ജിദ്ദ: വിശുദ്ധ റംസാനിൽ കുടുംബത്തെ കൊണ്ടു വന്നു ഉംറ നിർവഹിപ്പിക്കാനുള്ള പലരുടേയും മോഹങ്ങൾക്കു തിരിച്ചടിയായി സൗദി മന്ത്രാലയത്തിന്റെ നടപടി. ഓൺലൈൻ വഴി സൗദി വിദേശകാര്യ മന്ത്രാലയം നൽകിയിരുന്ന വിസിറ്റിങ് വിസകൾക്കുള്ള അപേക്ഷകൾ നിരസിച്ചു തുടങ്ങിയിരിക്കുകയാണിപ്പോൾ. ഇപ്പോൾ വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഹജ്ജിനു ശേഷം പുതിയ അപേക്ഷ നൽകാനുള്ള സന്ദേശമാണ് ലഭിക്കുന്നത്.

സൗദിയിലേക്കുള്ള വിസിറ്റിങ് വിസ നടപടികൾ ലഘൂകരിച്ചതിനെ തുടർന്ന് ലക്ഷക്കണക്കിന് ആളുകൾ ഓൺലൈൻ വഴിയുള്ള സൗകര്യമാണ് പ്രയോജനപ്പെടുത്തിയിരുന്നത്. ഭാര്, മക്കൾ തുടങ്ങിയവർക്ക് മൂന്നു മാസത്തെ വിസിറ്റിങ് വിസയും മാതാപിതാക്കൾക്ക് ഒരു മാസത്തെ വിസയുമാണ് അനുവദിച്ചിരുന്നത്. നിശ്ചിത കാലാവധി കഴിഞ്ഞാലും 100 റിയാൽ ഫീസ് അടച്ച് വിസ പുതുക്കി പരമാവധി ആറു മാസം വരെ സന്ദർശക വിസയിൽ സൗദിയിൽ തങ്ങാൻ സാധിക്കുമായിരുന്നു. എന്നാൽ നിലവിൽ ഓൺലൈൻ വഴിയുള്ള വിസിറ്റിങ് വിസാ അപേക്ഷകൾ താത്ക്കാലികമായി നിരസിക്കുകയാണിപ്പോൾ.

എന്നാൽ നിലവിൽ രാജ്യത്ത് തങ്ങുന്നവരുടെ വിസിറ്റ് വിസകൾ പരമാവധി സമയം വരെ പുതുക്കി നൽകുന്നുണ്ട്. ചുരുക്കം ചില പ്രഫഷനുകൾക്കൊഴിച്ച് ബാക്കിയുള്ള എല്ലാ പ്രഫഷനുകളിലുള്ളവർക്കും സർട്ടിഫിക്കറ്റുകളൊ ശമ്പളമോ സാക്ഷ്യ പത്രമോ കൂടാതെയായിരുന്നു ഓൺലൈൻ വഴി വിസിറ്റ് വിസകൾ അനുവദിച്ചിരുന്നത്. അത്‌കൊണ്ടു തന്നെ മലയാളികളടക്കം നിരവധി പേരാണു ഈ സൗകര്യം ഉപയോഗിച്ച് കുടുംബത്തെ സൗദിയിലേക്ക് കൊണ്ട് വന്നിരുന്നത്.