കൊച്ചി: കാമവെറിയന്മാരുടെ കൈകളാൽ ക്രൂര ബലാത്സംഗത്തിനിരയായി കശ്മീർ കത്വയിൽ കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയെ സമൂഹമാധ്യമത്തിൽ അവഹേളിച്ച് പോസ്റ്റിട്ട ആർ.എസ്സ.എസ് നേതാവിനെ അറസ്റ്റ് ചെയ്യാതെ പൊലീസ്. ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണന്റെ സോഹദര പുത്രനും ആർഎസ്എസ്സിന്റെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ 'കുരുക്ഷേത്ര പ്രകാശൻ'ന്റെ തലവനും നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവും അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കൺവീനറുമായ ഇ.എൻ നന്ദകുമാറിന്റെ മകൻ വിഷ്ണു നന്ദകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്യാൻ മടിക്കുന്നത്. ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നാണ് സംശയം.

സിപിഎം സൈബർ സഖാവായ അനീഷ് ഷംസുദ്ദീനെതിരേയും ദീപക് ശങ്കരനാരായണനെതിരേയും കേസെടുക്കാൻ കാട്ടിയ ആർജ്ജവം വിഷ്ണുവിന്റെ കേസിൽ ഇല്ലെന്നാണ് ആക്ഷേപം. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ ഒരു വിഭാഗം ബിജെപി വോട്ട് മറിക്കാൻ സിപിഎം ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് പ്രമുഖ സിപിഎം സൈബർ പോരാളി മറുനാടനോട് വെളിപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പെടുത്ത പൊലീസിനോട് സിപിഎം നേതൃത്വം ഇടപെട്ട് അറസ്റ്റ് വൈകിപ്പിക്കുകയാണ്. ഇതോടെ ഒളിവിൽ കഴിയുന്ന വിഷ്ണു നന്ദകുമാറിന് ജാമ്യം എടുക്കാനുള്ള സാവകാശം നൽകി സഹായിക്കുയാണ് എന്നാണ് ആക്ഷേപം.

അതേ സമയം കോടതിൽ ജാമ്യാപേക്ഷ സമർപ്പിച്ചപ്പോൾ ജാമ്യം നൽകരുതെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നും യാതൊരു നീക്കവുമുണ്ടാകാത്തത് പൊലീസിന് മേലുള്ള സമ്മർദ്ദം മൂലമാണ് എന്ന് വേണം കരുതാൻ. കഴിഞ്ഞ 13 ന് അഫ്സൽ എന്നയാളാണ് വിഷ്ണു നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകിയത്. ഇതിൻ പ്രകാരമാണ് ഐപിസി 1860,153-എ ചാർജ്ജ് ചെയത് കേസെടുത്തിരിക്കുന്നത്. കേസെടുത്തതിനെ തുടർന്നാണ് ഇയാൾ ഒളിവിൽ പോയത്. വീടിനു നേരെ ആക്രമണം നടക്കുമോ എന്ന സംശയത്തെ തുടർന്ന് ഇയാളുടെ വീടിന് ആർഎസ്എസ് പ്രവർത്തകരുടെ സംരക്ഷണമൊരുക്കിയിരിക്കുകയാണ് പ്രവർത്തകർ.

എസ്.ഡി.പി.ഐ, ഡിവൈഎഫ്ഐ, ഐ.എൻ.ടി.യു.സി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇയാളുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ആർഎസ്എസ് ശക്തി കേന്ദ്രമാണ് നെട്ടൂരിലെ ഇയാളുടെ വീട് നിൽക്കുന്ന സ്ഥലം അതിനാൽ തന്നെ പുറത്ത് നിന്നും ഇവിടെ യാതൊരാക്രമണവും നടക്കില്ല. ആക്രമണം ഉണ്ടായാൽ ചെറുക്കാനായി മുഴുവൻ സമയം പ്രവർത്തകരുടെ നിരീക്ഷണം ഇവിടെയുണ്ട്.

അതേ സമയം ഇയാൾക്ക് ബിജെപിയുമായി യൊതൊരു ബന്ധവുമില്ലെന്ന് പാർട്ടീ നേതാക്കൾ അറിയിച്ചു. സമൂഹത്തിന് മുന്നിൽ ആർ.സെ്.എസിനെ കരിവാരിതേക്കാനാണ് ചെറിയ ഒരു സംഭവം ആളുകൾ ഉയർത്തിക്കാട്ടി വിവാദമാക്കിയതെന്നാണ് പിതാവ് നന്ദകുമാർ പറയുന്നത്. നിരവധി ആളുകൾ ഇത്തരത്തിൽ പോസ്റ്റിട്ടിട്ടുണ്ടെന്നും അവർക്കെതിരെ ആരും പ്രതിഷേധമുയർത്താതെ തന്റെ മകന് നേരെ മാത്രം ആക്രമണം അഴിച്ചുവിടുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം പറയുന്നു.

