- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അപ്രതീക്ഷിതമായി കുഞ്ഞിന്റെ വിയോഗം; സെഞ്ചുറി നേടി സ്മരണാഞ്ജലി; പിന്നാലെ അച്ഛന്റെ വിയോഗവും; നൊമ്പരം ഉള്ളിലൊതുക്കി ബറോഡ ടീം വിടാതെ ക്രിക്കറ്റ് താരം വിഷ്ണു സോളങ്കി

ന്യൂഡൽഹി: കാത്തിരിപ്പിനൊടുവിൽ പിറന്ന മകളുടെ മരണം മനസ്സിനെ മുറിവേൽപ്പിച്ചിട്ടും ക്രിക്കറ്റിനോടും ടീമിനോടുമുള്ള കടപ്പാട് മികവുറ്റ പ്രകടനത്തിലൂടെ പുറത്തെടുത്ത് ശ്രദ്ധേയനായ ബറോഡ ക്രിക്കറ്റ് താരം വിഷ്ണു സോളങ്കിയെ തേടി വീണ്ടും ദുഃഖവാർത്ത. താരത്തിന്റെ പിതാവ് കഴിഞ്ഞ ദിവസം അന്തരിച്ചു. രണ്ടാഴ്ച മുൻപാണ് താരത്തിന്റെ പെൺകുഞ്ഞ് മരിച്ചത്. ഫെബ്രുവരി പത്തിനു ജനിച്ച കുഞ്ഞ്, തൊട്ടടുത്ത ദിവസം തന്നെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഫെബ്രുവരി 27നാണു താരത്തിന്റെ പിതാവ് മരിച്ചത്.
രഞ്ജി ടീമിൽ നിർണായക സാന്നിധ്യമായ വിഷ്ണു വീട്ടിലേക്കു മടങ്ങാതെ വിഡിയോ കോൾ വഴി സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി. മകൾ മരിച്ചപ്പോൾ വിഷ്ണുവിനു കുടുംബത്തോടൊപ്പം നിൽക്കാൻ അനുവാദമുണ്ടായിരുന്നെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥൻ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. 'ടീമിൽനിന്നു പുറത്തുപോകാൻ അദ്ദേഹത്തിനു താൽപര്യമുണ്ടായിരുന്നില്ല. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത ക്രിക്കറ്റ് ബോർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു
ബറോഡയ്ക്കു വേണ്ടി രഞ്ജി ട്രോഫി കളിക്കുന്ന വിഷ്ണു കഴിഞ്ഞ ദിവസം സെഞ്ചുറി നേടിയിരുന്നു. ഇന്നിങ്സ് പുരോഗമിക്കുമ്പോഴും പിറന്നുവീണ് മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങിയ പിഞ്ചു മകളുടെ മുഖമായിരുന്നു അപ്പോഴും വിഷ്ണുവിന്റെ മനസ്സിൽ. മകളുടെ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുത്ത് ദിവസങ്ങൾക്കുള്ളിലാണ് താരം കളത്തിൽ തിരിച്ചെത്തിയായിരുന്നു താരത്തിന്റെ ധീരമായ പ്രകടനം. ഭുവനേശ്വറിലെ വികാഷ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ചണ്ഡിഗഡിനെതിരെ സെഞ്ചുറിയുമായി സോളങ്കി അസാമാന്യ കരുത്തു കാട്ടിയത്.
ചണ്ഡിഗഡിനെതിരായ മത്സരത്തിനായി ഭുവനേശ്വറിലെത്തിയപ്പോഴാണ് മകളുടെ മരണവാർത്ത വിഷ്ണു സോളങ്കിയെ തേടിയെത്തിയത്. ഇതോടെ വഡോദരയിലേക്ക് തിരിച്ചുപോയ സോളങ്കി സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുത്തു. എന്നാൽ, മൂന്നു ദിവസത്തിനുശേഷം ബറോഡയ്ക്കായി രഞ്ജി കളിക്കാൻ അദ്ദേഹം ഭുവനേശ്വറിലേക്കു തിരിച്ചെത്തുകയായിരുന്നു.
മാർച്ച് മൂന്നിന് ഹൈദരാബാദിനെതിരെയാണ് ബറോഡയുടെ അടുത്ത മത്സരം. എലൈറ്റ് ഗ്രൂപ്പ് ബിയിൽ കളിക്കുന്ന ബറോഡ നിലവിൽ മൂന്നാം സ്ഥാനത്താണ്. രണ്ടു മത്സരങ്ങൾ കളിച്ച അവർക്ക് ഒരു ജയവും ഒരു സമനിലയുമാണുള്ളത്. രണ്ടു മത്സരങ്ങളും ജയിച്ച ബംഗാളാണു ഗ്രൂപ്പിൽ ഒന്നാമത്.


