ന്ത്യൻ സിനിമയിലും മീ ടു ക്യാമ്പെയ്ൻ ഉയർത്തിയ വെല്ലുവിളികൾ ചില്ലറയല്ല. പ്രമുഖ നടിമാരടക്കം നിരവധി സ്ത്രീകളാണ് തങ്ങൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞതും മീ ടു ക്യാമ്പെയനുകളെ പിന്തുണച്ചും രംഗത്തെത്തിയത. എന്നാൽ ഈ ക്യാമ്പെയൻ ലൈംഗികാതിക്രമങ്ങൾ നേരിട്ടവർക്കും അതിനെ അതിജീവിച്ചവർക്കും തുറന്ന് സംസാരിക്കാൻ അവസരം ഒരുക്കുന്നുണ്ടെങ്കിലും ചില വ്യക്തികൾ ദുരുപയോഗം ചെയ്യുന്നുവെന്നാണ് നടൻ വിശാൽ പറയുന്നത്. തമിഴ് സിനിമയിൽ സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താൻ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് വിശാൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശാലിന്റെ പ്രതികരണം.

ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഒരേ പോലെയാണ്. അവസരം ലഭിക്കുന്നതിന് ശാരീരികമായും മാനസികമായും വഴങ്ങി കൊടുക്കാൻ പെൺകുട്ടികൾ നിർബന്ധിതരാവുകയാണ്. ഇതൊരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. എന്റെ സിനിമകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ സുരക്ഷിതരാണോ എന്ന് ഞാൻ ഉറപ്പുവരുത്താൻ ശ്രമിക്കാറുണ്ട്.

മീ ടൂ ക്യാമ്പയിന്റെ ഭാഗമായി സ്ത്രീകൾ തുറന്ന് സംസാരിക്കുമ്പോൾ വേട്ടക്കാരുടെ മുഖം സമൂഹം പെട്ടന്ന് തിരിച്ചറിയും. എന്നാൽ ചില വ്യക്തികൾ മീ ടൂ ക്യാമ്പയിൻ അവരുടെ വ്യക്തി താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നു. അതൊരിക്കലും അംഗീകരിക്കാനാവില്ല. ഉദാഹരണത്തിന്, ഒരു സിനിമയുടെ ഓഡീഷനിൽ പങ്കെടുത്തു, എന്നാൽ കിട്ടിയില്ല. ആ അവസരത്തിൽ വ്യക്തി വൈരാഗ്യം തീർക്കാനായി മീ ടൂ ഉപയോഗിക്കുകയാണെങ്കിൽ എന്തായിരിക്കും അവസ്ഥ.

പരസ്പര സമ്മതത്തോടു കൂടി രണ്ട് വ്യക്തികൾ തമ്മിലുണ്ടാകുന്ന ബന്ധം ലൈംഗികാ തിക്രമമായി കണക്കാക്കാനാവില്ല. സിനിമയിൽ ഇതുവരെ രണ്ട് പെൺകുട്ടികളുമായി ഞാൻ പ്രണയത്തിലായിട്ടുണ്ട്. അതിനർത്ഥം ഞാനവരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ഉപദ്രവിച്ചു എന്നുമല്ല' വിശാൽ പറഞ്ഞു.