കൊല്ലം : വിസ്മയയെ ശാസ്താംനടയിലെ ഭർത്തൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ട സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. വിസ്മയയുടെ വീട്ടിൽ ഭർത്താവ് കിരൺകുമാർ നടത്തിയ ആക്രമണം പുനരന്വേഷിക്കുന്നതിന് പൊലീസ് നിയമോപദേശം തേടും. നിയമപരമായ തടസ്സങ്ങളെ തുടർന്ന് കിരൺകുമാറിനെ ഇനി വിസ്മയ കേസിൽ ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. പുതിയ കേസിൽ ചോദ്യം ചെയ്യാൻ കിരണിനെ കസ്റ്റഡിയിൽ വാങ്ങാം. ഇതിന്റെ സാധ്യതകൾ പരിശോധിക്കുകയാണ് പൊലീസ്.

വിസ്മയ കേസിലും അഞ്ചൽ ഉത്ര കൊലക്കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജ് പ്രോസിക്യൂഷന് വേണ്ടി വാദിക്കാൻ എത്തിയേക്കും. വിസ്മയ കേസിലും സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി മോഹൻരാജിനിനെ നിയോഗിക്കണമെന്ന് വിസ്മയയുടെ കുടുംബം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അവർ മുഖ്യമന്ത്രിയെ കണ്ട് നിവേദനംനൽകി. കൊല്ലം റൂറൽ എസ്‌പി. സമർപ്പിച്ച പട്ടികയിലും ജി.മോഹൻരാജിന്റെ പേരിനാണ് പ്രഥമപരിഗണന. ഇതോടെ സ്ത്രീധന പീഡന കേസിൽ കിരണിന് കുരുക്കു മുറുകം. ശാസ്താംകോട്ടയിലെ വീട്ടിലെ വിസ്മയുടെ മരണം കൊലപാതകമെന്ന് ഉറപ്പിക്കാൻ അന്വേഷണ സംഘത്തിന് ആയിട്ടില്ല.

വിസ്മയ കേസിൽ കിരൺകുമാറിനെ ഇനി അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ ലഭിക്കാൻ നിയമതടസ്സമുണ്ട്. നിയമപ്രകാരം കസ്റ്റഡിയിലുള്ള പ്രതിയുടെ കസ്റ്റഡികാലവധി നീട്ടിക്കിട്ടാൻ പൊലീസ് ഉടൻ അപേക്ഷസമർപ്പിക്കണം. കിരൺകുമാറിന് കോവിഡ് ബാധിച്ചതിനാൽ കസ്റ്റഡി നീട്ടാനുള്ള അപേക്ഷ നൽകാനായില്ല. ഇനി അപേക്ഷ സമർപ്പിച്ചാൽത്തന്നെ നിയമപ്രകാരം അത് കോടതിക്ക് പരിഗണിക്കാനുമാകില്ല. ഈ സാഹചര്യത്തിലാണ് പഴയ അടിക്കേസ് വീണ്ടും ചർച്ചയാക്കി കിരണിനെ രക്ഷിക്കാനുള്ള നീക്കം.

ജനുവരി രണ്ടിനാണ് വിസ്മയയുടെ നിലമേലിലെ വീട്ടിൽ കിരൺകുമാർ ആക്രമണം നടത്തിയത്. വീട്ടിൽവെച്ച് വിസ്മയയെ മർദിച്ച കിരൺകുമാർ, തടഞ്ഞ സഹോദരൻ വിജിത്തിനെയും മർദിച്ചു. തുടർന്ന് രക്ഷപ്പെട്ട ഇയാളെ പിടികൂടിയ ചടയമംഗലം എസ്‌ഐ.യെ കൈയേറ്റം ചെയ്യുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു. കേസ് മോട്ടോർവാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സമ്മർദ്ദഫലമായി ചടയമംഗലം പൊലീസ് ഒത്തുതീർപ്പാക്കിയെന്നാണ് പരാതി. ഈ കേസ് പുനരന്വേഷിക്കണമെന്ന് വിസ്മയയുടെ കുടുംബം ദക്ഷിണമേഖല ഐ.ജി. ഹർഷിത അത്തല്ലൂരിയോട് ആവശ്യപ്പെട്ടിരുന്നു.

