കുവൈത്ത് സിറ്റി: നിയമലംഘകർക്കായുള്ള തെരച്ചിൽ ശക്തമാക്കിയ കുവെത്തിൽ സന്ദർശനവിസയിലെത്തുന്നവർക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. വിസിറ്റിങ് വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാതെ നിയമം ലംഘിച്ചാൽ സന്ദർശന വിസയിലെത്തിയവർക്കും സന്ദർശനവിസ നൽകിയ സ്‌പോൺസർക്കും ശിക്ഷ നല്കാനാണ് അധികൃതരുടെ പുതിയ തീരുമാനം.

നിയമം ലംഘിക്കുന്നവർക്കെതിരെ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച നയരേഖ ആഭ്യന്തരമന്ത്രാലയ കുടിയേറ്റവിഭാഗം അസി.അണ്ടർ സെക്ടർ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് കൈമാറിയിട്ടുണ്ട്. രാജ്യത്തെ വിവിധ ഗവർണറേറ്റുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി കുറ്റക്കാരായ സ്‌പോൺസർക്കെതിരെ നടപടിയെടുക്കാനാണ് നിർദ്ദേശം.

വാണിജ്യ സന്ദർശന വിസ നൽകി നിയമംലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടാകും. സ്ഥാപനങ്ങളുടെ ഫയലുകൾ താത്കാലികമായി റദ്ദാക്കുന്നതുൾപ്പെടയുള്ള കടുത്ത നടപടികൾക്കാണ് കുടിയേറ്റവിഭാഗത്തിന്റെ തീരുമാനം.

ഭാവിയിൽ സന്ദർശക വീസയ്ക്കുള്ള സ്‌പോൺസർഷിപ്പിന് അവർക്ക് അർഹതയും ഉണ്ടാകില്ല. സ്ഥാപനങ്ങളാണെങ്കിൽ കമ്പനിയുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകളിലുള്ള ഫയലുകളിന്മേലുള്ള ഇടപാടുകളെല്ലാം മരവിപ്പിക്കും. ജീവനക്കാരുടെ ഇഖാമ (താമസാനുമതി) പുതുക്കൽ ഉൾപ്പെടെ സ്തംഭനത്തിലാകും.