കൊല്ലം : ബി.എ.എം.എസ്. വിദ്യാർത്ഥിനിയായിരുന്ന വിസ്മയയെ ഭർത്തൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിന്റെ വിചാരണ തിങ്കളാഴ്ച കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിക്കുമ്പോൾ ആദ്യ ദിനം തന്നെ അതിനിർണ്ണായകമാകും. കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജും പ്രതിക്കുവേണ്ടി പ്രതാപചന്ദ്രൻ പിള്ളയുമാണ് ഹാജരാകുന്നത്.

ജഡ്ജി കെ.എൻ.സുജിത് മുൻപാകെയാണ് വിചാരണ. വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ, സഹോദരൻ വിജിത്ത് എന്നിവരെയാണ് ആദ്യദിനം വിസ്തരിക്കുക. പ്രതിഭാഗത്തിന്റെ വിചാരണയാകും നിർണ്ണായകം. കുറ്റപത്രം വായിച്ചുകേൾപ്പിച്ചപ്പോൾ പ്രതി കിരൺകുമാർ കുറ്റം നിഷേധിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 ബി-സ്ത്രീധനപീഡനംകൊണ്ടുള്ള മരണം, 498 എ-സ്ത്രീധനപീഡനം, 306-ആത്മഹത്യാപ്രേരണ, 323-പരിക്കേൽപ്പിക്കുക, 506 (1) ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകളും സ്ത്രീധനനിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും പ്രകാരമുള്ള കുറ്റങ്ങളാണ് കുറ്റപത്രത്തിൽ ആരോപിച്ചിട്ടുള്ളത്.

2021 ജൂൺ 21-നാണ് ശാസ്താംകോട്ട ശാസ്താംനടയിലെ ഭർത്തൃവീട്ടിൽ വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഐ.ജി. ഹർഷിത അത്തല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി സെപ്റ്റംബർ 10-ന് പൊലീസ് കുറ്റപത്രം ഹാജരാക്കി. 2019 മെയ്‌ 31-ന് വിവാഹിതയായ വിസ്മയയെ സ്ത്രീധനത്തിനുവേണ്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് കിരൺകുമാർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

സ്ത്രീധനമായി നൽകിയ കാർ മാറ്റി വേറേ നൽകണമെന്നുപറഞ്ഞ് 2020 ഓഗസ്റ്റ് 29-ന് ചിറ്റുമലയിൽ പൊതുജനമധ്യത്തിലും 2021 ജനുവരി മൂന്നിന് വിസ്മയയുടെ നിലമേലുള്ള വീട്ടിൽെവച്ചും പരസ്യമായി പീഡിപ്പിച്ചെന്നും പറയുന്നു. മാനസികപീഡനം സഹിക്കാനാകാതെ വിസ്മയ ആത്മഹത്യ ചെയ്‌തെന്നാണ് പ്രോസിക്യൂഷൻ കേസ്. കൂട്ടുകാരികൾക്കും ബന്ധുക്കൾക്കും വിസ്മയ വാട്സാപ്പിലൂടെയും മറ്റും അയച്ച സന്ദേശങ്ങൾ ഫോണുകളിൽനിന്ന് സൈബർ വിദഗ്ധരുടെ സഹായത്തോടെ ശേഖരിച്ച് തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കി. എന്നാൽ ഈ ചിത്രങ്ങളിൽ പലതും ഭർത്താവ് തല്ലിയതല്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഇതു സംബന്ധിച്ച പല തെളിവുകളും പുറത്തു വന്നിരുന്നു. കുറ്റപത്രത്തിൽ വിജിത്തിന്റെ മൊഴിയുമുണ്ട്. ഇതെല്ലാം കേസിലെ വിചാരണയെ ശ്രദ്ധേയമാക്കും.

അതിനിടെ 'ഏട്ടന്റെ കുഞ്ഞുവാവയെ ഓമനിച്ച് ഇവിടെയുണ്ടാകേണ്ടതാണ് മാളു (വിസ്മയ), നേരിൽ കാണാനായില്ലെങ്കിലും'... വിസ്മയ കുഞ്ഞുമായി നിൽക്കുന്ന, ജീവൻ തുടിക്കുന്ന ചിത്രവുമായി അമ്മ സജിതയുടെ നൊമ്പരം നിറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. വിസ്മയ, ഒരു കുഞ്ഞുമായി നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

വിസ്മയ മരിക്കുമ്പോൾ വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ ഭാര്യ ഡോ. രേവതി അന്ന് ഗർഭിണിയായിരുന്നു. വിജിത്തിന്റെ കുഞ്ഞിനെ വിസ്മയ ലാളിക്കുന്നത് കുടുംബം ഏറെ സ്വപ്നം കണ്ടിരുന്നതാണ്. അങ്ങനെയാണ് വിജിത്ത് മകൻ നീൽ വി.വിക്രം വിസ്മയയ്‌ക്കൊപ്പമുള്ള ചിത്രം വരയ്ക്കാൻ ചിത്രകാരിയും കോഴിക്കോട് സ്വദേശിയുമായ അജില ജനീഷിനെ സമീപിച്ചത്. ചിത്രം പൂർത്തിയാക്കി വിസ്മയയുടെ വീട്ടിൽ നേരിട്ടെത്തി കൈമാറാമെന്ന് അജില അറിയിച്ചു. എന്നാൽ ദൂരവും മറ്റു ബുദ്ധിമുട്ടുകളും പരിഗണിച്ച് ചിത്രം കൂറിയറിൽ അയച്ചാൽ മതിയെന്ന് കുടുംബം അറിയിക്കുകയായിരുന്നു.

കഴിഞ്ഞദിവസമാണ് ചിത്രം നിലമേൽ കൈതോട്ടെ വിസ്മയയുടെ വീട്ടിൽ ലഭിച്ചത്. വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായരും അമ്മ സജിതയും ചേർന്നാണ് ചിത്രം കണ്ടത്. വിചാരണയ്ക്ക് തൊട്ടു മുമ്പാണ് ചിത്രം കിട്ടിയത്. വളരെ വേദനയോടെയാണ് വിസ്മയയുടെ ചിത്രം വരച്ചുതീർത്തതെന്ന് ചിത്രകാരി അജില പറഞ്ഞു.