- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷുചിത്രങ്ങൾ പൊട്ടിത്തീരുന്നു; ഫാൻസുകാർ ടിക്കറ്റ് വെറുതെ കൊടുത്തിട്ടും താരചിത്രങ്ങൾക്ക് ആളില്ല; വേനലവധിയിലും ഷോ വെട്ടിക്കുറക്കുന്നു: ആശ്വാസമായത് വടക്കൻ സെൽഫിയും ഒ.കെ കൺമണിയും
എക്കാലവും മലയാള സിനിമാ വ്യവസായത്തിന് താങ്ങും തണലുമായിരുന്നു അവധിക്കാലം. ബോറടിയില്ലാതെ കണ്ടിരിക്കാൻ കഴിയുന്ന എന്തെങ്കിലുമൊരു പടപ്പ് ഇട്ടുകൊടുത്താൽ മതി, ജനം തീയേറ്ററുകളിലേക്ക് ഇരച്ചു കയറുമായിരുന്നു. എന്നാൽ ഇത്തവണ നോക്കുക. ഈ മധ്യവേനലിലും സൂപ്പർതാര ചിത്രങ്ങൾവരെ ആളില്ലാതെ വെള്ളം കുടിക്കയാണ്. തീയേറ്ററിൽ നിന്ന് ഹോൾഡ് ഓവർ ആകാതിരിക
എക്കാലവും മലയാള സിനിമാ വ്യവസായത്തിന് താങ്ങും തണലുമായിരുന്നു അവധിക്കാലം. ബോറടിയില്ലാതെ കണ്ടിരിക്കാൻ കഴിയുന്ന എന്തെങ്കിലുമൊരു പടപ്പ് ഇട്ടുകൊടുത്താൽ മതി, ജനം തീയേറ്ററുകളിലേക്ക് ഇരച്ചു കയറുമായിരുന്നു. എന്നാൽ ഇത്തവണ നോക്കുക. ഈ മധ്യവേനലിലും സൂപ്പർതാര ചിത്രങ്ങൾവരെ ആളില്ലാതെ വെള്ളം കുടിക്കയാണ്. തീയേറ്ററിൽ നിന്ന് ഹോൾഡ് ഓവർ ആകാതിരിക്കാൻ ഫാൻസ് അസോസിയേഷൻ വഴി ടിക്കറ്റുകൾ സൗജന്യമായി കൊടുക്കുന്ന പരിപാടിയും ഇപ്പോൾ കേരളത്തിൽ ശക്തിയാർജിച്ചുകഴിഞ്ഞു!
നോക്കണേ, എന്നിട്ടും സിനിമക്ക് ആളില്ല. ഈ അവധിക്കാലത്തും മൾട്ടിപ്‌ളക്‌സുകളിൽ അടക്കം ഷോ വെട്ടിക്കുറച്ചുകഴിഞ്ഞു. അപ്പോൾ എത്ര അസഹീനയവും അരോചകവുമായവയാണ് തങ്ങൾ സൃഷ്ടിച്ചുവിടുന്നതെന്ന് മലയാളത്തിലെ പഴയകാല ഹിറ്റ്‌മേക്കർമാർക്ക് മനസ്സിലാവുന്നില്ല. അവർ ചാനലുകളിൽ കയറി സിനിമയെക്കുറിച്ച് ബഡായി പറഞ്ഞും, സോഷ്യൽ മീഡിയയെ പരിഹസിച്ചും, തങ്ങളുടെ പൊട്ടപ്പടത്തെ പുകഴ്‌ത്തി എഴുതാത്തവരെ പുച്ഛിച്ചും കാലം കഴിയിക്കയാണ്.
