മാനിൽ ജീവിക്കുന്ന പ്രവാസികൾക്ക് ഇരുട്ടടി നല്കികൊണ്ട് വിസാ നിരക്ക് ഇരട്ടിയായി വർദ്ധിപ്പിച്ചു. പ്രവാസികളുടെ ഫാമിലി വിസ, ഇൻവെസ്റ്റർ വിസ, സ്റ്റുഡന്റ് വിസ എന്നിവയുടെ നിരക്കാണ് ഉയർത്തിയത്. ഇതിന് പുറമെ വിസ പുതുക്കാനുള്ള ചാർജും വർധിപ്പിച്ചു. അടുത്തമാസം 21 മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും.

പുതിയ നിരക്ക് അനുസരിച്ച് പ്രവാസികൾക്ക് കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കൊണ്ടുവരാനുള്ള ഫാമിലി ജോയിനിങ് വിസക്ക് 30റിയാൽ അഥവാ 4700 ലേറെ രൂപയാകും. നേരത്തേ 20 റിയാലായിരുന്നു ഇതിന് ചാർജ്. കുടുംബത്തിനുള്ള സന്ദർശക വിസക്കും 30 റിയാലാണ് നിരക്ക്. ഇതോടെ സാധാരണക്കാർക്ക് കുടംബത്തെ ഒപ്പം കൂട്ടാനുള്ള മോഹങ്ങൾക്ക് അറുതിയായിരിക്കുകയാണ്.

താമസ കുടിയേറ്റ നിയമത്തിൽ ഭേദഗതി വരുത്തി ഈ മാസം 22 ന് റോയൽ ഒമാൻ പൊലീസ് ഇൻസ്‌പെക്ടർ ജനറൽ ലഫ്. ജനറൽ ഹസൻ ബിൻ മുഹ്‌സിൻ അൽശുറൈഖി പുറത്തിറക്കിയ ഉത്തരവിലാണ് വിസാ നിരക്കുകൾ വർധിപ്പിച്ചത്.ബിസിനസ് നിക്ഷേപകർക്ക് നൽകുന്ന ഇൻവെസ്റ്റർ വിസക്കുള്ള നിരക്ക് 20 റിയാലിൽ നിന്ന് ഇരട്ടിയിലേറെ ഉയർത്തി 50 റിയാലാക്കി. സ്റ്റുഡന്റ് വിസക്ക് 30 റിയാലാണ് പുതിയ ഫീസ്. കുടുംബാംഗങ്ങളുടെ വിസ പുതുക്കാനുള്ള നിരക്ക് 10 റിയാലിൽ നിന്ന് 30 റിയാലാക്കിയാണ് ഉയർത്തിയത്. ഇൻവെസ്റ്റർവിസ, സ്റ്റുഡന്റ് വിസ എന്നിവ പുതുക്കാൻ യഥാക്രമം 50 റിയാൽ, 30 റിയാൽ എന്നിങ്ങനെ ഫീസ് ഈടാക്കും.

നിരക്ക് വർധിപ്പിച്ചതിന് പുറമെ വിസ ഉപയോഗിക്കാവുന്ന കാലാവധിയും വെട്ടിച്ചുരുക്കി. നേരത്തേ വിസയെടുത്ത് രാജ്യത്ത് പ്രവേശിക്കാൻ ആറുമാസം കാലാവധി ലഭിക്കുമായിരുന്നെങ്കിൽ ഇനി മുതൽ മൂന്ന് മാസത്തിനകം വിസ ഉപയോഗിക്കണം.