തിരുവനന്തപുരം: കൊല്ലം ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരണിന്റെ ഭാര്യ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ. വി. നായർ (24) ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീധന പീഡന മരണക്കേസിൽ സർക്കാർ നിലപാടറിയിക്കാൻ കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. പൊലീസ് കേസ് ഡയറി ഫയലും അന്വേഷണ തൽസ്ഥിതി റിപ്പോർട്ടും ജൂലൈ 22 ന് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ജില്ലാ കോടതിയിൽ കിരൺ സമർപ്പിച്ച ജാമ്യ ഹർജിയിലാണ് കോടതി ഉത്തരവ്. ജൂൺ 22 മുതൽ റിമാന്റിൽ കഴിയുന്ന വിസ്മയയുടെ ഭർത്താവായ പ്രതി എസ്. കിരൺ കുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. മജിസ്‌ട്രേട്ട് കോടതി ജാമ്യം തള്ളിയപ്പോഴുണ്ടായ സാഹചര്യങ്ങളിൽ മാറ്റം വന്നതായും അന്വേഷണം പ്രായോഗികമായി പൂർത്തിയായെന്നും അതിനാൽ തന്റെ തുടർ ജുഡീഷ്യൽ ജയിൽ റിമാന്റ് കസ്റ്റഡി യാതൊരന്വേഷണത്തിനും ആവശ്യമില്ലെന്നും കാട്ടിയാണ് കിരൺ ജില്ലാ കോടതിയിൽ ജാമ്യഹർജി ബോധിപ്പിച്ചിരിക്കുന്നത്.

പ്രതിക്കെതിരെ പ്രധാനമായും ആരോപിക്കുന്ന വകുപ്പ് 304 (ബി) സ്ത്രീധന പീഡനമരണക്കുറ്റം സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട കുറ്റമായതിനാലും അന്വേഷണം പ്രാരംഭ ദിശയിലായതിനാലും മജിസ്‌ട്രേട്ട് കോടതി ജാമ്യം നിരസിക്കാനാണ് സാധ്യത. അതേ സമയം കിരണിനെ ജൂൺ 25 ന് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡി നൽകിയിരുന്നു. വിസ്മയ മരിച്ച നിലയിൽ കണ്ടെത്തിയ കിരണിന്റെ വീട്ടിൽ കൊണ്ടുചെന്ന് വിസ്മയയുടെ 166 സെ.മി. പൊക്കവും 66 കിലോ ഭാരവുമുള്ള ഡമ്മി വച്ച് ക്രൈം സീൻ കിരണിനെ കൊണ്ട് പുനരാവിഷ്‌ക്കരിച്ചിരുന്നു.പോരുവഴി സ്റ്റേറ്റ് ബാങ്കിൽ കൊണ്ടുചെന്ന് ലോക്കറിൽ നിന്ന് 42 പവൻ വീണ്ടെടുത്ത് തൊണ്ടിയായി കോടതിയിൽ ഹാജരാക്കി. പിറ്റേന്ന് വിസ്മയുടെ നിലമേൽ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുപോവാനിരിക്കേ കോവിഡ് പോസിറ്റീവായതിനാൽ നെയ്യാറ്റിൻകര സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. 15 ദിവസം ക്വാറന്റയിനിൽ കഴിയേണ്ടതിനാൽ അന്വേഷണം വഴിമുട്ടി.