ഹിറ്റുകളില്ലാതെ 2015; നാലുമാസംകൊണ്ട് നഷ്ടം 110കോടി! [BLURB#3-VR] ഏറ്റവും അത്ഭുതപ്പെടുത്തുന്നത്, ഈ 2015ൽ ഇതുവരെയും സൂപ്പർ ഹിറ്റെന്നോ, മെഗാഹിറ്റെന്നോ വിളിക്കാവുന്ന ഒറ്റ ചിത്രംപോലും ഉണ്ടായില്ലെന്നതാണ്. മലയാളസിനിമ വ്യാവസായികമായി എത്ര വലിയ തകർച്ചയിലാണെന്ന് ഇത് സൂചിപ്പിക്കുന്നു. എപ്രിൽ അവസാനംവരെ ഇറങ്ങിയ നാൽപ്പതോളം ചിത്രങ്ങളിൽ മമ്മൂട്ടിയുടെ 'ഫയർമാൻ', പൃഥ്വിരാജിന്റെ 'പിക്കറ്റ് 43', നിവിൻപോളിയുടെ വിഷുചിത്രമായ 'ഒരു വടക്കൻ സെൽഫി' എന്നിവ മാത്രമാണ് സാമ്പത്തികമായി വിജയമായത്. ഇതിൽ സെൽഫിപോലും ഹിറ്റ് എന്ന് വിളിക്കാവുന്ന ഗണത്തിലേക്ക് എത്തുമോയെന്ന് ഇനിയുള്ള ദിനങ്ങളിലാണ് തീരുമാനിക്കപ്പെടുക. മൂന്ന് സിനിമകൾ പരാജയപ്പെടുമ്പോൾ ഉണ്ടാകുന്ന നഷ്ടം ഒറ്റ ഹിറ്റുകൊണ്ട് നികത്തുന്ന രീതിയിലുള്ള ഒരു സാമ്പത്തിക സൂത്രവാക്യമായിരുന്നു ഈ വിപണിയുടെ അടിസ്ഥാനം. അത് തകർന്നതോടെ ഈ വ്യവസായത്തിന്റെ നട്ടെല്ല് ഇളകിക്കഴിഞ്ഞെന്ന് വ്യക്തമാണ്. എപ്രിൽ അവസാനംവരെയുള്ള സിനിമകളുടെ വിജയക്കണക്കെടുത്താൽ വെറും നാലുമാസം കൊണ്ട് നഷ്ടം 110കോടി രൂപയാണ്. ഈ വർഷം ഇറങ്ങിയ ഇരുപതിലേറെ ചിത്രങ്ങൾ ഒരാഴ്ചപോലും തികച്ചില്ല. സാധാരണ ഈ ഗ്യാപ്പിൽ ഇംഗ്‌ളീഷ് അടക്കമുള്ള അന്യഭാഷ ചിത്രങ്ങൾ ഓടിച്ച് തീയേറ്ററുകാർ പിടിച്ചു നിൽക്കാറുണ്ടെിലും ഇത്തവണ അതും ഉണ്ടായില്ല.
കാണികളെ വാടകയ്ക്ക് എടുക്കുന്ന താരപ്പടങ്ങൾ! [BLURB#1-VL] തീയറ്ററിൽ പടം മാറാതിരിക്കാൻ സൗജന്യമായി ടിക്കറ്റ് നൽകി ആളെ കൂട്ടുന്ന രീതി പണ്ടേ ഉണ്ടെങ്കിലും ഇത്ര ആസൂത്രിതമായും വ്യവസ്ഥാപിതമായും അത് വളർന്നിട്ടുണ്ടെന്ന് നേരിട്ട് ബോധ്യപ്പെട്ടത് ഇപ്പോഴാണ്. സർക്കാറിന്റെ ചില സമ്മാനക്കൂപ്പണുകളൊക്കെ വിൽക്കാൻ ആർ.ടി.ഓഫീസിലും മറ്റും എൽപ്പിക്കുന്നപോലെ, സിനിമാ ടിക്കറ്റ് മൊത്തമായി വാങ്ങി അതാത് പ്രദേശത്തെ ഫാൻസ് അസോസിയേഷൻ നേതാക്കളെ എൽപ്പിച്ചിരിക്കയാണ് എന്നിട്ട് ഇവർ തങ്ങൾക്ക് തോന്നിയവർക്ക് ഈ ടിക്കറ്റ് സൗജന്യമായി നൽകും. കഴിഞ്ഞദിവസം കോഴിക്കോട്ടുവച്ച് ഈ പരിപാടി നേരിട്ട് കാണാനും ഇടയായി. കുടംബസമേതം ടിക്കറ്റ് ഫ്രീ കൊടുത്തിട്ടും കാണാൻ ആളെ കിട്ടുന്നില്ലെന്നാണ് ഫാൻസുകാരുടെ പരാതി! ഇനി ഉത്തരേന്ത്യൻ തൊഴിലാളികൾക്ക് ടിക്കറ്റിനൊപ്പം അഞ്ഞൂറുരൂപയും ചിക്കൻ ബിരായാണിയും ഹാഫ്‌ബോട്ടിലും കൊടുത്ത് മലയാള സിനിമ കാണിക്കേണ്ട അവസ്ഥയും ഉണ്ടാകും!
