- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി 12.30ന് ഉണരും, എയർപോർട്ടിലെത്തി പുലർച്ചെ 6.30വരെ ലോട്ടറി വിൽക്കും; എല്ലാവരും ഉറങ്ങുമ്പോൾ ഭാഗ്യദേവതയുമായി ജീവിക്കാനിറങ്ങിയ രംഗനും ഭാര്യ ജസീന്തയും വിറ്റ വിഷു ബംബറിനാണ് ഒന്നാം സമ്മാനമായ 10 കോടി; ബംബറിന്റെ കമ്മീഷൻ തുക ഒരു കോടി; മരുമകന്റെ രോഗവും കടബാദ്ധ്യതയും തീരാനൊമ്പരമായിരുന്ന വലിയതുറയിലെ ദമ്പതികളെ ഭാഗ്യം കടാക്ഷിച്ച കഥ
തിരുവനന്തപുരം: രാത്രിയെ പകലാക്കി പണിയെടുക്കയെന്ന പ്രയോഗത്തെ അർത്ഥപൂർമാക്കുന്ന ജീവിതമാണ് വലിയതുറ സ്വദേശിയായ രംഗന്റെയും ഭാര്യ ജസീന്തയുടേയും. കഴിഞ്ഞ എട്ടുവർഷമായി അങ്ങനെ ജീവിച്ചതിന് ഇന്നലെ കൂലിയും കിട്ടി. ഭാഗ്യം വിഷു ബമ്പറിന്റെ രൂപത്തിലെത്തി. ഇരുവരും വിറ്റ HB 727990 എന്ന നമ്പരിലെ ടിക്കറ്റിനാണ് ബമ്പർ. ടിക്കറ്റിനാണ് ഒന്നാം സമ്മനമായ 10കോടി അടിച്ചത്. സിനിമയ്ക്ക് സമാനമായ കഥയാണ് ഇരുവരുടെയും. ഹിന്ദുവായ രംഗനും ക്രിസ്ത്യാനിയായ ജസീന്തയും സ്നേഹിച്ച് വിവാഹം കഴിച്ചവരാണ്.
ജന്മനാ വലതുകൈയ്ക്ക് ചെറിയ സ്വാധീന കുറവുണ്ടെങ്കിലും രംഗൻ ഓട്ടോ ഡ്രൈവറായിരുന്നു. ശാരീരിക അവശതകളെ തുടർന്ന് എട്ട് വർഷം മുൻപാണ് ഭാര്യയുമൊത്ത് ലോട്ടറി കച്ചവടം തുടങ്ങിയത്. അതും എയർപോർട്ടിൽ മത്സരകച്ചവടം. ഫ്ളൈറ്റുകൾ കൂടുതലായി എത്തുന്ന പുലർച്ചയുള്ള സമയമാണ് ഇവരുടെ ലോട്ടറി വിൽപന. രാത്രി 12.30ന് ഉറക്കം ഉണരും. കട്ടൻകാപ്പിയും കുടിച്ച് മാതാവിന്റെ പടത്തിന് മുന്നിൽ വച്ചിരിക്കുന്ന ടിക്കറ്റും എടുത്ത് പ്രാർത്ഥിച്ച് ഇറങ്ങും. ടി.വി എസ് സ്ക്കൂട്ടറിലാണ് എയർപോർട്ടിലേക്കുള്ള യാത്ര. മഴയായാലും മഞ്ഞായാലും അത് തുടരും. അല്ലെങ്കിൽ അടുക്കള പുകയില്ല. രാവിലെ 6.30വരെ കച്ചവടം. തുടർന്ന് നേരെ കിഴക്കേകോട്ടയിലെത്തി അടുത്ത ദിവസത്തേക്കുള്ള ടിക്കറ്റ് വാങ്ങും. പഴവങ്ങാടിയിലെ ഗിരീഷ് കുറുപ്പിന്റെ ചൈതന്യ ലക്കിസെന്ററാണ് പ്രധാന കട. ഒന്നാം സമ്മാനം അടിച്ച ടിക്കറ്റും ഇവിടെ നിന്ന് വാങ്ങിയതാണ്.