അതേ സമയം കിരണിനെ ഇനി പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകില്ല. ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്റിലായാൽ ആദ്യ 15 ദിവസത്തിനകം പൊലീസ് കസ്റ്റഡി അപേക്ഷ നൽകേണ്ടതും ആദ്യ റിമാന്റ് മുതൽ 15 ദിവസം വരെ മാത്രമേ പ്രതിയെ കസ്റ്റഡി നൽകാൻ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 167 (2) വിവക്ഷിക്കുന്നുള്ളു. ഇവിടെ കിരണിന്റെ ക്വാറന്റയിലും റിവേഴ്‌സ് ക്വാറന്റയിനും തീരാൻ 25 ദിവസമെടുക്കും. അതിനാൽ ഇനി ജയിലിൽ പോയി ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ മാത്രമേ പ്രതിയെ ചോദ്യം ചെയ്യാൻ കോടതി അനുവാദം നൽകുകയുള്ളു. ഇതോടെ പൊലീസ് കസ്റ്റഡിയിൽ വച്ചുള്ള ചോദ്യം ചെയ്യൽ അദ്ധ്യായം അടഞ്ഞു. ഇവിടെ ജൂൺ 22 മുതൽ ജൂലൈ 7 വരെ ആദ്യ റിമാന്റു പിന്നിട്ടപ്പോൾ തന്നെ 15 ദിവസം പൂർത്തിയായിക്കഴിഞ്ഞു. അതിനാൽ ജൂലൈ 7 മുതൽ പൊലീസ് കസ്റ്റഡി നൽകാൻ നിയമം അനുവദിക്കുകുന്നില്ല. പൊലീസിനു മുന്നിൽ ഇനിയുള്ള ഏക മാർഗ്ഗം കിരണിനെ ജയിലിൽ ചെന്ന് ചോദ്യം ചെയ്യുക മാത്രമാണ്. എന്നാൽ കൂട്ടുപ്രതികളായി കിരണിന്റെ മാതാപിതാക്കളേയോ കിരണിന്റെ സഹോദരീ ഭർത്താവ് മുകേഷിനേയോ പ്രതിചേർത്ത് അറസ്റ്റ് ചെയ്യുന്ന പക്ഷം അവരെ അറസ്റ്റ് തീയതി മുതൽ 15 ദിവസത്തിനകം പൊലീസ് കസ്റ്റഡി വാങ്ങാവുന്നതാണ്.

കിരണിനെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തുകൊലപാതക സാധ്യത കണ്ടെത്തുന്നതിനും തെളിവു ശേഖരണത്തിനുമായി പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യം അംഗീകരിച്ച് കസ്റ്റഡിയിൽ വിട്ടു നൽകിയിരുന്നു. കിരണിനെ കോടതിയിൽ ഹാജരാക്കാൻ കൊട്ടാരക്കര സബ് ജയിൽ സൂപ്രണ്ടിനോട് കോടതി കഴിഞ്ഞ ഉത്തരവിട്ടിരുന്നു. പ്രോസിക്യൂഷൻ ഭാഗവും പ്രതിഭാഗവും കേട്ട ശേഷമാണ് കസ്റ്റഡി അപേക്ഷയിൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 ബി (സ്ത്രീധന പീഡന മരണം) , 498 എ (കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുള്ള ശാരീരിക , മാനസിക പീഡനം) എന്നീ കുറ്റങ്ങളാണ് എഫ് ഐആറിൽ ചുമത്തിയിട്ടുള്ളത്. വിസ്മയയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് ലബോറട്ടറി പരിശോധനാ റിപ്പോർട്ടും ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതേ സമയം ആന്തരികാവയങ്ങളായ കരൾ , വൃക്ക , ആമാശയം , രക്തം എന്നിവയുടെ ചീഫ് കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി റിപ്പോർട്ട് കൂടി ലദ്യമായാലേ വിഷം ഉള്ളിൽ ചെന്നാണോ മരണം , മരണത്തിന് ശേഷം ടൗവ്വൽ ടർക്കിയിൽ കെട്ടി തൂക്കിയതാണോയെന്ന കാര്യങ്ങളിൽ വ്യക്തത വരുകയുള്ളു. കെമിക്കൽ ഫലത്തിനായി കാക്കുകയാണ് പൊലീസ്.