നോക്കുക, എന്തൊരു വളിപ്പായിട്ടാണ് ഇപ്പോൾ മലയാള സിനിമ ഇറങ്ങുന്നത്. പിന്നെ പ്രേക്ഷകനെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. തെലുങ്ക് മസാലചിത്രങ്ങളെപ്പോലും നാണിപ്പിക്കുന്ന രീതിയിലായിരുന്നു നമ്മുടെ ജനപ്രിയ നായകന്റെ 'ഇവൻ മര്യാദരാമൻ'. (പടംകണ്ട് കാശുപോയ ഒരുത്തൻ 'ഇവൻ പണ്ടാരക്കാലൻ' എന്നാണ് ഫേസ്‌ബുക്കിൽ വിലപിച്ചത്). യാതൊരു പുതുമയുമില്ലാതെ എന്നും എപ്പോഴും ഒരേപോലത്തെ സിനിമകൾ എടുക്കുന്ന സത്യൻ അന്തിക്കാട് അതേ ട്രാക്കിൽ ദുർബലമായ തിരക്കഥയിൽ കെട്ടിപ്പടുത്തതായിരുന്നു തന്റെ പുതിയ സിനിമ. മോഹൻലാലിനെയും, മഞ്ജുവാര്യരേയും കണ്ട് ആദ്യ ദിനങ്ങളിൽ കുടംബപ്രേക്ഷകർ കുതിച്ചെത്തിയെങ്കിലും വൈകാതെ ചിത്രത്തിന് ആളില്ലാ കസേരകളായി. ഈ വളിപ്പ് ഒന്ന് മാറ്റിപ്പിടിക്കാനല്ല, സിനിമാ നിരൂപകരെ കുറ്റം പറയാനാണ് സത്യൻ അന്തിക്കാട് ശ്രമിക്കുന്നത്. ഹിറ്റ്‌മേക്കർ സിദ്ദീഖിന്റെ ഭാസ്‌ക്കർ ദി റാസ്‌ക്കലിലാവട്ടെ അരോചക കോമഡികൾകൊണ്ടുള്ള ഭീകരാക്രമണമായിരുന്നു. ഓർമ്മയിൽ നിൽക്കുന്ന ഒരു സീൻപോലുമില്ല. ഈ വയസാൻ കാലത്ത് മമ്മൂട്ടിക്കൊക്കെ എന്തിന്റെ സൂക്കേടാണെന്ന് ന്യൂജൻ പയ്യന്മാരെക്കൊണ്ട് പറയിപ്പിക്കണോ? ആരാധകരുടെ ആർപ്പുവിളികളുമായത്തെിയ ഈ ചിത്രത്തിനും ഒരാഴ്ച കഴിഞ്ഞതോടെ വാടകയ്ക്ക് ആളെ എടുക്കേണ്ടി വന്നിരിക്കയാണ്.
സാറ്റലൈറ്റ് തട്ടിപ്പുകാരും നിരൂപണമാഫിയയും!
