തിരുവനന്തപുരം: സിപിഐ(എം) പ്രവർത്തകൻ കണ്ണമ്മൂല സ്വദേശി വിഷ്ണു(19)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 13 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും.

16 ്പ്രതികളാണ് കേസിലുണ്ടായിരുന്നത്. ആർഎസ്എസ് പ്രവർത്തകരായ കൈതമുക്ക് സ്വദേശി സന്തോഷ്, മണ്ണന്തല കേരളാദിത്യപുരം സ്വദേശികളായ മനോജ്(കക്കോട്ട് മനോജ്), ബിജുകുമാർ, ഹരിലാൽ, മണക്കാട് സ്വദേശി രഞ്ജിത് കുമാർ, ഊളൻകുഴി സ്വദേശി ബിബിൻ, ആനയറ കുടവൂർ സ്വദേശി സതീഷ്, പേട്ട സ്വദേശി ബോസ്, ചെഞ്ചേരി സ്വദേശി വിനോദ്കുമാർ, ശ്രീകാര്യം സ്വദേശി സുഭാഷ്, വട്ടിയൂർക്കാവ് സ്വദേശി സതീഷ്, കരിക്കകം സ്വദേശി ശിവലാൽ എന്നിവർ കുറ്റക്കാരാണെന്നാണു കോടതി കണ്ടെത്തിയത്.

16-ാം പ്രതി അരുൺകുമാറെന്ന ഷൈജുവിനെ കോടതി വെറുതേ വിട്ടു. മൂന്നാം പ്രതി ഉളിയാഴ്‌ത്തറ സ്വദേശി രഞ്ജിതുകൊല്ലപ്പെട്ടിരുന്നു. 14-ാം പ്രതിയായ ആസാം അനിയെ ഇതുവരെ പിടികൂടാനായിട്ടില്ല. വിധി പ്രസ്താവത്തോടനുബന്ധിച്ച് കോടതിപരിസരത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

സിപിഐ(എം) പഴയ കളക്ടറേറ്റ് ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണുവിനെ 2008 ഏപ്രിൽ ഒന്നിന് കൈതമുക്ക് പാസ്പോർട്ട് ഓഫീസിനു മുന്നിൽവച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പാസ്പോർട്ട് ഓഫീസിനു സമീപം വിഷ്ണുവിന്റെ സഹോദരൻ വിമലിന്റെ ഉടമസ്ഥതയിലുള്ള വിവി അസോസിയേറ്റ്ിന് മുന്നിലായിരുന്നു കൊല. പാസ് പോർട്ട് എടുക്കാൻ വരുന്നവരെ സഹായിക്കുന്ന ജോലിയും വിഷ്ണു ചെയ്യുമായിരുന്നു. ഇത് മനസ്സിലാക്കിയാണ് പാസ്‌പോർട്ടെടുക്കാനെത്തിയ ആളുകൾക്ക് മുമ്പിലിട്ട് വെട്ടിക്കൊന്നത്.

ആർഎസ്എസ് ജില്ലാ കാര്യവാഹിയായിരുന്ന ഹരികുമാറിനെ ആക്രമിച്ചതും വഞ്ചിയൂർ കോടതിയിൽ സാക്ഷിപറയാനെത്തുന്ന ആർഎസ്എസ് പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നതും വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന വിരോധമാണ് കൊലപാതകത്തിനു കാരണമായതെന്ന് അന്വേഷണസംഘം കണ്ടെത്തി. കൊല്ലപ്പെട്ടതിന് ഒരാഴ്ച മുമ്പ് ആർഎസ്എസ് ജില്ലാ കാര്യാലയത്തിനു നേരേയുണ്ടായ ബോംബേറിലും വിഷ്ണുവിന് പങ്കുണ്ടെന്ന സംശയവും വിരോധത്തിനു കാരണമായി. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറായിരുന്ന പി. രഘുനാഥ്, വഞ്ചിയൂർ എസ്ഐ സി. മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.