ലോട്ടറിയും വാങ്ങി വീട്ടിലെത്തി ആവശ്യമായ ഭക്ഷണവും ഉണ്ടാക്കി കഴിച്ച് ഉറങ്ങും. ഇതാണ് പതിവ്. ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് ഈമാസം 14നാണ് ഇവർ ചൈതന്യയിൽ നിന്നും വാങ്ങിയത്. ബമ്പർ നറുക്കെടുപ്പായ ഇന്നലെ രാവിലെയും കച്ചവടത്തിന് പോയി. അവശേഷിച്ച 34 ബമ്പർ ടിക്കറ്റും വിറ്റു തീർത്ത സന്തോഷത്തിൽ വീട്ടിലെത്തി. ബമ്പർ നറുക്കെടുപ്പ് കഴിഞ്ഞാൽ മൂന്നു ദിവസം ഇവർ കച്ചവടത്തിന് പോകില്ല. തങ്ങൾ വിറ്റ ടിക്കറ്റിന് എന്തെങ്കിലും സമ്മാനം ലഭിച്ചോയെന്ന് പരിശോധിക്കാനും പ്രമേഹവും കൊളസ്ട്രോളും ഉൾപ്പെടെ പരിശോധിക്കാനുമുള്ള സമയമാണിത്.
ഓണം, വിഷു, പൂജ,ക്രിസ്മസ് തുടങ്ങിയ എല്ലാ ബമ്പർ നറുക്കെടുപ്പിന് ശേഷവും ഇതാണ് പതിവ്. ഇന്നലെ വീട്ടിലെത്തിയ ജസീന്ത ഡ്രൈവറായ മകനോട് വേളാങ്കണ്ണിയിൽ പോകാൻ എത്രരൂപ ചെലവാകുമെന്ന് ചോദിച്ചിരുന്നു. എന്താണ് കാര്യമെന്ന് മകനു ചോദിച്ചപ്പോൾ ബമ്പർ അടിച്ചാൽ പോകാല്ലോ എന്നായിരുന്നു മറുപടി. കാത്തിരുന്നോ ഇപ്പോ അടിക്കും എന്ന് പറഞ്ഞ് മകൻ കളിയാക്കുകയും ചെയ്തു. മകൾ മഞ്ജുവിന്റെ ഭർത്താവിന് എല്ലുപൊടിയുന്ന രോഗത്തിന് നല്ല ചികിത്സ നൽകണം, മകന് സ്വന്തമായി ഓട്ടോ വാങ്ങി നൽകണം.ചില്ലറ കടങ്ങളെല്ലാം വീട്ടണം ഇതാണ് രംഗന്റെയും ജസീന്തയുടെയും ആഗ്രഹം. രണ്ടുമക്കൾക്കുമായി നാല് പേരക്കുട്ടികളുമുണ്ട്. അവർക്കായും നല്ല തുക നീക്കിവയ്ക്കണം.
കൂടാതെ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ നേരിട്ട് കാണുകയും വേണം. അവരുടെ ഭാഗ്യം കൂടിയാണ് തങ്ങൾക്ക് ലഭിച്ചതെന്ന് ഇവർ വിശ്വസിക്കുന്നു. 10 കോടിയാണ് ഒന്നാം സമ്മാനം ഇതിൽ ടാക്സ് കുറച്ച് 6.30 കോടി ലോട്ടറി ഉടമയ്ക്ക് ലഭിക്കും. 1 കോടി രൂപയാണ് കമ്മീഷൻ ഇതിൽ ടാക്സ് കുറച്ച് 90ലക്ഷം കിട്ടും. ഇതിൽ ചൈതന്യ ലക്കി സെന്ററിന്റെ കമ്മീഷൻ 5 മുതൽ 10ലക്ഷം വരെയായിരിക്കും. അങ്ങനെയെങ്കിൽ 80ലക്ഷത്തോളം രൂപ രംഗനും ജസീന്തയ്ക്കും ലഭിക്കും. ആദ്യമായാണ് ഇവർക്ക് ബമ്പർ അടിക്കുന്നത്. എയർപോർട്ടിൽ വിറ്റ ടിക്കറ്റ് കടൽ കടന്നോയെന്നും സംശയമുണ്ട്. മറ്റുരാജ്യങ്ങളിലേക്ക് പോകുന്ന മലയാളികൾ, തിരിച്ചെത്തുന്ന വിദേശികൾ-സ്വദേശികൾ, സ്വീകരിക്കാനും യാത്രഅയക്കാനുമെത്തുന്നവർ ഉൾപ്പെടെ നിരവധി പേർ ടിക്കറ്റ് വാങ്ങാറുണ്ട്. ഇവരിൽ ആർക്കെങ്കിലുമായിരിക്കാം അടിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്ന ഈ വർഷത്തെ വിഷു ബമ്പർ നറുക്കെടുത്തത്. VB, IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇറക്കിയിരിക്കുന്നത്. ചേർത്തലയിൽ ജയാനന്ദ ഭട്ട് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് രണ്ടാമസമ്മാനമായ 50 ലക്ഷം. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്ക്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്.
കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.