- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളർന്നുകിടക്കുന്ന അച്ഛനെ കൈകളിലേന്തുന്ന മകൾ; വിസ്മയയ്ക്ക് തണലാവാൻ ഇനി ജോംസണും; ഇരുവർക്കും മംഗളം നേർന്ന് ഒരു ഗ്രാമം
ചേർത്തല: തളർന്ന അച്ഛനെ കൈകളിലേന്തി പാതയോരത്തേക്ക് വരുന്ന മകൾ.പിന്നാലെ വീൽച്ചെയറുമായി സഹോദരിയും കഴിഞ്ഞ കുറെ വർഷങ്ങളായി ചേർത്തലക്കാരുടെ പ്രഭാത കാഴ്ച്ചകളിലൊന്നായിരുന്നു ഇത്.എന്നാൽ ഇന്ന് ആ കാഴ്ച്ച ഉണ്ടാവില്ല. മറ്റൊന്നും കൊണ്ടല്ല. ജീവിത പ്രതിസന്ധിക്കിടയിൽ മകൾക്ക് കൂട്ടായി ഇന്ന് ഒരാൾ കൂടിയെത്തും.വിസ്മയയുടെ വിവാഹാമാണ് ഇന്ന്.മാരാരിക്കുളം വലിയപറമ്പ് ജോംസണാണു ജാതിമത ചിന്തകൾക്കതീതമായി വിസ്മയയുടെ കൈ പിടിക്കുന്നത്.
ഏഴു വർഷത്തിലേറെയായി തളർന്നു കിടക്കുന്ന വിനോദിനു കരുത്താണ് മകൾ വിസ്മയ. എന്നും രാവിലെ വീട്ടിൽനിന്നു 15 അടി ഉയരത്തിലുള്ള റോഡിലേക്ക് വിനോദിനെ വിസ്മയയാണു കയ്യിലെടുത്തു കൊണ്ടുപോകുന്നത്.ചേർത്തല ആഞ്ഞിലിപ്പാലത്തിനു സമീപം ഭാഗ്യക്കുറി വിൽക്കാനാണ് മുള്ളൻചിറ നികർത്തിൽ വിനോദിന്റെ പതിവു യാത്ര.
2007ൽ ആണ് വിനോദിനെ വീഴ്ത്തിയ അപകടം. വീടിനടുത്ത് മരംവെട്ടിനു സഹായിക്കാൻ പോയതാണ്. മരത്തിനു താഴെ നിന്ന വിനോദിനു മരക്കഷണം വീണു ഗുരുതരമായി പരുക്കേറ്റു. വർഷങ്ങൾ നീണ്ട ചികിത്സ. നാഡികൾ ചതഞ്ഞു പോയതിനാൽ അരയ്ക്കു താഴെ തളർന്നു.അപകടത്തിനു ശേഷം ഭാര്യ തന്നെയും മക്കളെയും ഉപേക്ഷിച്ചു പോയെന്നു വിനോദ് പറയുന്നു. അന്നു മക്കൾക്ക് എട്ടും അഞ്ചും വയസ്സ്.
വിനോദ് വർഷങ്ങളോളം ആശുപത്രിയിലും മറ്റുമായിരുന്നു. അക്കാലത്ത് മക്കൾ പഠിച്ചത് ആലപ്പുഴയിലെ ജീവകാരുണ്യ സ്ഥാപനത്തിൽ താമസിച്ചാണ്. പിന്നീട് ആഞ്ഞിലിപ്പാലം തോടിനോടു ചേർന്ന പുറംപോക്കിൽ പലരുടെയും സഹായത്തോടെ ചെറിയ ഷെഡ് വച്ച് മൂവരും താമസമാക്കി.ഇലക്ട്രിക് മുച്ചക്ര വാഹനമുണ്ടെങ്കിലും ബാറ്ററി മാറ്റാൻ പണമില്ലാത്തതിനാൽ അത് ഉപയോഗിക്കുന്നില്ല. ചേർത്തലയിലെ വസ്ത്രശാലയിൽ ജീവനക്കാരിയാണു വിസ്മയ. വിനയ പ്ലസ്ടു വിദ്യാഭ്യാസം പൂർത്തിയാക്കി.
മറുനാടന് മലയാളി ബ്യൂറോ