2017ലെ ഓസ്‌കാർ പുരസ്‌കാരത്തിന് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായി തമിഴ് ചിത്രം വിസൈരണൈ തെരെഞ്ഞെടുത്തു.
വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലാണ് വിസാരണൈ തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സംവിധായകൻ കേതൻ മേത്ത അധ്യക്ഷനായ ജൂറിയാണ് അക്കാദമി അവാർഡിൽ വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി വെട്രിമാരൻ സംവിധാനം ചെയ്ത വിസാരണൈ സമർപ്പിക്കാൻ തീരുമാനിച്ചത്. മലയാളത്തിൽ നിന്ന് സംവിധായകൻ ഹരികുമാർ ജൂറിയിലുണ്ടായിരുന്നു. വിസാരണൈ തെരഞ്ഞെടുത്ത ജൂറിയുടെ തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യാ സെക്രട്ടറി സുപ്രൻ സെൻ പറഞ്ഞു.

29 സിനിമകളാണ് വിവിധ ഭാഷകളിൽ നിന്നായി പരിഗണിച്ചത്. ഡോ.ബിജു സംവിധാനം കാട് പൂക്കുന്ന നേരം ആയിരുന്ന മലയാളത്തിൽ നിന്നുള്ള ഏക എൻട്രി. ധനക്, ഉഡ്താ പഞ്ചാബ്, തിത്തി, സായ് രാത്, ഉമ്രിക, നീർജ എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

2017 ഫെബ്രുവരി 27നാണ് ലോസ് എഞ്ചൽസിൽ 89ാമത് ഓസ്‌കാർ പുരസ്‌കാര പ്രഖ്യാപനം. ഇന്ത്യ ഇതേവരെ വിദേശ ഭാഷാ വിഭാഗത്തിൽ അക്കാദമി പുരസ്‌കാരം നേടിയിട്ടില്ല. ഇതുവരെ സമർപ്പിക്കപ്പെട്ട സിനിമകളിൽ മൂന്ന് ചിത്രങ്ങൾക്കാണ് നോമിനേഷൻ ലഭിച്ചിരുന്നത്. വെട്രിമാരനും ധനുഷും ചേർന്നാണ് വിസാരണൈ നിർമ്മിച്ചിരിക്കുന്നത്

ഭരണകൂട ഉപകരണങ്ങൾ നടത്തുന്ന ഹിംസയുടെയും കൊടിയ പീഡനങ്ങളുടെ നേർച്ചിത്രമാണ് വിസാരണൈ എന്ന ചിത്രം. ആന്ധ്രയിലെ ഗുണ്ടൂരിൽ 13 ദിവസം പൊലീസിന്റെ ക്രൂരപീഡനത്തിന് ഇരയായിട്ടും തന്റെ നിരപരാധിത്വത്തിൽ ഉറച്ചുനിന്ന ഓട്ടോ ചന്ദ്രനാണ് വിസാരണൈയ്ക്ക് പ്രചോദനമായ കഥാപാത്രം. വെനീസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.