻ മാത്രമേ ഇവർക്ക് സാധിക്കുന്നുള്ളൂ.