2021 ജൂൺ 21 ന് വെളുപ്പിന് 3 മണിയോടെയാണ് കിരണിന്റെ വീടായ ശാസ്താംകോട്ട പോരുവഴി അമ്പലത്തും ഭാഗം ചന്ദ്രവിലാസം വീട്ടിൽ ഒന്നാം നിലയിൽ ദമ്പതികളുടേ കിടപ്പുമുറിയോട് ചേർന്നുള്ള കുളിമുറിയിലെ ജനൽ കമ്പിയിൽ ടൗവൽ ടർക്കിയിൽ തൂങ്ങി മരിച്ച നിലയിൽ വിസ്മയയെ കണ്ടതായി കിരൺ വെളിപ്പെടുത്തിയത്. കിരൺ തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും ഭാര്യ വീട്ടുകാർ സിസിയിട്ട് എടുത്തു നൽകിയ 10 ലക്ഷത്തിന്റെ ടൊയോറ്റ കാർ വിറ്റ് 10 ലക്ഷം രൂപ നൽകണമെന്നുമാവശ്യപ്പെട്ട് ദേഹോപദ്രവം ഏൽപ്പിച്ചതിന്റെ തെളിവായി ശരീരത്തിലുള്ള പരിക്കിന്റെ ചിത്രങ്ങളും സന്ദേശങ്ങളും വിസ്മയ മാതാപിതാക്കൾക്കും കൂട്ടുകാരികൾക്കും വാട്ട്‌സ്ആപ്പ് അയച്ചിരുന്നു. മരണത്തിന് മണിക്കൂറുകൾ മുമ്പ് മർദ്ദനപാടുകൾ ഉള്ള ഫോട്ടോ വിസ്മയ സഹോദരന് അയച്ചു.

ഇതേച്ചൊല്ലിയും കിരൺ വിസ്മയയുമായി വഴക്കുണ്ടാക്കി ഫോൺ പിടിച്ചു വാങ്ങി ഒളിപ്പിച്ചു വച്ചു. വീട്ടുകാരുമായി ബന്ധപ്പെടാതിരിക്കാൻ പലപ്പോഴായി 5 ഫോണുകൾ തല്ലിപ്പൊട്ടിച്ചു കളഞ്ഞു. മാതാപിതാക്കളുടെ നമ്പരുകൾ കിരൺ ബ്ലോക്കും ചെയ്തു. മദ്യപിച്ചും ലഹരി ഉപയോഗിച്ചും വിസ്മയയെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കിരൺ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. 2020 മെയ് മാസത്തിലാണ് ഇരുവരുടെയും വിവാഹം നായർ മാട്രിമോണി വെബ് സൈറ്റ് മുഖേന നടന്നത്. 101 പവനും 1 ഏക്കർ 20 സെന്റ് സ്ഥലവും ഭാര്യ പിതാവിന്റെ പേരിൽ സിസിയുള്ള 10 ലക്ഷം രൂപയുടെ ടൊയോറ്റ കാറുമാണ് സ്ത്രീധനമായി കിരൺ വാങ്ങിയത്. കാർ മൈലേജില്ലാത്തതിനാൽ ഇഷ്ടമായില്ലെന്നും പുതിയ കാറെടുക്കാൻ ഈ കാർ വിറ്റ് ഉടൻ 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് വിസ്മയയെ മർദ്ദിക്കുന്നത് പതിവാക്കി. 2021 ജനുവരി 5 ന് അർദ്ധരാത്രി കിരൺ മദ്യപിച്ച് ഇതേ കാറിൽ വിസ്മയെയും കൊണ്ട് അമിത വേഗതയിൽ ഓടിച്ച് കൊണ്ട് വിസ്മയയുടെ വീട്ടിൽ കൊണ്ടുചെന്നു. വിസ്മയയെ വീട്ടുകാരുടെ മുന്നിലിട്ട് മർദിച്ചു. തടയാൻ ചെന്ന സഹോദരനെയും ക്രൂരമായി മർദ്ദിച്ച് എല്ലിന് സ്ഥാനചലനം സംഭവിപ്പിച്ചു.

വിവരമറിയിച്ചതിനു പിന്നാലെ ചടയമംഗലം എസ് ഐ കിരണിനെ മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ചതിന് വഴിയിലിട്ട് പിടികൂടിയെങ്കിലും എസ്‌ഐയെയും കിരൺ ആക്രമിച്ച് യൂണിഫോം വലിച്ചു കീറി. കിരണിനെ വിലങ്ങിട്ട് വിസ്മയയുടെ വീട്ടിൽ എത്തിച്ച് തിരിച്ചറിയിച്ച ശേഷം മെഡിക്കൽ എടുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ പിറ്റേന്ന് സ്റ്റേഷനിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെത്തി വിസ്മയയുടെ സഹോദരനുമായി മധ്യസ്ഥ ചർച്ച നടത്തി ഇനിയൊരു പ്രശ്‌നമുണ്ടാക്കില്ലെന്ന ധാരണയിൽ ഒത്തു തീർപ്പാക്കി. പ്രശ്‌നം രമ്യമായി പരിഹരിച്ചതായി ഇരുഭാഗത്തെയും കൊണ്ട് ഒപ്പിടുവിച്ച് വാങ്ങിയ എസ് ഐ സ്റ്റേഷനിലെ പരാതി രജിസ്റ്റർ ക്ലോസ് ചെയ്യുകയായിരുന്നു.

