ഗുരുവായൂർ: ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. പുതുവർഷത്തിലേക്കുള്ള ചുവട്വെപ്പായ വിഷു സ്‌നേഹത്തിന്റെ കണിവെള്ളരിക്കൊപ്പം കണിക്കൊന്നയുടെ പീതവർണവും കൈനീട്ടത്തിന്റെ ഐശ്വര്യവുമാണ് നൽകുന്നത്.

കേരളത്തിലെ കാർഷികോത്സവമാണ് വിഷു.അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ് ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ് ഈ ദിനം

വിഷുവിനോട് അനുബന്ധിച്ച് ഗുരുവായൂരിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ 2.30 മുതൽ 3.30 വരെ കണി ദർശനം ആയിരുന്നു. രാവിലെ ഏഴിനു കാഴ്ചശീവേലി. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പഞ്ചാരിമേളം ആരംഭിച്ചു.

ഉച്ചകഴിഞ്ഞു മൂന്നിനും കാഴ്ചശീവേലി ഉണ്ടാകും. സന്ധ്യയ്ക്കു നാഗസ്വരം, കേളി, തൃത്തായമ്പക, ദീപക്കാഴ്ച. രാത്രി ഒൻപതിനു ചുറ്റുവിളക്ക്.ക്ഷേത്രത്തിൽ വൈശാഖ പുണ്യകാലം നാളെ തുടങ്ങും. നാലു ഭാഗവത സപ്താഹങ്ങളിൽ ആഞ്ഞം മധുസൂദനൻ നമ്പൂതിരി നയിക്കുന്ന സപ്താഹത്തിന്റെ മാഹാത്മ്യ പാരായണം ഇന്നു വൈകിട്ട് ആധ്യാത്മിക ഹാളിൽ നടക്കും. ഇന്നലെ ഉച്ച വരെ 1000 രൂപയുടെ നെയ്‌വിളക്ക് 248 പേരും 4500 രൂപയുടെ നെയ്‌വിളക്ക് വഴിപാട് 28 പേരും ശീട്ടാക്കി ദർശനം നടത്തി.