എറണാകുളം പാലാരിവട്ടം കെടക്ക് മഹീന്ദ്ര ബാങ്കിന്റെ അസിസ്റ്റന്റ് മാനേജർ ആയിരുന്ന വിഷ്ണു കാശ്മീരിൽ ക്ഷേത്രത്തിനുള്ളിൽ വച്ച് ക്രൂരമായ പീഡനങ്ങൾക്കരയായി ആസിഫ കൊല്ലപ്പെട്ടതിനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. പെൺകുട്ടി കൊല ചെയ്യപെട്ട ഒരു വാർത്തയുടെ അടിയിൽ 'ഇവളെയെല്ലാം ഇപ്പോഴെ കൊന്നത് നന്നായി,അല്ലെങ്കിൽ നാളെ ഇന്ത്യയ്ക്കെതിരെ തന്നെ ബോംബായി വന്നേനെ' എന്ന കമന്റ് ഇയാൾ രേഖപ്പെടുത്തിയാണ് കൊലപാതകത്തിലുള്ള തന്റെ മനസ്ഥിതി വ്യക്തമാക്കിയത്.

ഇതോടെയാണ് സോഷ്യൽ മീഡിയ ഇയാൾക്കെതിരെ കൊടുങ്കാറ്റായി ആഞ്ഞു വീശിയത്. ഇയാളുടെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ കയറി പൊങ്കാലയായിരുന്നു മലയാളികൾ. ഇതിനിടിൽ തന്നെ കൊടാക് മഹേന്ദ്രയിലാണ് ഇയാൾ ജോലി ചെയ്യുന്നത് എന്ന് മനസ്സിലാക്കിയവർ കൊട്ക്കിന്റെ ഫേയ്സ് ബുക്ക് പേജിൽ കയറി റവ്യൂ രേഖപ്പെടുത്താൻ തുടങ്ങി. അസിസ്റ്റന്റ് മാനേജരെ പുറത്താക്കണം എന്ന് ഹാഷ് ടാഗ് ഇട്ട് റേറ്റിങ്ങ് ഒന്ന് നൽകിയാണ് പ്രതിഷേധം തുടർന്നത്.

ഇതോടെ റേറ്റിങ്ങിൽ 4.5 ൽ നിന്നിരുന്ന പേജ് 1.5 ആയി കൂപ്പ് കുത്തി. കൂടാതെ പേജിലെ പോസ്റ്റുകൾക്ക് കീഴിലായി അസഭ്യ വർഷവും നടത്തി. പിന്നീട് ഇയാൾ ജോലി ചെയ്യുന്ന പാലാരിവട്ടത്തെ ബ്രാഞ്ചിൽ ഫോൺ വിളിച്ചും മലയാളികൾ അരിശം തീർത്തു. ഇതോടെയാണ് ബാങ്ക് അധികൃതർ ഇയാളെ പുറത്താക്കാൻ നിർബന്ധിതരായത്. പാലാരിവട്ടത്തെ മാമംഗലം ബ്രാഞ്ചിൽ നിന്നും സംഭവം ഉണ്ടായതിന് ഒരു ദിവസം മുൻപ് ഡിസ്മിസ്സ് ചെയ്തു എന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ പോസ്റ്റിട്ട ദിവസം തന്നെയാണ് ഇയാളെ പുറത്താക്കിയത് എന്ന് തെളിഞ്ഞിരുന്നു. പാലാരിവട്ടത്തുള്ള മൂന്ന് ബ്രാഞ്ചുകളിൽ ഇയാളെ തിരക്കി നിരവധി ഫോൺകോളുകളാണ് എത്തുന്നത്.

വിഷ്ണു നന്ദകുമാർ എന്ന ഇയാളുടെ ഫേസ്‌ബുക്ക് പേജും ഭാര്യയുടെ ഫെയ്സ് ബുക്ക് പേജും ഇപ്പോൾ ഡീ ആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്. വിഷ്ണുവിനെ ന്യായീകരിച്ച ബിജെപിയും ആർ.എസ്.എസും രംഗത്തുണ്ട്. തിരിച്ചറിവില്ലാതെ ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയത് മാപ്പു പറഞ്ഞ വിഷ്ണുവിന് പൂർണ്ണ പിൻതുണ നൽകുമെന്നാണ് ഇവർ പറയുന്നത്.