സംഭവ ദിവസമായ ജൂൺ 21 രാത്രി 10.30 മണിക്ക് അത്താഴം കഴിഞ്ഞ ശേഷം കിരണും വിസ്മയയും ഒന്നാം നിലയിലെ ബെഡ് റൂമിൽ ഉറങ്ങാൻ പോയെന്നും പുലർച്ചെ 2.30 മണിയോടെ താൻ ടോയ്‌ലെറ്റിൽ പോകാൻ എണീറ്റപ്പോൾ ഇരുവരും തമ്മിലുള്ള വഴക്ക് കേട്ട് മുകളിൽ ചെന്നപ്പോൾ വിസ്മയക്ക് പിറ്റേന്ന് വീട്ടിൽ പോകണമെന്ന് പറഞ്ഞതായും പിറ്റേന്ന് കൊണ്ടാക്കാമെന്ന് താൻ പറഞ്ഞതായും എന്നാൽ 3 മണിയോടെ കിരണിന്റെ നിലവിളി കേട്ട് മുകളിൽ ചെന്നപ്പോൾ കുളിമുറിയിൽ നിന്ന് വിസ്മയയെ പുറത്തെടുത്ത് കിരൺ പ്രഥമ ശുശ്രൂഷ നൽകുന്ന കാഴ്ചയാണ് താൻ കണ്ടതെന്നുമാണ് കിരണിന്റെ പിതാവ് പൊലീസിൽ നൽകിയിരിക്കുന്ന മൊഴി. അതേ സമയം രണ്ടു മണിക്കൂർ വൈകിച്ച് 5.15 മണിക്കാണ് വിസ്മയയെ ആശുപത്രിയിലെത്തിച്ചത്.

രണ്ടു മണിക്കൂർ മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. 5.15 മണിയോടെയാണ് വിസ്മയയുടെ വീട്ടിലും കിരണിന്റെ വീട്ടുകാർ വിവരമറിയിച്ചത്. മരിച്ച ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും വിസ്മയയുടെ സഹോദരനോട് ഡോക്ടർ പറഞ്ഞു. സംഭവ ദിവസം ' ലോക ഫാദേഴ്‌സ് ഡേ ' യ്ക്ക് വിസ്മയ നിലമേൽ കൈതോട് താമസിക്കുന്ന പിതാവിന് വാട്ട്‌സാപ്പിലൂടെ ആശംസ നേർന്നതിനും കിരൺ വഴക്കുണ്ടാക്കി. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഇടുന്നതിനെയും എതിർത്തിരുന്നു. പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനാൽ പരീക്ഷക്ക് പോകാൻ ആയിരം രൂപ വിസ്മയ സ്വന്തം മാതാവിനോട് ചോദിച്ചതായും സാക്ഷിമൊഴികളുണ്ട്.

വിസ്മയുടെ തുട ഭാഗത്ത് രക്തം കട്ടപിടിച്ച നിലയിലും കൈത്തണ്ടയിലെ ഞെരമ്പ് മുറിച്ച നിലയിലുമാണ് മൃതദേഹം കാണപ്പെട്ടത്. കൊല്ലം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് എൻഫോഴ്‌സ്‌മെന്റ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറാണ് കിരൺ. പന്തളം കോളേജിൽ ബി എ എം എസ് മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് വിസ്മയ. വിദേശ മലയാളിയും പൊതു പ്രവർത്തകനുമായ ത്രിവിക്രമൻനായരാണ് പിതാവ്. ശൂരനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.