വീസ ഓൺ അറൈവൽ പദ്ധതി പ്രകാരം ഖത്തറിലെത്തുന്നവർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി വീസ സൗജന്യമായി ഒരുമാസത്തേക്ക് കൂടി നീട്ടാം. ഇതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസാരഹിത സന്ദർശനം 30 ദിവസത്തേക്കു കൂടി നീട്ടാനായി എയർപോർട്ട് പാസ്പോർട്ട് വിഭാഗത്തെ സമീപിക്കേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി .

കാലാവധി കഴിഞ്ഞ് താമസാനുമതി പുതുക്കാത്തവരിൽ നിന്ന് ഓരോ ദിവസത്തിനും 200 റിയാൽ വീതം ഈടാക്കുമെന്നും എയർപോർട്ട് പാസ്പോർട്ട് വിഭാഗം ഡയറക്ടർ അറിയിച്ചു.ഓൺലൈൻ സംവിധാനം നിലവിലുണ്ടെങ്കിലും പുതുക്കാനായി ഓഫീസിൽ നേരിട്ടെത്തുന്നവരാണധികവും. ഈ സാഹചര്യത്തിലാണ് വിസാരഹിത സന്ദർശകരുടെ താമസാനുമതി ഇനി മുതൽ ഓൺലൈൻ വഴി മാത്രമേ പുതുക്കാവൂ എന്ന് എയർപോർട്ട് പാസ്പോർട്ട് വിഭാഗം അറിയിച്ചത്. 

ഓൺലൈൻ റിനീവൽ സംവിധാനം പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് എയർപോർട്ട് പാസ്പോർട്ട് വിഭാഗം ഡയരക്ടർ കേണൽ മുഹമ്മദ് റാഷിദ് അൽ മസ്റൂഇ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ www.moi.gov.qa എന്ന ഹോം പേജിൽ 'വിസാസ്' എന്ന വിൻഡോവിൽ പ്രവേശിച്ച് 'വിസ എക്‌സ് റ്റൻഷൻ' വിൻഡോവിൽ കയറിയാണ് നടപടികൾ പൂർത്തീകരിക്കേണ്ടത്.