കൊച്ചി: ഒടുവിൽ നടൻ ധർമജൻ ബോൾഗാട്ടി നിർമ്മാതാവാകുന്ന ചിത്രത്തിന് പേരിട്ടു. മലയാളത്തിന്റെ സൂപ്പർസ്റ്റാറായിരുന്ന പ്രേംനസീറിനെ വിശേഷിപ്പിച്ചിരുന്ന നിത്യഹരിത നായകൻ എന്ന പേരാണ് ചിത്രത്തിന് നൽകിയത്. വിഷ്ണു ഉണ്ണിക്കൃഷ്ണനാണ് നിത്യഹരിത നായകനായി എത്തുന്നത്.ആദിത്യ ക്രിയേഷൻസിന്റെ ബാനറിൽ ധർമജനൊപ്പം സുരേഷ്, മനു എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്.

നവാഗതനായ ബിനുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് അവതരിപ്പിച്ചിരിക്കുന്നത് രമേശ് പിഷാരടിയാണ്. വികടകുമാരൻ എന്ന സിനിമയ്ക്കു ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനും ധർമജനും മുഴുനീള കോമഡി വേഷം അവതരിപ്പിക്കുന്ന ചിത്രമാണിത്. ഷാജി കൈലാസിന്റെയും ദീപന്റെയും അസോസിയേറ്റായിരുന്നു എ.ആർ.ബിനുരാജ്.

നാല് നായികമാരാണ് ചിത്രത്തിലുള്ളത്, ജയശ്രീ, അനില,ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജയുടെ മകൾ രവീണ എന്നിവർക്ക് പുറമേ ഒരു പുതുമുഖവും നായികാ നിരയിൽ വിഷ്ണുവിന്റെ കൂടെ എത്തുന്നു. മഞ്ജുപിള്ള, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, കൊച്ചുപ്രേമൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

പവി .കെ പവൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജയഗോപാൽ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സംഗീതം നൽകുന്നത് നവാഗതനായ രഞ്ജൻ രാജ് ആണ്.