കുവൈത്തിലേക്ക് വിസ അനുവദിച്ചാൽ ഒരുമാസത്തിനകം രാജ്യത്ത് പ്രവേശിച്ചിരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഈ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. നിലവിൽ മൂന്നുമാസത്തിനകം കുവൈത്തിൽ പ്രവേശിച്ചാൽ മതിയെന്നാണ് നിയമം. പുതിയ വ്യവസ്ഥ തൊഴിൽ വിസ ലഭിച്ചു കുവൈത്തിൽ എത്തുന്നവർക്ക് വലിയ പ്രയാസം ഉളവാക്കും.

തൊഴിൽ വിസ ലഭിച്ചാൽ അവരവരുടെ രാജ്യത്തുനിന്ന് ആരോഗ്യക്ഷമതാ പരിശോധന ഉൾപ്പെടെ സമ്പാദിച്ചാണ് കുവൈത്തിലേക്ക് വരേണ്ടത്. സാധാരണഗതിൽ അതിനുമാത്രം ഒരുമാസത്തിലേറെ സമയം എടുക്കാറുണ്ട്. ഒരുമാസത്തിനകം കുവൈത്തിൽ പ്രവേശിച്ചില്ലെങ്കിൽ വിസ റദ്ദായതായി കണക്കാക്കപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വിസാ ഫീസ് ഉൾപ്പെടെ വർധിപ്പിക്കാനുള്ള ആലോചന ശക്തമായിരിക്കെയാണ് വിസ ലഭിച്ചാൽ കുവൈത്തിൽ പ്രവേശിക്കുന്നതിനുള്ള സമയപരിധി ചുരുക്കാനുള്ള തീരുമാനം. സന്ദർശക വിസയിൽ കുവൈത്തിൽ കഴിയുന്നതിനുള്ള കാലാവധി ചുരുക്കാൻ അടുത്തിടെ തീരുമാനമുണ്ടായിരുന്നു. മൂന്നുമാസത്തേക്ക് നൽകിയിരുന്ന കുടുംബ സന്ദർശക വിസ ഇപ്പോൾ ഒരു
മാസത്തേക്കാണ് നൽകുന്നത്.

എന്നാൽ, കുവൈറ്റിൽ ജോലിയുള്ളവരുടെ ഭാര്യ, കുട്ടികൾ എന്നിവർ അടങ്ങുന്ന കുടുംബത്തിന്, ഒരു മാസത്തിൽ രാജ്യം വിടണം എന്ന നിയന്ത്രണം ബാധകമല്ല. അവർക്ക് മൂന്നുമാസം കുവൈറ്റിൽ കഴിയാൻ അനുവാദമുണ്ട്. പക്ഷേ, സന്ദർശകവിസയിൽ കുവൈറ്റിൽ എത്തുന്ന അച്ഛനമ്മമാർ, സഹോദരങ്ങൾ എന്നിങ്ങനെയുള്ള മറ്റുള്ള കുടുംബാംഗങ്ങൾക്ക് ഒരു മാസമേ കുവൈറ്റിൽ തങ്ങാനാകൂ. എന്നാൽ ഈ പുതിയനിയമം പ്രാബല്യത്തിൽ വന്ന ജൂലൈ പതിനാലാം തീയതിക്ക് മുൻപ് നൽകപ്പെട്ട വിസകളിൽ ഇത് ബാധകമല്ല.

പാസ്‌പോർട്ട് വാലിഡിറ്റി ഒരു വർഷത്തിൽ മാത്രം കുറവുള്ള കുവൈറ്റിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് താൽക്കാലിക റെസിഡൻസ് പെർമിറ്റ് അനുവദിക്കാനും തീരുമാനം ആയിട്ടുണ്ട്. ഇത് പാസ്‌പോർട്ട് വാലിഡിറ്റിയുടെ പ്രശ്‌നം കാരണം അനധികൃതതാമസക്കാർ ആകുന്നതിൽ നിന്നും കുവൈറ്റിലെ വിദേശികളെ രക്ഷിക്കാൻ സഹായകമാകും. ഇങ്ങനെ പെർമിറ്റ് ലഭിക്കുന്നതിനാൽ, കുവൈറ്റിൽ ജോലി ചെയ്യുമ്പോൾത്തന്നെ പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കാനും അവർക്ക് സാധിക്കും.