കേസ് പുനരന്വേഷിക്കുന്നതിലെ നിയമപ്രശ്‌നങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. വിഷയത്തിൽ പൊലീസ് നിയമോപദേശം തേടും. നിയമോപദേശം അനുകൂലമായാൽ കേസ് വീണ്ടും തുറക്കും. കിരൺ കുമാറിനെതിരെ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ഈ കേസിലും ചുമത്തും. വിസ്മയ ആത്മഹത്യ ചെയ്തതല്ല, കൊന്നതാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുടുംബംഗങ്ങൾ.

അച്ഛനെയും സഹോദരൻ വിജിത്തിനെയും മർദ്ദിച്ച സംഭവം അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥനെ കിരൺ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. കിരൺ ജോലി ചെയ്തിരുന്ന മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തെ തുടർന്നാണ് അന്ന് കേസിൽ നിന്ന് പിന്നോട്ട് പോയതെന്ന് വിസ്മയയുടെ അച്ഛൻ പറയുന്നു. ഒത്തുതീർപ്പായെങ്കിലും കിരണിനെ വിളിച്ച് ശകാരിച്ചാണ് എസ്ഐ പറഞ്ഞയച്ചത്. ഇനിയൊരു നിയമലംഘനമുണ്ടായാൽ വെറുതെ വിടില്ലെന്ന് എസ് ഐ പറഞ്ഞാണ് വിട്ടതെന്നും വിസ്മയയുടെ അച്ഛൻ പറയുന്നു.

ഇനി ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നും, കേസ് വീണ്ടും അന്വേഷിച്ചേ മതിയാകൂ എന്നും കുടുംബം പറയുന്നു. കിരൺ സഹോദരിയുടെ വീട്ടിൽ പോയി വരുമ്പോഴാണ് വിസ്മയക്കെതിരെ കൂടുതൽ ആക്രമണം നടത്താറുള്ളതെന്ന് സുഹൃത്തുക്കളിൽ നിന്ന് വിവരം ലഭിച്ചതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ഗാർഹിക പീഡനത്തിൽ അവരും പങ്കാളിയാണ്. അവരെ ഇതുവരെ കേസിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ജനുവരിയിലെ കേസ് ഒതുക്കി തീർക്കാനായി കിരൺ കുമാറിന്റെ അച്ഛനും സഹോദരി ഭർത്താവും വീട്ടിൽ വന്ന് കാലുപിടിച്ചെന്ന് ത്രിവിക്രമൻ പിള്ള പറയുന്നു.

വിസ്മയയ്ക്ക് നൽകിയ 80 പവന്റെ സ്വർണം കരണിന്റെ പേരിലെ ബാങ്ക് ലോക്കറിലാണ്. കൊടുത്ത കാർ ഇപ്പോൾ വിസ്മയയുടെ വീട്ടിലാണുള്ളത്. അതിനിടെ കിരൺ കുമാറിന്റെ പീഡനത്തിൽ കൂടുതൽ വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഞാൻ സർക്കാർ ഉദ്യോഗസ്ഥനാണ്, എനിക്ക് ഇതിലും കൂടുതൽ സ്ത്രീധനം ലഭിക്കും' ഇതുപറഞ്ഞാണ് വിസ്മയയെ ഭർത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നതെന്ന് വിസ്മയയുടെ സഹോദരൻ വിജിത്ത് പറയുന്നു. ഒന്നര ഏക്കറോളം സ്ഥലവും 12 ലക്ഷം രൂപയുടെ കാറും സ്വർണാഭരണങ്ങളും വിവാഹസമയത്തു നൽകിയിരുന്നു. ഇതിലും വിലകൂടിയ കാർ വേണമെന്നും 10 ലക്ഷം രൂപ കൂടി നൽകണമെന്നും ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നെന്ന് വിജിത്ത് പറഞ്ഞു. 'മാസങ്ങൾക്കു മുൻപ് അയാൾ മദ്യലഹരിയിൽ ഞങ്ങളുടെ വീട്ടിൽ വന്നു ബഹളമുണ്ടാക്കി. ഞങ്ങളുടെ മുൻപിൽ വച്ച് വിസ്മയയെ അടിച്ചു. ഞാൻ തടസ്സം പിടിച്ചപ്പോൾ എനിക്കും മർദനമേറ്റു. ആളുകൾ ഓടിക്കൂടിയപ്പോൾ അയാൾ ഇറങ്ങിയോടി-വിജത്ത് വെളിപ്പെടുത്തിയിരുന്നു.