കൊല്ലം: വിസ്മയ കേസ് പ്രതി കിരൺകുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കറും പൊലീസ് സീൽ ചെയ്തു. കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന കിരണിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അപേക്ഷ പൊലീസ് ഉടൻ കോടതിയിൽ നൽകും. വിസ്മയയുടേതുകൊലപാകമെന്ന നിഗമനത്തിൽ പൊലീസ് എത്താൻ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ടിൽ മരവിപ്പിക്കുന്നത്. സ്ത്രീധനമായി കിട്ടിയ സ്വർണത്തിനൊപ്പം വിവാഹ സമ്മാനമായി നൽകിയ ഈ കാറും കേസിൽ തൊണ്ടിമുതലാകും.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടാണ് കിരൺകുമാർ വിസ്മയയെ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസിന് വ്യക്തമായി കഴിഞ്ഞു. വാട്‌സാപ്പ് ചാറ്റുകളും മറ്റും തെളിവായി കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിയുടെ മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. വിവാഹ സമ്മാനമായി വിസ്മയക്ക് നൽകിയ 80 പവൻ സ്വർണം സൂക്ഷിക്കാൻ കിരൺ തന്റെ പേരിൽ പോരുവഴിയിലെ ബാങ്കിൽ തുറന്ന ലോക്കറാണ് സീൽ ചെയ്തത്.

ഐ പി .സി. 498 ഏ ,304 ബി വകുപ്പുകൾ ആണ് കിരണിനെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്മേലുള്ള വിശകലനങ്ങൾ പൂർത്തിയായ ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കൊലക്കുറ്റം ചുമത്തേണ്ട സാഹചര്യം ഉണ്ടെന്നാണ് വിലയിരുത്തൽ. മോട്ടോർ വാഹന വകുപ്പിൽ ഇൻസ്‌പെക്ടറായ കിരണിനെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ ഡിസ്മിസും ചെയ്യും. ഇതിനൊപ്പമാണ് സ്ത്രീധനവും മറ്റും മരവിപ്പിക്കുന്നത്. കിരണിന്റെ അച്ഛനും അമ്മയും ഗാർഹിക പീഡന കേസിൽ പ്രതിയാകാൻ സാധ്യത ഏറെയാണ്.

മരണത്തിന് കുറച്ചുനാൾ മുൻപ് വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്‌സാപ് സന്ദേശങ്ങളിലൂടെ പുറത്തുവന്നത് സ്ത്രീധനത്തിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന ക്രൂരതകൾ ആയിരുന്നു. സന്ദേശങ്ങളിലെ ചില ഭാഗങ്ങൾ: 'വണ്ടി കൊള്ളില്ല എന്നു പറഞ്ഞ് എന്നെ തെറി വിളിച്ചു. അച്ഛനെ കുറേ പച്ചത്തെറി വിളിച്ചു. എന്റെ മുടിയിൽപ്പിടിച്ചു വലിച്ചു. ദേഷ്യം വന്നാൽ എന്നെ അടിക്കും. മിനഞ്ഞാന്ന് എന്റെ മുഖത്ത് ചവിട്ടി. ഞാൻ ഒന്നും ആരോടും പറഞ്ഞില്ല. ഞാൻ അടികൊണ്ട് കിടന്നപ്പോൾ കാലുകൊണ്ട് മുഖത്ത് അമർത്തി.' ഇങ്ങനെയായിരുന്നു. ഇത് വിസ്മയ അയച്ചതാണെന്ന് തെളിയുകയും ചെയ്തു.

വിസ്മയയുടെ വീട്ടിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലും, വനിത കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈനും സന്ദർശനം നടത്തി. വനിതാ കമ്മീഷൻ മൊഴിയും എടുത്തു. ഞാൻ സർക്കാർ ഉദ്യോഗസ്ഥനാണ്, എനിക്ക് ഇതിലും കൂടുതൽ സ്ത്രീധനം ലഭിക്കും'  ഇതുപറഞ്ഞാണ് വിസ്മയയെ ഭർത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നതെന്ന് വിസ്മയയുടെ സഹോദരൻ വിജിത്ത് വെളിപ്പെടുത്തിയിരുന്നു.

ഒന്നര ഏക്കറോളം സ്ഥലവും 12 ലക്ഷം രൂപയുടെ കാറും സ്വർണാഭരണങ്ങളും വിവാഹസമയത്തു നൽകിയിരുന്നു. ഇതിലും വിലകൂടിയ കാർ വേണമെന്നും 10 ലക്ഷം രൂപ കൂടി നൽകണമെന്നും ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നെന്ന് വിജിത്ത് പറഞ്ഞു.  'മാസങ്ങൾക്കു മുൻപ് അയാൾ മദ്യലഹരിയിൽ ഞങ്ങളുടെ വീട്ടിൽ വന്നു ബഹളമുണ്ടാക്കി. ഞങ്ങളുടെ മുൻപിൽ വച്ച് വിസ്മയയെ അടിച്ചു. ഞാൻ തടസ്സം പിടിച്ചപ്പോൾ എനിക്കും മർദനമേറ്റു. ആളുകൾ ഓടിക്കൂടിയപ്പോൾ അയാൾ ഇറങ്ങിയോടി.

പൊലീസ് പിടിച്ചപ്പോൾ അവരെ ആക്രമിക്കാൻ ശ്രമിച്ചു. മോട്ടർ വെഹിക്കിൾ ഡിപ്പാർട്‌മെന്റിലെയും പൊലീസിലെയും ചിലർ ഇടപെട്ടാണു കേസ് ഒത്തുതീർപ്പാക്കിയത്. ആ ഒത്തുതീർപ്പിലാണ് എനിക്കെന്റെ സഹോദരിയെ നഷ്ടമായത്. അതിനു ശേഷം വിസ്മയ വീട്ടിൽ നിന്നാണു ക്ലാസിൽ പോയത്. ഭർത്താവ് കോളജിൽ ചെന്നു കൂട്ടിക്കൊണ്ടുപോയി. പിന്നെ അവിടെ നടക്കുന്ന ഉപദ്രവങ്ങളൊന്നും വീട്ടിൽ അറിയാതെയായി. മരിച്ച ദിവസം രാത്രിയിലും അവൾ അമ്മയെ വിളിച്ചിരുന്നു; പരീക്ഷയ്ക്ക് വിടുന്നില്ല എന്നു പറഞ്ഞു കരഞ്ഞു. ആയിരം രൂപ വേണമെന്നും അമ്മയോടു പറഞ്ഞു. അയച്ചുകൊടുക്കാമെന്നും പറഞ്ഞു. പിന്നീട് ഞങ്ങൾ അറിയുന്നത് അവളുടെ മരണവാർത്തയാണ്.

വിസ്മയ നേരത്തേ ഒരു കൂട്ടുകാരിക്ക് അയച്ച സന്ദേശം അവർ എനിക്ക് ഇപ്പോൾ അയച്ചു തന്നു. ഭർത്താവ് തന്നെ കൊല്ലുമെന്ന് അവൾ ആ കൂട്ടുകാരിയോടു പറഞ്ഞിരുന്നു. തെളിവെല്ലാം ഞാൻ പൊലീസിനു സമർപ്പിച്ചിട്ടുണ്ട് വിജിത്ത് പറയുന്നു. ഈ പഴയ അടിപിടി കേസും പൊലീസ് വീണ്ടും അന്വേഷിക്കും.