ഇനി എന്തിനാണ് ഇങ്ങനെ കൈയിൽനിന്ന് കാശുമുടക്കി തീയേറ്ററിൽ ആളെക്കൂട്ടുന്നതെന്നോ? നമ്മുടെ സിനിമയുടെ വിപണി സാധ്യതകൾ ഇന്ന് മലയാളത്തിൽ മാത്രമല്ല എന്നതുതന്നെ. തീയേറ്ററിൽ അൽപ്പകാലമെങ്കിലും പിടിച്ചു നിൽക്കാത്ത സിനിമക്കെങ്ങനെയാണ് ഓവർസീസ് റൈറ്റും, റീമേക്ക് റൈറ്റുമൊക്കെ കിട്ടുക? അതുമാത്രമല്ല, ആദ്യമേതന്നെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോവുന്നതും ഇത്തരം നമ്പർ ടു പരിപാടികളുടെ തുടർച്ചയാണ്. അഞ്ചു നയാപൈസക്കില്ലാത്ത 'മര്യാദരാമനാണ്' അഞ്ചരക്കോടിയോളം ചെലവിട്ട് ഏഷ്യാനെറ്റ് എടുത്തത്. എന്ത് മേന്മയാണ് അവർ ഈ ചിത്രത്തിൽ കണ്ടതെന്ന് മനസ്സിലാവുന്നില്ല. അത്യാവശ്യം കൊള്ളാവുന്ന ചില ചിത്രങ്ങൾപോലും സാറ്റലൈറ്റ് റൈറ്റ് കിട്ടാതെ കെട്ടിക്കിടക്കുമ്പോഴാണ് ഇതെന്ന് ഓർക്കണം. അതായത് കൃത്യമായ ഒരു സാറ്റലൈറ്റ് മാഫിയ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് ചുരുക്കം. [BLURB#2-H] ഇനി മുഖ്യധാര പത്രങ്ങളുടെ വെബ്‌സൈറ്റുകളിൽ വരുന്ന സിനിമാ നിരൂപണം നോക്കുക. (വന്നു വന്ന് ആസനം തുടയ്ക്കുന്ന ടിഷ്യൂപേപ്പറിന്റെ വിലപോലും ഇല്ലാതായിരിക്കുന്ന മുത്തശ്ശി പത്രങ്ങൾക്ക്) എല്ലാം ഗംഭീരം. മോഹൻലാൽ കസറി, മമ്മൂട്ടി തകർത്തു, മഞ്ജുഭാവം ജ്വലിച്ചു എന്നിങ്ങനെ വെറും കൂലിയെഴുത്ത്. തനി കൂതറ പടങ്ങളായ മര്യാദരാമനും, ഭാസ്‌ക്കറുമെല്ലാം ഇവർക്ക് 'മികച്ച എന്റർടെയിനറുകളാണ്'. ഈ ബൗദ്ധിക അടിമത്തത്തിന്റെയും പരസ്യദാതാക്കളോടുള്ള സഹശയന വിധേയത്വത്തിന്റെയുമെന്നും ബാധ്യതകൾ ഫേസ്‌ബുക്കുകാർക്കും ഓൺലൈൻ എഴുത്തുകാർക്കുമൊന്നുമില്ല. പടം ബോറാണെങ്കിൽ അവർ വെട്ടിത്തുറന്ന് പറയും. സത്യൻ അന്തിക്കാടിനെയൊക്കെ ചൊടിപ്പിച്ചത് ഇതാണ്. പുതിയ കാലത്ത് ഈ അടഞ്ഞ മനസ്സുമായി അവർ എത്രകാലം മുന്നോട്ടുപോവും.
