തിരുവനന്തപുരം: സിപിഐ(എം) പ്രവർത്തകൻ കൈതമുക്ക് വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പതിമൂന്ന് പ്രതികളിൽ ആദ്യ പതിനൊന്നു പ്രതികൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷ. 12-ാം പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച പതിമൂന്നാം പ്രതിക്ക് മൂന്നുവർഷം തടവുശിക്ഷയും കോടതി വിധിച്ചു. വിഷ്ണുവിന്റെ കുടുംബത്തിന് മൂന്നുലക്ഷം രൂപ പ്രതികൾ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.

കേസിൽ പ്രതികളായ 13 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രതികളായ കൈതമുക്ക് സ്വദേശി സന്തോഷ്, മനോജ്്, ബിജുകുമാർ, ഹരിലാൽ, രഞ്ജിത്കുമാർ, ബാലുമഹേന്ദ്രൻ, ബിബിൻ, സതീഷ്,ബോസ്, വിനോദ്കുമാർ, സുഭാഷ്,സതീഷ്, ശിവലാൽ എന്നിവർക്കാണ് കേസിൽ ശിക്ഷ വിധിച്ചത്. തലസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ വിധി പുറത്തുവന്നതോടെ നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.

പതിനാറാം പ്രതി അരുൺ കുമാറിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. സിപിഐ(എം) വഞ്ചിയൂർ കലക്ടറേറ്റ് ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണുവിനെ കൊലപ്പെടുത്തിയ പ്രതികൾക്ക് ഒളിവിൽ കഴിയാനുള്ള സൗകര്യം ഒരുക്കിയെന്നായിരുന്നു 16ാം പ്രതി അരുൺകുമാറിനെതിരേയുള്ള കേസ്. ഇയാളെയാണ് കോടതി വെറുതെ വിട്ടത്. കേസിലെ മൂന്നാംപ്രതി രഞ്ജിത് നേരത്തെ കൊല്ലപ്പെട്ടിരുന്നു. 14-ാം പ്രതിയായ ആസാം അനി ഒളിവിലാണ്.

2008 ഏപ്രിൽ ഒന്നിനാണ് കൈതമുക്ക് പാസ്‌പോർട്ട് ഓഫിസിനുമുന്നിൽവച്ച് ബൈക്കിലെത്തിയ സംഘം വിഷ്ണുവിനെ വെട്ടി കൊലപ്പെടുത്തിയത്. പാസ്‌പോർട്ട് ഓഫീസിന് സമീപം വിഷ്ണുവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള വി.വി അസോസിയേറ്റ്‌സിലേക്ക് വരുംവഴിയാണ് സംഭവമുണ്ടായത്. ആർഎസ്എസ് ,സിപിഐ(എം) രാഷ്ട്രീയവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് പ്രോസിക്യൂഷൻ കേസ്.

ശംഖുമുഖം അസിസ്റ്റന്റ് പൊലീസ് കമ്മിഷണറായിരുന്ന പി രഘുനാഥ്, വഞ്ചിയൂർ എസ് ഐ സി. മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ വട്ടപ്പാറ വി.സാജൻ പ്രസാദ് ഹാജരായി. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ വിധി പ്രസ്താവം നടക്കുന്ന ഇന്ന് കോടതിയിലും പരിസരത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങൾ പൊലിസ് സജ്ജമാക്കിയിരുന്നു.

സംഭവദിവസം പുലർച്ചെ പ്രതികൾ കോട്ടയ്ക്കകത്തുള്ള ആർഎസ്എസ് കാര്യാലയത്തിനുമുന്നിൽ ഒത്തുചേർന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ആർഎസ്എസ് നഗരകാര്യ വാഹകും കേസിലെ 15-ാം പ്രതിയുമായ കരിക്കകം സ്വദേശി ശിവലാലും 14-ാം പ്രതിയും ഒളിവിൽ കഴിയുന്ന മണികണ്‌ഠേശ്വരം സ്വദേശി ആസാം അനി എന്ന അനിയും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സംഭവത്തിനുശേഷം രക്ഷപ്പെടാനുള്ള മാർഗവും ഒരുക്കി. തുടർന്ന് ആറ് ബൈക്കുകളിലായി 12 പേർ എത്തിയാണ് വിഷ്ണുവിനെ കൊലപ്പെടുത്തിയത്. മൂന്നാം പ്രതി ഉള്ളിയാറത്തറ സ്വദേശി രഞ്ജിത് പിന്നീട് കൊല്ലപ്പെട്ടു. മെയ് മാസത്തിലാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങിയത്. കേസിൽ 16 പ്രതികളും 118 സാക്ഷികളുമാണ് ഉണ്ടായിരുന്നത്.