- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ്മയ കേസിൽ കിരൺ കുമാറിനെ പിരിച്ചുവിട്ടു എന്ന പ്രചാരണം ശരിയല്ല; ഗതാഗത കമ്മീഷണറുടെ ഉത്തരവിൽ താൽകാലികമായി പിരിച്ചുവിട്ടു എന്നുമാത്രം; മറുപടി നൽകാൻ 15 ദിവസം സമയവും; മുഖ്യമന്ത്രിയുടെ ഒത്താശയോടെ ഗതാഗത മന്ത്രി ജനങ്ങളെ വിഡ്ഢികൾ ആക്കുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകൻ ആളൂർ; കുറ്റം തെളിയിക്കപ്പെടേണ്ടത് കോടതിയിൽ എന്നും വാദം
കൊച്ചി: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് അസി.മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറായ ഭർത്താവ് കിരൺകുമാറിനെ പിരിച്ചുവിട്ടുവെന്ന് പ്രചാരണം ശരിയല്ലെന്ന് കേസിലെ പ്രതിഭാഗം. മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ചേർന്നുള്ള രാഷ്ട്രീയമുതലെടുപ്പ് മാത്രമാണ് ഇതൈന്ന് അഡ്വ.ബി എ ആളൂർ പറഞ്ഞു.
കിരൺകുമാറിനെ താൽകാലികമായി പിരിച്ചുവിട്ടു എന്നുമാത്രമാണ് ഗതാഗതവകുപ്പ് കമ്മീഷണറുടെ ഉത്തരവിലുള്ളത്. ആക്ഷേപം ബോധിപ്പിക്കാൻ 15 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. ഈ മാസം 6-നാണ്് ഉത്തരവിറങ്ങിയിട്ടുള്ളത്. നാല് പേജുവരുന്ന മെമോയാണ് കിരൺകുമാറിന്റെ വിഷയത്തിൽ ഗതാഗതവകുപ്പ് കമ്മീഷണർ നൽകിയിരിക്കുന്നത്. സംഭവത്തിൽ കിരൺകുമാറിനോട് മറുപടി നൽകാനാണ് ഗതാഗതവകുപ്പ് കമ്മീഷണർ ആവശ്യപ്പെട്ടിട്ടുള്ളത്. താൽക്കാലിക ഉത്തരവാണ് ഇതെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ ഉത്തരവ് സ്ഥിരപ്പെടുത്തുമെന്നുമാണ് സൂചിപ്പിച്ചിട്ടുള്ളത്.
ഉത്തരവ് ഇത്തരത്തിലാവുമ്പോൾ കിരൺകുമാറിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു എന്നുപറയുന്നത് പൂർണ്ണ അർത്ഥത്തിൽ ശരിയല്ല. ഈ പ്രശ്നത്തിൽ പത്രസമ്മേളനം വിളിച്ചുകൂട്ടി മുഖ്യമന്ത്രിയുടെ ഒത്താശയോടെ ഗതാഗതവകുപ്പുമന്ത്രി ജനങ്ങളെ വിഡ്ഡികൾ ആക്കുന്നുവെന്നാണ്് കിരൺകുമാറിന്റെ അഭിഭാഷകനായ ആളൂരിന്റെ വാദം.
സർക്കാർ ചെയ്യുന്ന കാര്യങ്ങളിലെ സുതാര്യതയിലും ഈ സംഭവം സംശയം ഉണ്ടാക്കുന്നുണ്ട്. ആരോപണവിധേയന് എതിരെയുള്ള കുറ്റം തെളിഞ്ഞിട്ടാണോ നടപടിയെടുത്തത് എന്ന വിഷയം പരിശോധിക്കപ്പെടണം. കുറ്റം തെളിയിക്കപ്പെടേണ്ടത് കോടതിയിലാണ്. കിരൺകുമാറിന്റെ കാര്യത്തിൽ ഇത്തരത്തിൽ കോടതി ഇടപെടലുകൾ ഉണ്ടായിട്ടില്ല.
വിസ്മയുടെ കുടുംബം മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും സ്വാധീനിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. ഗതാഗതവകുപ്പ് കമ്മീഷണർ നൽകിയട്ടുള്ള ഉത്തരവിന് കിരൺകുമാർ നിയമപരമായി ഒരു മറുപടി തയ്യാറാക്കി നൽകണം. ഇതിനുശേഷമുള്ള കാര്യങ്ങൾ ഇപ്പോൾ തീരുമാനിക്കാനാവില്ലെന്നും ആളൂർ വ്യക്തമാക്കി.
കിരൺ കുമാറിനെ പിരിച്ചുവിട്ടത് സർവീസ് ചട്ടപ്രകാരം
കേരള സിവിൽ സർവീസ് ചട്ടം അനുസരിച്ചാണ് നടപടി. സംസ്ഥാന മോട്ടോർ വാഹന വകുപ്പ് കൊല്ലം റീജണൽ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺകുമാറിനെ പിരിച്ചുവിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. നേരത്തെ കിരൺകുമാറിനെ സർവീസിൽ നിന്ന് നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
വകുപ്പുതല അന്വേഷണത്തിൽ കിരണിനെതിരായ കുറ്റങ്ങൾ തെളിഞ്ഞതാണെന്നും വകുപ്പിന്റെ അന്തസിന് ഇടിവുണ്ടായെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. സ്ത്രീധനത്തെ ചൊല്ലിയുടെ പീഡനത്തെ തുടർന്ന് ഭാര്യ മരണപ്പെട്ടത് മൂലം ഭർത്താവിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് കേരളത്തിൽ ആദ്യമായിട്ടാണ്. അതിനുള്ള വകുപ്പുണ്ടെന്നും അത് പലപ്പോഴും പ്രയോഗിക്കാറില്ലെന്നും മന്ത്രി പറഞ്ഞു.
സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തിനെതിരേ ശക്തമായ നടപടി കൈക്കൊള്ളുന്ന ഗവൺമെന്റാണിതെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയിലും പുറത്തും വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ ഇത് നല്ലൊരു സന്ദേശമാണ്. പൊലീസ് നടപടിക്രമവുമായി ഇതിന് ബന്ധമില്ല. സർക്കാരിനുള്ള അധികാരം ഉപയോഗിച്ച് നടപടി സ്വീകരിച്ചു. പൊലീസിനുള്ള അധികാരം ക്രിമിനൽ കേസ് എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അന്വേഷണം പൂർത്തിയാകും മുൻപ് പിരിച്ചുവിടുന്നത് അത്യപൂർവ നടപടിയാണ്. കിരണിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ല. പിരിച്ചുവിട്ടതിനാൽ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഇനി കിരണിന് ലഭിക്കില്ല. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും കേസെടുത്തിരുന്നു.
ജൂൺ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീപീഡനത്തെ തുടർന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺകുമാർ സ്ത്രീധനത്തിന്റെ പേരിൽ വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം.
മറുനാടന് മലയാളി ലേഖകന്.