ഏപ്രിൽ മെയ്‌ മാസം മലയാള സിനിമയ്ക്ക് ഒരു ഉത്സവകാലമാണ്. വെക്കേഷനാകുന്നതും ഈസ്റ്റർ വിഷു പോലുള്ള ആഘോഷങ്ങൾ വരുന്നതുമെല്ലാം ആളുകൾ പ്രത്യേകിച്ച് കുടുംബങ്ങളെ തീയേറ്ററിലേക്ക് എത്തിക്കുന്നത് പതിവാണ്. അതുകൊണ്ട് തന്നെ ആ സമയങ്ങളിൽ എല്ലാ താരങ്ങളും തങ്ങളുടെ ചിത്രം പ്രദർശനത്തിനെത്തിക്കാൻ മത്സരമാണ്. എന്നാൽ ഇത്തവണ വിഷുവിന് റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങളുടെ റിലീസ് വൈകുന്നതാണ് ചർച്ചയാകുന്നത്.

വിജയ് നായകനാകുന്ന തെറി എന്ന ചിത്രത്തിന്റെ 'ബിഗ്' റിലീസ് ഭയന്നാണ് മലയാള സിനിമകൾ മാറ്റിവയ്ക്കപ്പെട്ടതെന്നാണ് വിജയ് ആരാധകരുടെ വിലയിരുത്തൽ. വിഷുവിന് റീലിസ് ചെയ്യാനിരുന്ന മമ്മൂട്ടി ചിത്രം വൈറ്റ്, കുഞ്ചാക്കോ ബോബൻ ചിത്രം വള്ളീം തെറ്റി പുള്ളീം തെറ്റി, ജയറാം ചിത്രം ആടുപുലിയാട്ടം എന്നിവയുടെ റീലിസാണ് മാറ്റിയത്.

മമ്മൂട്ടിയെ നായകനാക്കി ഉദയ് ആനന്ദ് സംവിധാനം ചെയ്യുന്ന വൈറ്റ് എന്ന ചിത്രം ഏപ്രിൽ 14 ന്, വിഷു ദിനത്തിൽ റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടത്. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രം മെയ്യയിലാണ് റിലീസ് ചെയ്യുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതിനാലാണ് ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചതെന്നാണ് ഔദ്യോഗികമായ വിവരം.

അതുപോലെ വഷു ആഘോഷത്തിന്റെ ഭാഗമായി റിലീസ് ചെയ്യാനിരുന്ന ജയറാമിന്റെ ആടുപുലിയാട്ടവും, കുഞ്ചാക്കോ ബോബന്റെ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രവും ഏപ്രിൽ അവസാന വാരം മാത്രമേ റിലീസ് ചെയ്യുന്നുള്ളൂ. അതേ സമയം നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വർഗ്ഗരാജ്യം ഏപ്രിൽ 8 ന് തിയേറ്ററുകളിലെത്തും. രഞ്ജിത്തിന്റെ ലീല ഏപ്രിൽ 14 നാണ് റിലീസ് ചെയ്യുന്നത്. ഏപ്രിൽ 29 ന് പൃഥ്വിരാജിനെ നായകനാക്കി സുജിത്ത് വാസുദേവൻ സംവിധാനം ചെയ്യുന്ന ജെയിംസ് ആൻഡ് ആലീസ് റിലീസ് ചെയ്യും.

ഇതിനിടെ വിജയ് ചിത്രം തെറിയുടെ ടീസർ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.ടീസർ യൂട്യൂബിൽ ഒരുകോടി ആളുകൾ കണ്ടിരിക്കുന്നു. ഫെബ്രുവരി അഞ്ചിനാണ് ടീസർ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. വിക്രം നായകനായ ഐയുടെ ടീസറിന് ശേഷം ഒരുകോടി കടക്കുന്ന രണ്ടാമത്തെ തമിഴ് ടീസറാണ് തെറി. ഏറ്റവും കൂടുതൽ ലൈക്‌സ് കിട്ടിയ ടീസർ തെറിയുടേതാണ്. ഐയുടെ റെക്കോർഡ് ആണ് ഇനി തെറി ടീസറിന് ഭേദിക്കാനുള്ളത്