മെൽബൺ: രാജ്യത്ത് അനുഭവപ്പെടുന്ന സ്‌കിൽഡ് വിദഗ്ധരുടെ അഭാവം നികത്താൻ വിദേശ വിദ്യാർത്ഥികൾക്ക് വിസാ ലോട്ടറി സംവിധാനം ഏർപ്പെടുത്താൻ ഓസ്‌ട്രേലിയൻ മൈഗ്രേഷൻ കൗൺസിൽ ശുപാർശ ചെയ്തു. തുടക്കത്തിൽ 10,000 വിദേശ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്ന തലത്തിലാണ് വിസാ ലോട്ടറി സംവിധാനം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. 

വിസാ ലോട്ടറി ഏർപ്പെടുത്തുന്നതു മൂലം കമ്പ്യൂട്ടർ സയൻസ്, എൻജിനീയറിങ് മേഖലകളിലുള്ള വിദ്യാർത്ഥികൾക്കാണ് കൂടുതൽ ഗുണം ചെയ്യുക. വിദ്യാർത്ഥികൾക്ക് നാലു വർഷത്തേക്കുള്ള വർക്കിങ് വിസ നൽകാനും കൗൺസിൽ ശുപാർശ നൽകിയിട്ടുണ്ട്. ഇതോടെ ഉദ്യോഗാർഥിയെ സ്‌പോൺസർ ചെയ്യുന്നതിന് എംപ്ലോയറുടെ ആവശ്യമില്ലാതാകും.

വിസാ ലോട്ടറിക്ക് അർഹനാകുന്ന വിദ്യാർത്ഥി അണ്ടർ ഗ്രാജ്വേറ്റ് ആയിരിക്കുകയോ അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള ആളോ ആകണമെന്ന് നിർബന്ധമുണ്ട്. വയസ് 30-ൽ താഴെയായിരിക്കണം. ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം വേണമെന്നുള്ളത് നിർബന്ധമാണ്. വിസയ്ക്ക് അർഹത നേടണമെങ്കിൽ അപേക്ഷകർ ഹെൽത്ത് ചെക്കപ്പിനും കാരക്ടർ ടെസ്റ്റിനും വിധേയനാകണം.

അമേരിക്കയും യുകെയും വിദ്യാർത്ഥികളിൽ നിന്ന് മുഖം തിരിക്കുന്ന നടപടിക്രമങ്ങളാണ് സ്വീകരിക്കുന്നതെങ്കിൽ ഓസ്‌ട്രേലിയയുടെ കാര്യത്തിൽ നേരേ മറിച്ചാണ് അവസ്ഥ. വിദേശ വിദ്യാർത്ഥികൾക്ക് ഇവിടെ കൂടുതൽ അവസരമൊരുക്കിക്കൊണ്ട് അവരെ ആകർഷിക്കുകയാണ് ഓസ്‌ട്രേലിയ ചെയ്യുന്നത്. പുതിയ സംവിധാനത്തിൽ 10,000ത്തോളം വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ലഭിക്കുമെന്നാണ് കരുതുന്നത്. കൂടാതെ ഇത്രത്തോളം തന്നെ ടെമ്പററി ജോബ് വിസകളും റിലീസ് ചെയ്യാൻ കൗൺസിൽ ശുപാർശയിലുണ്ട്.