- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത് വെറും വ്യാജ വാർത്ത; സംസ്ഥാനത്ത് വിഷുക്കിറ്റ് വിതരണം നിലച്ചിട്ടില്ല; കിറ്റുകൾക്ക് ക്ഷാമവുമില്ലെന്നും സപ്ലൈകോ; വിശദീകരണം വോട്ടെടുപ്പ് കഴിഞ്ഞതോടെ സർക്കാർ വിഷുക്കിറ്റ് നിർത്തിയെന്ന ചെന്നിത്തലയുടെ ആരോപണത്തോടെ
തിരുവനന്തപുരം: സംസ്ഥാനത്ത് വിഷുകിറ്റ് വിതരണം നിലച്ചതായും, കിറ്റുകൾക്ക് ക്ഷാമം ഉണ്ടെന്നുമുള്ള മാധ്യമവാർത്തകൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് വ്യക്തമാക്കി സപ്ലൈകോ. ജീവനക്കാർ നടത്തുന്ന ഭഗീരഥ പ്രയത്നത്തെ വിലയിടിച്ച് കാണിക്കുന്നതാണ് മാധ്യമങ്ങൾ നൽകുന്ന വ്യാജവാർത്തകളെന്നും സപ്ലൈകോ പത്രക്കുറിപ്പിൽ പറഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ ഏപ്രിൽ മാസത്തെ കിറ്റ് വിതരണം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പുകളും സപ്ലൈകോ നടത്തിയിട്ടുണ്ട്.
മാർച്ച് മാസത്തേതിൽ ഇനി ആവശ്യമുള്ള കിറ്റുകൾ തയ്യാറാക്കി സീൽ ചെയ്തുകഴിഞ്ഞു. ഏപ്രിൽ മാസത്തേക്ക് ഇതുവരെ വിതരണം ചെയ്ത 16 ലക്ഷം കൂടാതെ 12 ലക്ഷം കിറ്റുകൾകൂടി റേഷൻ കടകളിലേക്ക് നൽകാൻ തയ്യാറാക്കി.
മാർച്ച് മാസ കിറ്റുകളുടെ തയ്യാറാക്കൽ 08/03 നും, കാർഡുടമകൾക്കുള്ള വിതരണം 12/03 നും ആരംഭിച്ചിട്ടുള്ളതാണ്. ഏപ്രിൽ മാസ കിറ്റുകളും മാർച്ച് 24 ന് തന്നെ തയ്യാറാക്കിത്തുടങ്ങി. 30 മുതൽ വിതരണം ആരംഭിച്ചിട്ടുമുണ്ട്. ഇതുവരെ 75 ലക്ഷം കാർഡുടമകൾ മാർച്ച് മാസത്തെ കിറ്റ് കൈപ്പറ്റിക്കഴിഞ്ഞു. 16 ലക്ഷം കാർഡുടമകൾ ഏപ്രിൽ മാസ കിറ്റും കൈപ്പറ്റി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ കുറവും, പാക്കിങ്ങിനായി പ്രവർത്തിച്ചിരുന്ന സ്കൂൾ കെട്ടിടങ്ങൾ ഒഴിയേണ്ടിവന്നതും കണക്കിലെടുക്കുമ്പോൾ ഇത്രയും കിറ്റുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചുവെന്നത് ചെറിയകാര്യമല്ലെന്നും സപ്ലൈകോ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, വോട്ടെടുപ്പ് കഴിഞ്ഞതോടെ സർക്കാർ വിഷുക്കിറ്റ് നിർത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതോടെ സിപിഐ.എമ്മും സർക്കാരും ഒരിക്കൽ കൂടി തങ്ങളുടെ ജനവഞ്ചന തെളിയിച്ചിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
'വോട്ടെടുപ്പിന് മുമ്പ് വിഷുക്കിറ്റ് വിതരണം ചെയ്യാൻ എന്തൊരു ഉത്സാഹമായിരുന്നു സർക്കാരിന്. എന്നാൽ കാര്യം കഴിഞ്ഞപ്പോൾ ജനങ്ങളെ വേണ്ടാതായി', ചെന്നിത്തല പറഞ്ഞു.സംസ്ഥാനത്ത് 85 ലക്ഷം കാർഡുടമകൾക്ക് വിഷുക്കിറ്റ് നൽകണമെങ്കിലും കഷ്ടിച്ച് 26 ലക്ഷം പേർക്ക് മാത്രമേ നൽകിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കിറ്റ് വിതരണം ഇപ്പോൾ പൂർണ്ണമായും നിർത്തി വച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളെ പറ്റിച്ച് വോട്ട് പിടിക്കുക മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷം പറഞ്ഞത് ഒരിക്കൽ കൂടി ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. 'ഏപ്രിൽ 14 ആണ് വിഷു എങ്കിലും ഏപ്രിലിന് മുൻപ് തന്നെ കിറ്റ് വിതരണം ചെയ്യാൻ തിടുക്കം കാട്ടിയവരാണിവർ. വോട്ടെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഇനി ജനങ്ങളെ അവർക്ക് ആവശ്യമില്ലല്ലോ?' ചെന്നിത്തല പറഞ്ഞു.
വോട്ട് തട്ടുന്നതിനുള്ള കള്ളക്കളിയാണ് സർക്കാരിന്റെതെന്ന സത്യം തുറന്നു പറഞ്ഞതിന് പ്രതിപക്ഷ നേതാവ് അന്നം മുടക്കുകയാണെന്ന് പറഞ്ഞ് അപഹസിച്ച മുഖ്യമന്ത്രിക്ക് ഇപ്പോൾ എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