ആശ്വാസമായി ഒരു സെൽഫിയും കൺമണിയും
ഈ തൂറ്റിപ്പോവലുകൾക്കിടയിൽ ഒരേ ഒരു ചിത്രമാണ് പിടിച്ചുനിന്നത്. വലിയൊരു അമിഠായി മാറാനൊന്നും കഴിഞ്ഞില്ലെങ്കിലും, തെളിഞ്ഞുകത്തുന്ന ഒരു പൂത്തിരിയായി 'വടക്കൻ സെൽഫി' മാറി. അപ്പോഴും ആവറേജിനുമുകളിൽ എന്നല്ലാതെ ഒരു സൂപ്പർ ഹിറ്റോ, മെഗാഹിറ്റോ ആയിമാറാൻ ഈ ചിത്രത്തിനും കഴിഞ്ഞിട്ടില്ല. ആദ്യ പകുതിയിലെ സ്വാഭാവികമായ നർമ്മരംഗങ്ങൾ പഴയ സത്യൻ അന്തിക്കാട്ശ്രീനിവാസൻ ചിത്രങ്ങൾക്ക് സമാനമായി പ്രേക്ഷകരെ രസിപ്പിച്ചെങ്കിൽ, രണ്ടാം പകുതി പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. അവിടെ സിനിമയെ ഒരു റോഡ് മൂവിയാക്കിയെടുക്കണമെന്ന നിർബന്ധബുദ്ധി സംവിധായകന് ഉള്ളതായി തോന്നുന്നു. അതുകൊണ്ടുതന്നെ പലരംഗങ്ങളും ഇവിടെ ഏച്ചുകെട്ടായി. പക്ഷേ ബോറടിയില്ലാതെ ഈ പടം മുന്നോട്ടുകൊണ്ടുപോയതിലൂടെ പുതുമുഖസംവിധായകൻ പ്രജിത്ത് ഭാവിയുടെ വാഗ്ദാനമെന്ന് തെളിയുന്നു. ചിത്രങ്ങൾ അടിക്കടി വിജയിക്കുന്നതോടെ, കേരളത്തിൽ ഇന്ന് എറ്റവും മിനിമം ഗ്യാരണ്ടിയുള്ള നടനായി മാറിയിരിക്കയാണ് നിവിൻപോളി. ഇക്കണക്കിന് പോയാൽ മലയാളത്തിന്റെ അടുത്ത സൂപ്പർസ്റ്റാർ എന്ന ബഹുമതിയും ഈ യുവനടനുള്ളതായിരിക്കും.
മലയാള ചിത്രമല്ലെങ്കിലും മണിരത്‌നത്തിന്റെ ഒ.കെ കൺമണിക്കും ഇവിടെ ആവറേജ് കളക്ഷനുണ്ട്. പ്രതിഭകൊണ്ട് നമ്മെ വിസ്മയിപ്പിച്ച മണിയുടെ മുൻകാല ഹിറ്റുകളുടെ അത്രയൊന്നും എത്തില്ലെങ്കിലും കണ്ടിരിക്കാവുന്ന ചിത്രമാണിത്. രാംഗോപാൽ വർമ്മ, പൂർവ വൈരാഗ്യം മനസ്സിൽവച്ച് കിട്ടിയ സമയത്തിന് മമ്മൂട്ടിയെ താങ്ങിയതാണെന്ന് വ്യക്തം. നന്നായി എന്നല്ലാതെ, അനതിസാധാരാണം എന്ന് അത്രക്ക് പാടിപ്പുകഴ്‌ത്തപ്പെടേണ്ടതൊന്നുമല്ല ഈ സിനിമയിലെ ദുൽഖറിന്റെ അഭിനയം. പക്ഷേ തുടർന്നുള്ള ദിനങ്ങളിൽ ഈ ചിത്രത്തിനും സ്റ്റഡി കളക്ഷൻ നിലനിർത്താനാവുന്നില്ല.
വാൽക്കഷ്ണം: പക്ഷേ അതുകൊണ്ടൊന്നും മലയാളസിനിമാ വ്യവസായത്തെ ബാധിച്ച മുരടിപ്പ് മാറുന്നില്ല. ഇനി അവസാനവട്ട ശ്രമമെന്ന നിലയിൽ നമ്മുടെ ലാലേട്ടൻ മീശയും പരിച്ച് ഇറങ്ങുന്നുണ്ട്. രഞ്ജിത്തിന്റെ 'ലോഹത്തിൽ'. കാത്തിരുന്ന് കാണാം.
മെയ് ദിനം പ്രമാണിച്ച് നാളെ (01.05.2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